
ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കമാര് ദേബിനെതിരെ ബിജെപിയില്‍ പടയൊരുക്കം. ബിപ്ലബിനെ തല്‍സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെട്ട് ഏഴ് വിമത എംഎല്‍എമാര്‍ ബിജെപി കേന്ദ്രനേതൃത്വത്തെ സമീപിച്ചു. ബിപ്ലബിന്റേത് സ്വേച്ഛാധിപത്യ ഭരണമാണെന്നും അദ്ദേഹത്തിന് ജനപ്രീതിയില്ലെന്നും ആരോപിച്ചുകൊണ്ടാണ് വിമതര്‍ ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ അടക്കമുള്ള നേതാക്കളെ കാണാന്‍ ദില്ലിയിലെത്തിയത്. സുദീപ് റോയ് ബെര്മ്മന്റെ നേതൃത്വത്തിലുള്ള എംഎല്‍എമാരുടേതാണ് ആരോപണം.
ബിപ്ലബ് കുമാര്‍ ദേവിനെ തല്‍സ്ഥാനത്തുനിന്നും നീക്കം ചെയ്തില്ലെങ്കില്‍ കമ്മ്യൂണിസ്റ്റുകാര്‍ ഭരണം പിടിച്ചടക്കുമെന്ന് ബെര്മ്മന്റെ നേതൃത്വത്തിലുള്ള വിമതര്‍ പാര്‍ട്ടി നേതൃത്വത്തെ ധരിപ്പിക്കുമെന്നാണ് വിവരം. ബെര്‍മ്മന്‍ കൂടാതെ സുശാന്ത ചൗധരി, ആശിഷ് സാഹ, ആശിഷ് ദാസ്, ദിവചന്ദ്ര രങ്കല്‍, മോഹന്‍ ത്രിപുര, പരിമാള്‍ ദേബ് ബര്‍മ്മ, റാം പ്രസാദ് പാല് എന്നിവരാണ് ബിപ്ലബിനെതിരെ പരാതിയുമായി ദില്ലിയിലെത്തിയത്.
മുഖ്യമന്ത്രി എംഎല്‍എമാരെ വിശ്വാസത്തിലെടുക്കുന്നില്ലെന്നും സ്വേച്ഛാധിപത്യഭരണമാണ് നടക്കുന്നതെന്നുമാണ് എംഎല്‍എമാരുടെ പ്രധാന പരാതി. മുഖ്യമന്ത്രിയ്ക്ക് നിലവില്‍ രണ്ടിലേറെ വകുപ്പുകളുടെ ചുമതലയുണ്ട്. തൊഴിലാളികള്‍ക്കും കച്ചവടക്കാര്‍ക്കും സാധാരണക്കാര്‍ക്കും ബിപ്ലബിന്റെ ഭരണത്തില്‍ അതൃപ്തിയാണുള്ളതെന്നും ദീര്‍ഘകാലം ഭരണം വേണമെങ്കില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്നും എംഎല്‍എമാര്‍ പാര്‍ട്ടി നേതൃത്വത്തോട് ആവശ്യപ്പെട്ടു.
ആഭ്യന്ത്രമന്ത്രി അമിത് ഷാ, പ്രധാനമന്ത്രി നരേന്ദ്രമോദി എന്നിവരുമായും വിമത എംഎല്‍എമാര്‍ കൂടിക്കാഴ്ച്ച നടത്തിയേക്കുമെന്നാണ് സൂചന. എന്നാല്‍ വിമതരുടെ നീക്കം സര്‍ക്കാരിന് ഭീഷണിയല്ലെന്ന് ബിപ്ലബിനോട് അടുത്ത വൃത്തങ്ങള്‍ സൂചിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. സര്‍ക്കാര്‍ സുരക്ഷിതരാണെന്നും ഏഴ് എംഎല്‍എമാരെക്കൊണ്ട് സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സാധിക്കില്ലെന്നും ത്രിപുര ബിജെപി സംസ്ഥാന പ്രസ്ിഡന്റ് മാണിക് സാഹ അറിയിച്ചു.
- TAGS:
- Biplab Deb
- BJP
- Tripura cm