Top

എന്തുകൊണ്ട് ജിഡിപിയില്‍ രാജ്യം ബംഗ്ലാദേശിലും താഴേക്ക്; 5 കാരണങ്ങള്‍

എന്തുകൊണ്ട് ജിഡിപി നിരക്കില്‍ ബംഗ്ലാദേശ് ഇന്ത്യയേയും പിന്നിലാക്കുന്നു?പ്രധാനപ്പെട്ട അഞ്ച് കാരണങ്ങല്‍ ഇവയാണ്.

15 Oct 2020 2:20 AM GMT
പാർവതി ബി

എന്തുകൊണ്ട് ജിഡിപിയില്‍    രാജ്യം ബംഗ്ലാദേശിലും താഴേക്ക്; 5 കാരണങ്ങള്‍
X

ആളോഹരി ആഭ്യന്തര മൂലധനത്തിന്റെ കാര്യത്തില്‍ ഇന്ത്യ ബംഗ്ലാദേശിനേക്കാള്‍ പിന്നിലേക്ക് കൂപ്പുകുത്തുമെന്ന അന്താരാഷ്ട്ര നാണയനിധിയുടെ പ്രവചനം കഴിഞ്ഞദിവസമാണ് പുറത്തുവന്നത്. ഇതിനെത്തുടര്‍ന്ന്് രൂക്ഷവിമര്‍ശനമാണ് മോഡിസര്‍ക്കാര്‍ നേരിടുന്നത്. കൊവിഡ് പ്രതിരോധത്തിന് ഏര്‍പ്പെടുത്തിയ ലോക്ക്ഡൗണ്‍ കാരണം രാജ്യത്തിന്റെ ജിഡിപി നിരക്കില്‍ ഇടിവുണ്ടായെന്നാണ് ഐഎംഎഫ് വിലയിരുത്തല്‍. അതേസമയം സമ്പദ്‌വ്യവസ്ഥയുടെ വലുപ്പത്തില്‍ ഇന്ത്യയ്ക്ക്‌ പുറകിലായിരുന്ന ബംഗ്ലാദേശ്, നേപ്പാള്‍, ഭൂട്ടാന്‍ മുതലായ രാജ്യങ്ങള്‍ കൊവിഡ് കാലത്ത് ചിട്ടയായി സാമ്പത്തികനില മെച്ചപ്പെടുത്തുന്നകാഴ്ച്ചയാണ് കണ്ടത്. ഇതെങ്ങനെ സംഭവിക്കുന്നു? എന്തുകൊണ്ട് ജിഡിപി നിരക്കില്‍ ബംഗ്ലാദേശ് ഇന്ത്യയേയും പിന്നിലാക്കുന്നു?പ്രധാനപ്പെട്ട അഞ്ച് കാരണങ്ങള്‍ ഇവയാണ്.

പ്രതിസന്ധികള്‍ക്കിടയിലും സേവന, വ്യവസായ മേഖലകളിലെ മുന്നേറ്റം


ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശ് ഉല്‍പ്പാദനത്തിലും വ്യവസായവത്ക്കരണത്തിലും കയറ്റുമതിയിലും ശ്രദ്ധയൂന്നിയിരുന്നു എന്നത് അടിസ്ഥാനപരമായ വ്യത്യാസമാണ്. ഇക്കാര്യത്തില്‍ ബംഗ്ലാദേശ് ചൈനയുടേയും ജപ്പാന്റേയും സൗത്ത് കൊറിയയുടേയും മാതൃകകള്‍ സ്വീകരിച്ചുകൊണ്ടാണ് പതുക്കെയെങ്കിലും നിരന്തരമായ മുന്നേറ്റമുണ്ടാക്കുന്നതെന്നാണ് സാമ്പത്തികവിദഗ്ധരുടെ വിലയിരുത്തല്‍. കഴിഞ്ഞ 14 വര്‍ഷത്തിനിടെ 10.2 ശതമാനം വ്യാവസായിക വളര്‍ച്ചയാണ് ബംഗ്ലാദേശ് നേടിയത്. സേവനമേഖലയും ആനുപാതികമായി വളരുന്നുണ്ടെങ്കിലും ഇന്ത്യയുടെ അവസ്ഥയില്‍ നിന്ന് വ്യത്യസ്തമായി ബംഗ്ലാദേശില്‍ വ്യവസായമേഖല വളരെയെളുപ്പത്തില്‍ ഏറ്റവും വലിയ തൊഴില്‍ദാതാക്കളാകാനുള്ള വളര്‍ച്ചയുടെ പാതയിലാണ്. കഴിഞ്ഞകുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ ജനപ്പെരുപ്പം, കാലാവസ്ഥാവ്യതിയാനം, പ്രളയം എന്നിവമൂലം ബംഗ്ലാദേശിന്റെ കാര്‍ഷികമേഖലയില്‍ കാര്യമായ ഇടിവുണ്ടായപ്പോഴും സേവന, വ്യവസായ മേഖലകള്‍ നിര്‍ണ്ണായകമായ വളര്‍ച്ചനേടിയെന്ന് വിലയിരുത്തപ്പെടുന്നു.

