യുപിയിലെ നിര്‍ബന്ധിത ഇലക്ഷന് ഡ്യൂട്ടി കവര്‍ന്നത് 577 അധ്യാപകരുടെ ജീവന്; മരിച്ചവരില്‍ പൂര്‍ണ്ണ ഗര്‍ഭിണിയും; പരാതിയുമായി അധ്യാപകസംഘടന
ഗര്‍ഭിണികളേയും മറ്റ് ആരോഗ്യപ്രശ്നമുള്ള അധ്യാപകരേയും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കയച്ചതെന്നും സംഘടന ആരോപിക്കുന്നു.

ഇക്കഴിഞ്ഞ യുപി പഞ്ചായത്ത് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കുണ്ടായിരുന്ന 577 അധ്യാപകര്‍ മരണമടഞ്ഞെന്ന ആരോപണവുമായി അധ്യാപകരുടെ കൂട്ടായ്മയായ യുപി ശിക്ഷക് മഹാസംഘ്. മരിച്ച അധ്യാപകരില്‍ ഭൂരിഭാഗം പേരും കൊവിഡ് ലക്ഷണങ്ങള്‍ പ്രകടിപ്പിച്ചിരുന്നെന്നും നിര്‍ബന്ധിത തെരഞ്ഞെടുപ്പ് ഡ്യൂട്ടിയാണ് അവരുടെ മരണത്തിന് കാരണമായതെന്നും അധ്യാപക സംഘടന ആരോപിച്ചു. മരിച്ച 577 അധ്യാപകരുടെ പേരുവിവരങ്ങള്‍ ഉള്‍പ്പെടുത്തി ശിക്ഷക് മഹാസംഘ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് തൊട്ടുപിന്നാലെ മരിച്ച അധ്യാപകരുടെ കണക്കുകള്‍ യോഗി ആദിത്യനാഥ് സര്‍ക്കാര്‍ കൃത്യമായി രേഖപ്പെടുത്തിയിട്ടില്ലെന്നും ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്.
ഗര്‍ഭിണികളേയും മറ്റ് ആരോഗ്യപ്രശ്നമുള്ള അധ്യാപകരേയും ഉദ്യോഗസ്ഥര്‍ ഭീഷണിപ്പെടുത്തിയാണ് തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്കയച്ചതെന്നും സംഘടന ആരോപിക്കുന്നു. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് തൊട്ടുപിന്നാലെ മരിച്ച കല്യാണി അഗ്രഹാരി എന്ന അസിസ്റ്റന്റ് ടീച്ചര്‍ 8 മാസം ഗര്‍ഭിണിയായിരുന്നുവെന്ന് ദി പ്രിന്റ് മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നു. പൂര്‍ണ്ണ ഗര്‍ഭിണിയാണെന്ന് കാണിച്ച് തന്നെ ഡ്യൂട്ടിയില്‍ നിന്ന് ഒഴിവാക്കാന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കല്യാണി പരാതി നല്‍കിയിരുന്നതായും പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. എന്നാല്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുമെന്നും വരുമാനം കുറയ്ക്കുമെന്നും ഭീഷണിപ്പടുത്തിയതോടെ ഇവര്‍ ഡ്യൂട്ടിയ്ക്ക് തയ്യാറാകുകയായിരുന്നു. 12 മണിക്കൂറുകളോളം നിറവയറുമായി തെരഞ്ഞെടുപ്പ് ഡ്യൂട്ടിയ്ക്ക് ഇരിക്കേണ്ടി വന്ന ഇവര്‍ തനിക്ക് തീരെ വയ്യെന്ന് പലവട്ടം ഉന്നത ഉദ്യോഗസ്ഥരോട് കെഞ്ചിയെന്ന ഞെട്ടിപ്പിക്കുന്ന വസ്തുതയും കല്യാണിയുടെ ബന്ധുക്കളെ ഉദ്ധരിച്ചുകൊണ്ട് പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. മരണശേഷമുള്ള പരിശോധനയില്‍ കല്യാണി കൊവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തിയിരുന്നു.
അധ്യാപക സംഘടനകള്‍ വ്യാപകമായ പ്രതിഷേധമുയര്‍ത്തുന്ന പശ്ചാത്തലത്തില്‍ അലഹബാദ് ഹൈക്കോടതി തെരഞ്ഞെടുപ്പ് കമ്മീഷനോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍എസ്എസ് ബന്ധമുള്ള അധ്യാപക സംഘടനയായ രാഷ്ട്രീയ ശൈഷിക് മഹാസംഘ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ മെയ് രണ്ടിനുള്ള വോട്ടെണ്ണല്‍ ഡ്യൂട്ടി ബഹിഷ്കരിക്കുന്നതായി അറിയിച്ചിട്ടുണ്ട്.