
കിടപ്പുരോഗികള്‍, മാനസികമായും ശാരീരികമായും വെല്ലുവിലി നേരിടുന്നവര്‍ എന്നിങ്ങനെ മുഴുവന്‍ സമയ പരിചരണമാവശ്യമുള്ള രോഗികള്‍ക്ക് ധനസഹായം നല്കുന്ന ആശ്വാസകിരണം പദ്ധതിയ്ക്കായി കൂടുതല്‍ തുക അനുവദിച്ചു. ഈ രോഗികള്‍ക്ക് പ്രതിമാസം സഹായമെത്തിക്കുന്നതിലേക്കായി 58.12 കോടി രൂപ അനുവദിച്ചെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ അറിയിച്ചു.
പക്ഷാഘാതം വന്ന് ചലനശേഷി നഷ്ടപ്പെട്ടവര്‍, ക്യാന്‍സര്‍ രോഗികള്‍, മറ്റ് രോഗങ്ങള്‍ മൂലം കിടപ്പിലായവര്‍, നൂറുശതമാനം അന്ധതയുള്ളവര്‍, ഓട്ടിസം, സെറിബ്രല്‍ പാഴ്സി, മാനസികരോഗം മുതലായ വെല്ലുവിളികള്‍ നേരിടുന്നവര്‍ ,എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ ഇരകളായി കിടപ്പുരോഗികള്‍ മുതലായവര്‍ക്ക് പ്രതിമാസം പണമെത്തും. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് 63,544 പോര്‍ക്കാണ് സഹായം നല്കിയിരുന്നതെങ്കില് എല്‍ഡിഎഫ് സര്‍ക്കാര്‍ ആശ്വാസകിരണം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 1,13,713 പേര്‍ക്ക് സഹായം നല്‍കുന്നതായി മന്ത്രി പറഞ്ഞു.
മുഴുവന്‍ സമയം പരിചരണം ആവശ്യമുള്ള രോഗികള്‍ക്ക് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 600 രൂപയാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഡോക്ടര്‍ സാക്ഷ്യപ്പെടുത്തുന്ന സര്‍ട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിലാണ് ധനസഹായത്തിന് അര്‍ഹരായവരെ തീരുമാനിക്കുന്നത്.