‘ഡിജിറ്റല്‍ വിഭജനം’: ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തത് 7 ലക്ഷം കുട്ടികള്‍ക്ക്, ഭൂരിഭാഗവും ദളിത് വിഭാഗത്തിലുള്ളവരെന്ന് പ്രതിപക്ഷം സഭയില്‍
ഡിജിറ്റല്‍ വിഭജനത്തിന്റെ തോത് കുറച്ചുകൊണ്ട് വരാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
3 Jun 2021 5:22 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കൊവിഡ് വ്യാപന ഭീഷണി മൂലം സംസ്ഥാനം അവലംബിച്ച ഓണ്‍ലൈന്‍ പഠനരീതിയുടെ പോരായ്മകള്‍ നിയമസഭയില്‍ ചൂണ്ടിക്കാട്ടി പ്രതിപക്ഷം. സംസ്ഥാനത്താകെ ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലാത്തത് ഏഴ് ലക്ഷം കുട്ടികള്‍ക്കാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന് പറഞ്ഞു.ഈ കുട്ടികളില്‍ ഭൂരഭാഗവും വരുന്നത് പട്ടികജാതി, പട്ടിക വര്‍ഗ, മത്സ്യത്തൊഴിലാളി, പിന്നോക്ക കുടുംബങ്ങളില്‍ നിന്നാണെന്നും പ്രതിപക്ഷം ചൂണ്ടിക്കാട്ടി. ചരിത്രപരമായ കാരണങ്ങളാല്‍ വിദ്യാഭ്യാസത്തില്‍ പലവിധ വെല്ലുവിളികള്‍ നേരിടുന്ന ഈ കുട്ടികള്‍ ഓണ്‍ലൈന്‍ സമ്പ്രദായത്തില്‍ വീണ്ടും പുറത്തുപോകുകയാണെന്ന് പ്രതിപക്ഷം ആരോപിച്ചു. യുഡിഎഫ് അടിയന്തര പ്രമേയത്തിലൂടൊണ് ഇക്കാര്യം സഭയെ അറിയിച്ചത്.
ഇടതുചായ്വുള്ള ശാസ്ത്ര സാഹിത്യപരിഷത്തിന്റെ പഠന റിപ്പോര്‍ട്ട് തന്നെ ഉദ്ധരിച്ചാണ് പ്രതിപക്ഷ നേതാവ് ഏഴ് ലക്ഷം കുട്ടികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് പുറത്താണെന്ന് ചൂണ്ടിക്കാട്ടിയത്. ഡിജിറ്റല്‍ വിഭജനത്തിന്റെ തോത് കുറച്ചുകൊണ്ട് വരാന്‍ സര്‍ക്കാര്‍ യാതൊന്നും ചെയ്തില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പല കാരണങ്ങള്‍ കൊണ്ട് ലൈവ് സെഷന്‍സ് നഷ്ടപ്പെടുന്ന കുട്ടികള്‍ക്ക് പിന്നീട് മറ്റുകുട്ടികള്ക്കൊപ്പമെത്താന് കഷ്ടപ്പെടേണ്ടി വരുന്നുണ്ടെന്നും അവര്‍ക്ക് ഉപേക്ഷിക്കപ്പെട്ടെന്ന തോന്നലുണ്ടാകുന്നുവെന്നും വിഡി സതീശന് പറഞ്ഞു. ഒരു സ്മാര്‍ട്ട് ഫോണ്‍ മാത്രമുള്ള നിരവധി വീടുകള്‍ കേരളത്തിലുണ്ട്. ഈ വീടുകളില്‍ രണ്ട് കുട്ടികളുണ്ടെങ്കില്‍ ഒരേ സമയത്ത് നടക്കുന്ന ക്ലാസുകളില്‍ കുട്ടികള്‍ക്ക് പങ്കെടുക്കാനാവാതെ വരുന്നുണ്ടെന്നും പ്രതിപക്ഷ നേതാവ് സഭയുടെ ശ്രദ്ധയില്‍പ്പെടുത്തി.
2.6 ലക്ഷം കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്നാണ് പ്രാഥമികമായി കണ്ടെത്തിയിരിക്കുന്നതെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. എല്ലാ വിദ്യാര്‍ഥികള്‍ക്കും ഓണ്‍ലൈന്‍ പഠന സൗകര്യം ഉറപ്പുവരുന്നതിനാണ് ട്രയല്‍ റണ്‍ നടത്താന്‍ തീരുമാനിച്ചത്. ഇതിനായി സമഗ്രശിക്ഷ അഭിയാന്റെ നേതൃത്വത്തില്‍ ഡിജിറ്റല്‍ വീഡിയോ ക്ലാസിനിരിക്കാന് ബുദ്ധിമുട്ടുള്ള കുട്ടികളെ കണ്ടെത്തുന്നതിനായി സര്‍വ്വേ നടത്തിയെന്നും മന്ത്രി മറുപടി പറഞ്ഞു. മന്ത്രിയുടെ മറുപടി വ്യക്തമാണെന്നും വിഷയത്തില്‍ തുടര്‍ ചര്‍ച്ചയുടെ ആവശ്യമില്ലെന്നും സ്പീക്കര്‍ എംബി രാജേഷ് അറിയിച്ചു.