Top

കര്‍ഷക പ്രക്ഷോഭം; ‘ചക്കാ ജാം’ തടയാന്‍ അരലക്ഷം അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്ര സര്‍ക്കാര്‍

ജലപീരങ്കി വാഹനങ്ങളാണ് ഗാസിപൂർ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്.

6 Feb 2021 12:31 AM GMT

കര്‍ഷക പ്രക്ഷോഭം; ‘ചക്കാ ജാം’ തടയാന്‍ അരലക്ഷം അര്‍ധസൈനികരെ വിന്യസിച്ച് കേന്ദ്ര സര്‍ക്കാര്‍
X

ന്യൂ ഡൽഹി: രാജ്യതലസ്ഥാനത്ത് ഇന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന റോഡ് ഉപരോധം സംഘടിപ്പിക്കപ്പെടുന്നു. ഡൽഹി ഇന്ന് വരെ സാക്ഷ്യം വഹിക്കാത്ത തരം പ്രതിഷേധമാകും ഇന്നുണ്ടാവുക എന്ന് കരുതപ്പെടുന്നു. രാജ്യത്തുടനീളം മൂന്ന് മണിക്കൂറോളം നീണ്ടു നിൽക്കുന്ന ‘ചക്ക ജാം’ അഥവാ പ്രധാന നിരത്തുകൾ ഉപരോധിച്ചു കൊണ്ടുള്ള പ്രതിഷേധ രീതികളാണ് കർഷകർ ആചരിക്കുന്നത്.

വിവാദമായ മൂന്ന് കേന്ദ്ര കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സംയുക്ത കിസാൻ മോർച്ച ഇന്ന് ഈ റോഡ് ഉപരോധത്തിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇന്ന് ഉച്ചയോടെയാണ് ഈ ഉപരോധം തുടങ്ങുക. രാജ്യത്തെ പ്രധാന ദേശീയ-സംസ്ഥാന പാതകളും ഉപരോധിക്കപ്പെടും. എന്നാൽ ഡൽഹിയുടെ നഗരപ്രദേശവും ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, എന്നിവിടങ്ങളും സമരക്കാർ ഒഴിവാക്കുന്നുണ്ട്.

പ്രക്ഷോഭകാരികളെ ബന്ധപ്പെട്ടവർ ചർച്ചക്ക് വിളിക്കുകയാണെങ്കിൽ തടസ്സങ്ങളൊന്നും കൂടാതെ എത്തുവാൻ വേണ്ടിയാണു ഡൽഹിയെ ഉപരോധത്തിൽ നിന്നും ഒഴിവാക്കുന്നതെന്ന് കർഷക നേതാവ് രാകേഷ് ടിക്കായത് അറിയിച്ചു. എന്നാൽ നഗരത്തിനകത്തും മറ്റുമുള്ള എല്ലാ പ്രതിഷേധ കേന്ദ്രങ്ങൾ ഉൾപ്പെടുന്ന നിരത്തുകളും ഉപരോധിക്കപ്പെടുന്നുണ്ടെന്ന് സംയുക്ത കിസാൻ മോർച്ച അറിയിക്കുന്നു.

എന്നാൽ പ്രതിഷേധത്തെ നേരിടാൻ സാധ്യമായ എല്ലാ തയ്യാറെടുപ്പുകളും അധികൃതർ നടത്തിയിട്ടുണ്ട്. അധിക സുരക്ഷകൾ ഏർപ്പെടുത്തുകയും ബാരിക്കേഡുകൾ നിരത്തി ശക്തിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ദില്ലിയിലെ പല പ്രധാന റോഡുകളിലും ഗതാഗതക്കുരുക്കിന് ഇത് കാരണമായേക്കാം. ജലപീരങ്കി വാഹനങ്ങളാണ് ഗാസിപൂർ അതിർത്തിയിൽ വിന്യസിച്ചിരിക്കുന്നത്. ചെങ്കോട്ടയിലും വിപുലമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളത്.

ഡൽഹി-എൻ‌സി‌ആർ മേഖലയിൽ 50,000 ത്തോളം പൊലീസ്, അർദ്ധസൈനിക, റിസർവ് ഫോഴ്‌സ് ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്. 12 മെട്രോ സ്റ്റേഷനുകളോട് ജാഗ്രത പാലിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. സമൂഹമാധ്യമങ്ങൾ നിരീക്ഷിക്കുകയും അതുവഴി കിംവദന്തികൾ പ്രചരിപ്പിക്കുന്നതിന് എതിരെ നടപടിയെടുക്കുമെന്നും പൊലീസ് അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളിലെ പൊലീസ് സേനയുമായി തങ്ങൾ ബന്ധപ്പെട്ടിട്ടുണ്ടെന്ന് ദില്ലി പൊലീസ് വക്താവ് ചിൻ‌മോയ് ബിസ്വാൾ പറഞ്ഞു. സിങ്കു, തിക്രി, ഗാസിപൂർ എന്നിങ്ങനെ ഡൽഹിക്കു ചുറ്റുമുള്ള മൂന്ന് പ്രധാന പ്രതിഷേധ കേന്ദ്രങ്ങളിലും ഇന്റർനെറ്റ് സേവനങ്ങൾ വിച്ഛേദിച്ചിട്ടുണ്ട്.

റിപ്പബ്ലിക് ദിനാഘോഷത്തിൽ ഡൽഹിയിലുണ്ടായ കർഷകപ്രക്ഷോഭത്തിന്റെ പിന്നാലെയാണ് ഈ ഉപരോധം. പഞ്ചാബ് ഹരിയാന ഉത്തർ പ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ള കര്ഷകർ 70 ദിവസത്തോളമായി ഈ പ്രതിഷേധ കേന്ദ്രങ്ങളിൽ സമരം തുടർന്ന് വരികയാണ്. അതേസമയം ഭരണാധികാരികളോടും പ്രതിഷേധിക്കുന്നവരോടും പരമാവധി സംയമനം പാലിക്കാൻ ഐക്യ രാഷ്ട്രസഭ ആവശ്യപെട്ടിട്ടുണ്ട് .

Next Story