ജിഡിപി, പിപിപി താരതമ്യം
ജിഡിപിയുടെ കാര്യത്തില്‍ ബംഗ്ലാദേശ് ഇന്ത്യയെക്കാള്‍ മുന്നേറ്റമുണ്ടാക്കുമെന്ന അന്താരാഷ്ട്ര നാണയിനിധിയുടെ നിരീക്ഷണം ചൂണ്ടിക്കാട്ടി രൂക്ഷപരിഹാസവുമായി രാഹുല്‍ ഗാന്ധി രംഗത്തെത്തിയിരുന്നു. ബിജെപിയുടെ വെറുപ്പിലൂന്നിയ ദേശീയത കൊണ്ടുണ്ടായ കനപ്പെട്ട നേട്ടം എന്നായിരുന്നു രാഹുലിന്റെ പ്രതികരണം. ജിഡിപി കണക്കുകൂട്ടേണ്ടത് മറ്റൊരുതരത്തിലാണെന്നാണ് കേന്ദ്രസര്‍ക്കാരിന്റെ വാദം.
ജിഡിപി- പര്‍ച്ചേസിങ് പവര്‍ പാരിറ്റി (പിപിപി) താരതമ്യമാണ് വേണ്ടതെന്ന വിശദീകരണവുമായി സര്‍ക്കാര്‍ രംഗത്തെത്തി. പിപിപി താരതമ്യത്തില്‍ വിശദീകരിക്കുമ്പോള്‍ ഇന്ത്യയുടെ പെര്‍കാപിറ്റ ജിഡിപി 2020 ലേക്ക് കണക്കാക്കിയിരുക്കുന്നത് 6,284 ഡോളറും ബംഗ്ലാദേശിന്റേത് 5,139 ആണെന്നും സര്‍ക്കാര്‍ അവകാശപ്പെടുന്നു. ഈ വാദം വിശ്വസനീയമല്ലെന്ന് ആരോപണങ്ങളുണ്ട്.

കയറ്റുമതിയില്‍ ഇന്ത്യ കിതച്ചു, ബംഗ്ലാദേശ് കുതിച്ചു

ഇന്ത്യ, ചൈന ജിഡിപി താരതമ്യപ്പെടുത്തുമ്പോള്‍ അതില്‍ ചൈനയുമായുള്ള വ്യാവസായിക ബന്ധങ്ങള്‍ക്ക് നിര്‍ണ്ണായക സ്ഥാനമുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. ബംഗ്ലാദേശിന്റെ ഏറ്റവും വലിയ വ്യവസായ പങ്കാളിയാണ് ചൈന. കയറ്റുമതി മേഖലയില്‍ 2015നെ അപേക്ഷിച്ച് 2019 ആകുമ്പോഴേക്കും ബംഗ്ലാദേശ് 44 ശതമാനം വളര്‍ച്ചയുണ്ടാക്കിയതായാണ് കണക്കുകള്‍. അതിന് നേര്‍വിപരീതമായി ഇന്ത്യയില്‍ കയറ്റുമതിയില്‍ കാര്യമായ ഇടിവുണ്ടായി. മഹാമാരിയ്ക്കുമുന്‍പ് തന്നെ ഈ രംഗത്ത് ഇന്ത്യ തളര്‍ച്ച നേരിട്ടിരുന്നു. കൊവിഡ് വ്യാപനത്തോടെ കയറ്റിമതിയിലും ഇറക്കുമതിയിലും ഇടിവുണ്ടായതായാണ് ഇന്ത്യയുടെ അനുഭവം.

സാഹചര്യങ്ങളോട് പൊരുത്തപ്പെടല്‍ അതിവേഗം

ലോകത്തിലെ മൊത്തം സാഹചര്യങ്ങളോട് അതിവേഗത്തില്‍ പൊരുത്തപ്പെടാനുള്ള ബംഗ്ലാദേശിന്റെ ചടുല നീക്കങ്ങളാണ് അയല്‍രാജ്യം നേടിയ സാമ്പത്തികഉന്നതിയുടെ പ്രധാനകാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്. അന്താരാഷ്ട്ര രംഗത്ത് യുഎസ്- ചൈന വ്യാപാരബന്ധമുലഞ്ഞ സവിശേഷ സാഹചര്യത്തെ കൃത്യമായ നയരൂപീകരണത്തോടെയും ആസൂത്രണത്തോടെയും മനസിലാക്കിയത് ബംഗ്ലാദേശിന്റെ വലിയ മേന്മയായായി. തൊഴില്‍ശക്തി വര്‍ധിപ്പിച്ചും വ്യവസായങ്ങള്‍ വളര്‍ത്തിയും കയറ്റുമതി വര്‍ധിപ്പിച്ചും ബംഗ്ലാദേശ് സാഹചര്യങ്ങളെ തങ്ങള്‍ക്ക് അനുകൂലമാക്കി. എന്നാല്‍ കൃത്യമായ ആസൂത്രണത്തിന്റെ പോരായ്മ ഇന്ത്യയ്ക്കുണ്ടായി.

