Top

ബീഹാറിൽ അധികാരമേറ്റ 14 മന്ത്രിമാരിൽ 8 പേരും പ്രതികൾ, മിക്കവരും കോടിപതികൾ; റിപ്പോർട്ടുമായി എഡിആർ

43% മന്ത്രിമാർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്.

19 Nov 2020 2:33 AM GMT

ബീഹാറിൽ അധികാരമേറ്റ 14 മന്ത്രിമാരിൽ 8 പേരും പ്രതികൾ, മിക്കവരും കോടിപതികൾ; റിപ്പോർട്ടുമായി എഡിആർ
X

ബീഹാറിൽ പുതുതായി സത്യപ്രതിജ്ഞ ചെയ്ത അമ്പത് ശതമാനത്തിലധികം മന്ത്രിമാർക്കും ക്രിമിനൽ കേസുകളുള്ളതായി റിപ്പോർട്ടുകൾ. പുതുതായി അധികാരമേറ്റ 14 മന്ത്രിമാരിൽ എട്ട് പേർക്കെതിരെ ക്രിമിനൽ കേസുകൾ ഉള്ളതായാണ് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് (എഡിആർ) പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നത്.

43% മന്ത്രിമാർ ഗുരുതരമായ ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടിട്ടുള്ളതായി തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിട്ടുണ്ട്. ഗുരുതരമായ ക്രിമിനൽ കേസുകളുടെ പരിധിയിൽ വരുന്നത് ജാമ്യമില്ലാത്ത വകുപ്പുകളും അഞ്ച് വർഷത്തിൽ കൂടുതൽ തടവ് ലഭിക്കുന്ന കുറ്റങ്ങളുമാണ്.

ജനതാദൾ(യുണൈറ്റഡ്) ൽ നിന്നുള്ള ആറ് മന്ത്രിമാരിൽ രണ്ടുപേരും, ബിജെപിയുടെ ആറ് മന്ത്രിമാരിൽ നാലുപേരും ഹിന്ദുസ്ഥാനി അവാം മോർച്ച , വികാസ്ഷീൽ ഇൻസാൻ പാർട്ടി എന്നിവരുടെ ഓരോ മന്ത്രിമാർക്കെതിരെയും ക്രിമിനൽ കേസുകളുള്ളതായി എഡിആർ പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

പുതുതായി അധികാരമേറ്റ നിതീഷ് കുമാർ മന്ത്രി സഭയിലെ 57% മന്ത്രിമാരുടെ പേരിലും ക്രിമിനൽ കേസുകളുണ്ട്. അതോടൊപ്പം മന്ത്രിസഭയിലെ 93% പേരും കോടിപതികളാണ്. അവരുടെ ശരാശരി ആസ്തി 3.93 കോടി രൂപയാണെന്നും അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസിൻറെ റിപ്പോർട്ടിൽ പറയുന്നു.

Next Story