മലപ്പുറത്ത് 65-കാരിയെ അജ്ഞാതന്‍ തലക്കടിച്ച് കൊന്നു; കൊലപാതകത്തിന് പിന്നില്‍ പരിചയക്കാരെന്ന് സംശയം

മലപ്പുറം: കുറ്റിപ്പുറത്തിനടുത്ത് നടുവട്ടത്ത് തനിച്ച് താമസിച്ചിരുന്ന വൃദ്ധയെ അജ്ഞാതന്‍ തലക്കടിച്ച് കൊലപ്പെടുത്തി. 65-കാരിയായ കുഞ്ഞി പാത്തുമ്മയാണ് കൊല്ലപ്പെട്ടത്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ഇവര്‍ക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നുവെന്നാണ് അയല്‍വാസികള്‍ അറിയിക്കുന്നത്.

കഴിഞ്ഞ ദിവസം രാവിലെ മുതല്‍ കുഞ്ഞിപ്പാത്തുമ്മ താമസിക്കുന്ന വീടിന്റെ വാതില്‍ തുറന്നു കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട അയല്‍വാസിയായ ഒരാള്‍ വീടിനടുത്ത് വന്നു നോക്കിയപ്പോഴാണ് ചവിട്ടുപടിയില്‍ രക്തം വാര്‍ന്നൊഴുകി തളംകെട്ടി നില്‍ക്കുന്നത് കണ്ടത്. പിന്നീട് നടത്തിയ പരിശോധനയില്‍ തലക്ക് അടിയേറ്റ രക്തം വാര്‍ന്ന നിലയില്‍ അബോധാവസ്ഥയില്‍ കുഞ്ഞിപ്പാത്തുമ്മയെ കണ്ടെത്തി. തുടര്‍ന്ന് വിളിച്ചുണര്‍ത്താന്‍ ശ്രമിച്ചെങ്കിലും അനക്കമോ ശ്വാസോച്ഛ്വാസം ഉണ്ടായിരുന്നില്ല.

തുടര്‍ന്ന് ഇയാള്‍ തന്നെയാണ് പൊലീസില്‍ വിവരം അറിയിച്ചത്. പോലീസും ഫോറന്‍സിക് വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി. ഭാരമുള്ള എന്തോ വസ്തു ഉപയോഗിച്ച് ആരോ തലക്കടിച്ചു കൊന്നിരിക്കാം എന്നാണ് പോലീസിന്റെ നിഗമനം. കുഞ്ഞി പത്തുമ്മയെ അറിയാവുന്ന ഒരാള്‍ തന്നെയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പൊലീസ് കരുതുന്നത്.

കഴിഞ്ഞദിവസം വൈകിട്ട് നാലുമണിവരെ കുഞ്ഞിപ്പാത്തുമ്മയെ അയല്‍വാസികള്‍ കണ്ടിരുന്നു. വര്‍ഷങ്ങളായി തനിച്ച് താമസിക്കുന്ന ഇവര്‍ക്ക് ഏറ്റവും അടുത്ത ബന്ധുക്കള്‍ ഒന്നുംതന്നെയില്ല. നാട്ടുകാരുടെ സഹായത്തോടെ ആണ് ഇവര്‍ നിത്യ ജീവിതം നയിച്ചിരുന്നത്. സംഭവം നടന്ന സ്ഥലം മലപ്പുറം ജില്ലാ പോലീസ് മേധാവി സന്ദര്‍ശിച്ചു.

Also Read: കുഴല്‍നാടന്‍ വേട്ടക്കാരന്റെ വക്കീലായും ഗോഡ്ഫാദറായും ഇരയെ വേട്ടയാടുന്നെന്ന് ഡിവൈഎഫ്‌ഐ; ‘കൊച്ചുകുട്ടിയെ പീഡിപ്പിച്ച സംഭവം ലഘൂകരിക്കാന്‍ ശ്രമം’

Covid 19 updates

Latest News