Top

ആഗോള ഇസ്ലാമിന്റെ പ്രതിസന്ധി: ശേഖര്‍ ഗുപ്ത നിരത്തുന്ന അഞ്ച് കാരണങ്ങള്‍

ലോകത്താകമാനമുള്ള ശതകോടി മുസ്ലിംങ്ങള്‍ക്ക് അവര്‍ ബഹുജന ഇസ്ലാമോഫോബിയയുടെ ഇരകളാണെന്ന് തോന്നുന്നുവെങ്കില്‍, അവരുടെ വിശുദ്ധ പ്രവാചകന്‍ മനപൂര്‍വ്വം അവഹേളനത്തിന് ഇരയാകുന്നുവെങ്കില്‍ അത് മാനസികമായ ഒരു പ്രതിസന്ധിയും തടങ്കലുമാണ്.

5 Nov 2020 5:28 AM GMT
ശേഖർ ഗുപ്‌ത

ആഗോള ഇസ്ലാമിന്റെ പ്രതിസന്ധി: ശേഖര്‍ ഗുപ്ത നിരത്തുന്ന അഞ്ച് കാരണങ്ങള്‍
X

ലോകത്താകമാനമുള്ള ശതകോടി മുസ്ലിംങ്ങള്‍ക്ക് അവര്‍ ബഹുജന ഇസ്ലാമോഫോബിയയുടെ ഇരകളാണെന്ന് തോന്നുന്നുവെങ്കില്‍, അവരുടെ വിശുദ്ധ പ്രവാചകന്‍ മനപൂര്‍വ്വമായ അവഹേളനത്തിന് ഇരയാകുന്നുവെങ്കില്‍, അത് മാനസികമായ ഒരു പ്രതിസന്ധിയും തടങ്കലുമാണ്.

ഇസ്ലാം പ്രതിസന്ധിഘട്ടത്തിലാണെന്ന് പറയാനൊന്ന് ധൈര്യപ്പെട്ടതേയുള്ളൂ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ വലിയ കുഴപ്പത്തിലേക്ക് സ്വയം എടുത്തെറിയപ്പെട്ട് കഴിഞ്ഞിരുന്നു.

തുര്‍ക്കിയുടെ റജപ് തയ്യിബ് എര്‍ദോഗന്‍ പ്രസിഡന്റിന്റെ തലച്ചോറ് പരിശോധിക്കാന്‍ ആവശ്യപ്പെട്ടു. പാക്കിസ്ഥാന്റെ ഇമ്രാന്‍ ഖാന്‍, പാശ്ചാത്യരെ വീണ്ടും ഇസ്ലാമിനെക്കുറിച്ച് പഠിപ്പിക്കണമെന്നാവശ്യപ്പെട്ട് സഹമുസ്ലിം രാജ്യങ്ങള്‍ക്ക് രണ്ട് പേജുള്ള ഗിരിപ്രഭാഷണം അയച്ചു.

മലേഷ്യയിലെ 95കാരനായ മഹാതിര്‍ മുഹമ്മദിന് ആ നിയന്ത്രണവുമുണ്ടായില്ല, മുന്‍കാലങ്ങളില്‍ മുസ്ലിംകളോട് ചെയ്തിട്ടുള്ള കാര്യങ്ങള്‍ക്ക് ഫ്രഞ്ചുകാരെ കൂട്ടക്കൊല ചെയ്യാവുന്നതാണെന്ന് എന്നു പറയാന്‍ തക്ക പ്രകോപനത്തിലാണ് അദ്ദേഹമെത്തിയത്. കൂടാതെ, പേരില്‍ മാത്രം ക്രിസ്ത്യാനികളായവരും തങ്ങളിലെ സ്ത്രീകള്‍ വെറും നൂല്‍ക്കഷ്ണം കൊണ്ട് മാത്രം രഹസ്യഭാഗങ്ങള്‍ മറയ്ക്കുകയും ചെയ്യുന്ന പാശ്ചാത്യ ‘ അധമന്‍മാരെ’ അദ്ദേഹം അധിക്ഷേപിക്കുകയും ചെയ്യുന്നു.

പാക്കിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവിടങ്ങളില്‍ നിന്ന് പ്രതിഷേധങ്ങളുയര്‍ന്നു.

