
ഉത്തർപ്രദേശ് : കേന്ദ്ര സർക്കാരിന്റെ കാർഷിക നിയമങ്ങൾക്കെതിരെ പ്രതിഷേധം നയിക്കുന്ന ആറ് കർഷക നേതാക്കൾക്ക് നോട്ടീസ് അയച്ച് സാംബാൽ ജില്ലാ ഭരണകൂടം. കാർഷിക പ്രതിഷേധത്തിനിടെ ഇവർ സമാധാനം ലംഘിക്കുമെന്ന പൊലീസ് മുന്നറിയിപ്പിനെ തുടർന്നാണ് കർഷക നേതാക്കൾക്ക് നോട്ടീസ് നൽകിയിട്ടുള്ളത്. ആറുപേരും 50,000രൂപ വീതം വ്യക്തിഗത ബോണ്ടുകൾ സമർപ്പിക്കണമെന്നാണ് ഭരണകൂടം ആവശ്യപ്പെട്ടിരിക്കുന്നത്.
ഭാരതീയ കിസാൻ യൂണിയൻ (അസ്ലി) ജില്ലാ പ്രസിഡന്റ് രാജ്പാൽ സിംഗ് യാദവ്, കർഷക നേതാക്കളായ ജയ് വീർ സിംഗ്, ബ്രഹ്മചാരി യാദവ്, സതേന്ദ്ര യാദവ്, റൗ ദാസ്, വീർ സിംഗ് എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. ജില്ലയിൽ കാർഷിക പ്രതിഷേധം സംഘടിപ്പിക്കുന്ന പ്രധാനനേതാക്കൾ ഇവരാണ്.
കൃഷിക്കാരെ പ്രേരിപ്പിച്ച് സംഘർഷാവസ്ഥ സൃഷ്ടിക്കാൻ ചില വ്യക്തികൾ ശ്രമിക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് ഹയത്നഗർ പൊലീസ് സ്റ്റേഷനിൽ നിന്ന് ലഭിച്ചിട്ടുണ്ടെന്നും, 50 ലക്ഷം രൂപ വീതമുള്ള വ്യക്തിഗത ബോണ്ടുകൾ നൽകാൻ അവരോട് ആവശ്യപ്പെടേണ്ടതാണെന്നും റിപ്പോർട്ടിൽ പറയുന്നതായി സബ് ഡിവിഷണൽ മജിസ്ട്രേറ്റ് ദീപേന്ദ്ര യാദവ് പറഞ്ഞു.
എന്നാൽ ഈ തുക വളരെ കൂടുതലാണെന്ന് കർഷകർ പരാതിപ്പെടുകയായിരുന്നു. തുടർന്ന് ഉദ്യോഗസ്ഥ പിഴവെന്ന് ചൂണ്ടിക്കാട്ടി പൊലീസ് 50000രൂപയുടെ വ്യക്തിഗത ബോണ്ടുകൾ സമർപ്പിക്കാനുള്ള മറ്റൊരു റിപ്പോർട്ട് നൽകിയതായും ദീപേന്ദ്ര യാദവ് പറഞ്ഞു. പൊലീസ് സമർപ്പിച്ച ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രിമിനൽ നടപടിക്രമത്തിലെ സെക്ഷൻ 111 ചുമത്തി നോട്ടീസ് നൽകിയിട്ടുണ്ട്.
എന്നാൽ യാതൊരു വിധ ബോണ്ടിനും കീഴടങ്ങാൻ ഉദ്ദേശിച്ചിട്ടില്ലെന്നും അവർക്ക് തങ്ങളെ ജയിലിലേക്ക് അയക്കുകയോ, തൂക്കിക്കൊല്ലുകയോ ചെയ്യാമെന്നുമാണ് ഭാരതീയ കിസാൻ യൂണിയൻ ജില്ലാ പ്രസിഡന്റ് രാജ്പാൽ സിംഗ് യാദവ് പ്രതികരിച്ചത്. ‘കർഷകരുടെ അവകാശത്തിന് വേണ്ടി ഞങ്ങൾ സമാധാനപരമായാണ് സംഘടിക്കുന്നതും സമരം ചെയ്യുന്നതും. അല്ലാതെ യാതൊരു നിയമലംഘനവും നടത്തുന്നില്ല’, അദ്ദേഹം കൂട്ടിച്ചേർത്തു.