വസ്ത്രവ്യവസായ രംഗത്തെ കുതിപ്പ്
വസ്ത്രവ്യവസായ രംഗത്ത് ബംഗ്ലാദേശുണ്ടാക്കിയത് വലിയ വളര്‍ച്ചയാണ്. രാജ്യത്തിന്റെ സാമ്പത്തികരംഗത്തെ കുതിപ്പിന്റെ ഒരു പ്രധാന കാരണം കൂടിയാണിത്. റെഡിമെയ്ഡ്, നൈറ്റ് വെയര്‍ വസ്ത്രവ്യാപാരം ബംഗ്ലാദേശിന്റെ സമ്പദ്‌വ്യവസ്ഥയെ പുനര്‍നിര്‍ണ്ണയിച്ച കാഴ്ച്ചയാണ് കഴിഞ്ഞ കുറച്ചുവര്‍ഷങ്ങളില്‍ ലോകം കണ്ടത്. ചൈനയ്ക്ക്‌ശേഷം വസ്ത്രനിര്‍മ്മാണത്തിന്റെ പ്രധാന ഹബ്ബെന്ന നിലയിലേക്ക് ബംഗ്ലാദേശ് പടിപടിയായി വളര്‍ന്നു. 50 ലക്ഷം പേരാണ് വസ്ത്രമേഖലയില്‍ മാത്രം തൊഴിലെടുക്കുന്നത്. ഇതില്‍ 80 ശതമാനവും സ്ത്രീകളാണ്. വിവിധ മേഖലകള്‍ തമ്മിലുള്ള വരുമാനത്തിന്റെ അന്തരം ഇന്ത്യയെ അപേക്ഷിച്ച് ബംഗ്ലാദേശില്‍ കുറവാണെന്നതും ശ്രദ്ധേയമാണ്.

കൊവിഡ് പ്രതിരോധത്തിനായുള്ള ലോക്ക്ഡൗണിന്റെ ഫലമായി പ്രതിശീര്‍ഷ ആഭ്യന്തര ഉത്പാദനം കൂപ്പുകുത്തുമെന്നാണ് വിലയിരുത്തല്‍. ആളോഹരി ജിഡിപി നിരക്കില്‍ 10.3 ശതമാനം ഇടിവുണ്ടാകുമെന്നും ഐഎംഎഫ് പ്രവചിച്ചു. ചൊവ്വാഴ്ച്ച പുറത്തിറങ്ങിയ വേള്‍ഡ് എക്കണോമിക് ഔട്ട്‌ലുക്കിലാണ് രാജ്യത്തിന്റെ സാമ്പത്തികരംഗത്തെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന പ്രവചനമുള്ളത്.

നടപ്പ് സാമ്പത്തികവര്‍ഷം അവസാനിക്കുന്ന 2021 മാര്‍ച്ച് 31 ഓടെ ഇന്ത്യയുടെ പ്രതിശീര്‍ഷഉത്പ്പാദനം 1877 ഡോളറായി കുറയുമെന്നാണ് നാണയനിധിയുടെ വിലയിരുത്തല്‍. എന്നാല്‍ രാജ്യത്തിന് ഏറെ പ്രതീക്ഷ നല്‍കുന്ന ചില സൂചനകളും നാണയനിധിയുടെ റിപ്പോര്‍ട്ടിലുണ്ട്. 2021ല്‍ ഇന്ത്യ ജിഡിപി വളര്‍ച്ചാനിരക്കിന്റെ ഗതിവേഗം വീണ്ടെടുക്കുമെന്നും ഏഷ്യയിലെ മൂന്നാമത്തെ വലിയ സമ്പത്ത് വ്യവസ്ഥയാകുന്ന തരത്തില്‍ വലിയ കുതിപ്പുണ്ടാക്കുമെന്നും നാണയനിധി പ്രവചിക്കുന്നുണ്ട്. ചൈനയുടെ പ്രതീക്ഷിക്കുന്ന വളര്‍ച്ചാനിരക്കായ 8.2 ശതമാനത്തെ ഇന്ത്യ മറികടക്കാനിടയുണ്ടെന്നാണ് പ്രവചനം.

Popular Stories

    Next Story