Top

ഇന്ത്യ-യുകെ വിമാനസർവീസുകൾ പുനരാരംഭിച്ചു, യാത്രികർക്ക് നിർബന്ധിത ക്വാറന്റൈൻ; നിർദേശങ്ങൾ ഇങ്ങനെ

യുകെയിൽ നിന്നും എത്തിയ യാത്രക്കാർ ഏഴ് ദിവസത്തെ നിർബന്ധിത ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ പോകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

8 Jan 2021 5:59 AM GMT

ഇന്ത്യ-യുകെ വിമാനസർവീസുകൾ പുനരാരംഭിച്ചു, യാത്രികർക്ക് നിർബന്ധിത ക്വാറന്റൈൻ; നിർദേശങ്ങൾ ഇങ്ങനെ
X

ജനിതകമാറ്റം വന്ന കൊറോണയെ ഇന്ത്യയിലും കണ്ടെത്തിയ ആശങ്കകൾക്കിടെ എയർ ഇന്ത്യയുടെ വിമാനം യുകെയിൽ നിന്നും ഡൽഹിയിലേക്കെത്തി. 246 യാത്രക്കാരുമായിട്ടാണ് എയർ ഇന്ത്യ വിമാനം യുകെയിൽ നിന്നും ഡൽഹിയിലേക്കെത്തിയത്. എന്നാൽ യുകെയിൽ നിന്നും എത്തിയ യാത്രക്കാർ ഏഴ് ദിവസത്തെ നിർബന്ധിത ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനിൽ പോകണമെന്ന് ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ പറഞ്ഞു.

യാത്രക്കാരുടെ ടെസ്റ്റ് ഫലം നെഗറ്റീവാണെങ്കിലും ഒരാഴ്ച്ചത്തെ ഇന്സ്ടിട്യൂഷണൽ ക്വാറന്റൈനും പിന്നീട് ഒരാഴ്ച നീണ്ടു നിൽക്കുന്ന ഹോം ക്വാറന്റൈനും പാലിക്കണമെന്നാണ് ഡൽഹി ഭരണകൂടം അറിയിക്കുന്നത്. തന്റെ ട്വിറ്ററിലൂടെയാണ് ഡൽഹി മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചിട്ടുള്ളത്. ഡൽഹി നിവാസികൾക്കിടയിൽ പുതിയ രോഗത്തിന്റെ വ്യാപനം തടയാനായിട്ടാണ് ഈ നിയന്ത്രണങ്ങൾ.

രോഗവ്യാപന ശേഷി കൂടുതലുള്ള കൊറോണ വൈറസിനെ കുറിച്ചുള്ള ആശങ്കകൾക്കിടയിലാണ് യുകെയിൽ നിന്നുള്ള എയർ ഇന്ത്യ വിമാനം ദില്ലിയിൽ എത്തിയിട്ടുള്ളത്. രോഗവ്യാപനം തടയാനായി ഡിസംബർ 23ന് നിർത്തി വെച്ചിരുന്ന ഇന്ത്യ-യുകെ വിമാനസർവീസുകൾ ഇന്ന് പുനരാരംഭിക്കുകയായിരുന്നു. നിലവിൽ 82 പേർക്കാണ് രാജ്യത്ത് ജനിതകമാറ്റം വന്ന കൊറോണ ബാധ ഏറ്റിട്ടുള്ളത്.

അതേസമയം ആഴ്ചയിൽ 30 വിമാനങ്ങൾ സർവീസ് നടത്തുമെന്നാണ് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് പുരി അറിയിക്കുന്നത്. ഇന്ത്യൻ-യുകെ വിമാനക്കമ്പനികൾ 15 വീതം സർവീസാണ് ഇതിനായി നടത്തുക. ജനുവരി 23 വരെ ഇത് തുടരുമെന്ന് അദ്ദേഹം പറഞ്ഞു. യുകെയിൽ നിന്നുള്ള വരവിനും പിന്നീട് സ്വന്തം നഗരങ്ങളിലേക്കുള്ള വിമാന യാത്രകൾക്കും ഇടയിൽ കുറഞ്ഞത് 10 മണിക്കൂർ ഇടവേള എങ്കിലും പാലിക്കണമെന്നും ദില്ലി വിമാനത്താവളം യാത്രക്കാരോട് നിർദ്ദേശിച്ചിട്ടുണ്ട്.

Popular Stories

    Next Story