പക്ഷേ മാക്രോണ്‍ പറഞ്ഞതില്‍ സത്യമുണ്ടോ ഇല്ലയോ? ശക്തവും ജനസംഖ്യയേറിയതുമായ മുസ്ലിം രാജ്യങ്ങളിലെ ഈ പ്രമുഖ നേതാക്കളുടെ പ്രതികരണം ഒരു പ്രതിസന്ധിയിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ലോകമെമ്പാടുമുള്ള ശതകോടി മുസ്ലിംങ്ങള്‍ തങ്ങള്‍ ബഹുജന ഇസ്ലാമോഫോബിയയുടെ ഇരകളാണെന്ന് കരുതുന്നുവെങ്കില്‍, അത് തടങ്കലിന്റേയും പ്രതിസന്ധിയുടേയും ഒരു ബോധത്തില്‍ നിന്നുണ്ടാകുന്നതാണ്. എന്നിരുന്നാലും, അതിന്‌ നിരവധി വ്യാഖ്യാനങ്ങളുണ്ടാകാം, കാരണം ഇതൊരു വിശുദ്ധ ഗ്രന്ഥമല്ലല്ലോ. അതിലേക്കുള്ള ഈ മുഖപ്രസംഗകന്റെ എളിയ ശ്രമം ഇതാ.

അഞ്ച് പ്രധാനപ്പെട്ട പോയിന്റുകളിലേക്ക് ഞാനിത് ചുരുക്കാം:

  • 1. എല്ലാ മതങ്ങള്‍ക്കും രാഷ്ട്രീയമുണ്ട്. ഈ ഘട്ടത്തില്‍ പക്ഷേ ഏറ്റവുമവുമധികം രാഷ്ട്രീയവത്കരിക്കപ്പെട്ടത് ഇസ്ലാമാണ്. കുറച്ചുകാലം പിന്നോട്ട് പോയാല്‍ നിങ്ങള്‍ക്ക് ക്രിസ്ത്യന്‍ കുരിശുയുദ്ധങ്ങളുടെ നൂറ്റാണ്ടുകളിലേക്ക് പോകാം, പക്ഷേ അത് പഴയകാലമായിരുന്നു. അല്‍-ഖ്വയ്ദയുടെയോ ഐസിന്റെയോ നേതാക്കളോ അല്ലെങ്കില്‍ ചിലപ്പോള്‍ ഏതെങ്കിലുമൊരു ഇസ്ലാമിക രാഷ്ട്രത്തിന്റെ കോപാകുലനായ തലവനോ അത് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരുന്നത് വേറെ കാര്യം.

200 കോടി അനുയായികളുള്ള ലോകത്തിലെ രണ്ടാമത്തെ വലിയ മതമാണ് ഇസ്ലാം. ക്രിസ്ത്യാനികള്‍ക്ക് 20 ശതമാനം മാത്രം പിന്നില്‍. ക്രിസ്ത്യാനികളെപ്പോലെ മുസ്ലിംങ്ങളും ലോകമെമ്പാടുമായി ജീവിക്കുന്നവരാണ്‌. എന്നാല്‍ ക്രിസ്ത്യാനികളില്‍ നിന്നും വ്യത്യസ്തമായി, അവര്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ വളരെ കുറച്ചു രാജ്യങ്ങളില്‍ മാത്രമാണ് ജനാധിപത്യമുള്ളത്‌. അത് തെളിയിക്കാവുന്ന ഒരു വസ്തുതയാണ്. ലോകത്തിലെ 60 ശതമാനം മുസ്ലിംങ്ങളും വസിക്കുന്നത് ഏഷ്യയിലാണ്. അതില്‍ തന്നെ ഭൂരിഭാഗവുമുള്ളത് വ്യത്യസ്ത തലത്തില്‍ ജനാധിപത്യം പുലരുന്ന ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളിലുമാണ്.

ഈ വാദം കൂടുതല്‍ വിശദമാക്കിയാല്‍, മുസ്ലിംങ്ങള്‍ക്ക് ഭൂരിപക്ഷമുള്ള രാജ്യങ്ങളില്‍ മതേതരത്വം പൊതുവെ ഒരു മോശം പദമോ പാശ്ചാത്യ സങ്കല്‍പ്പമോ ആണ്. അതേസമയം മുസ്ലിംങ്ങള്‍ ന്യൂനപക്ഷമായിരിക്കുന്ന ജനാധിപത്യ രാജ്യങ്ങളില്‍, അവര്‍ സ്ഥിരമായി ആ രാജ്യത്തിന്റെ മതേതര പ്രതിബദ്ധതയെ പരീക്ഷിക്കുന്നു. ഫ്രാന്‍സ്, ബ്രിട്ടന്‍, യുഎസ്, ബെല്‍ജിയം, ജര്‍മ്മനി എന്നിവയെല്ലാം മികച്ച ഉദാഹരണങ്ങളാണ്. ഞാന്‍ ഇവിടെ ഇന്ത്യയെ ഉള്‍പ്പെടുത്താത്തതിന് ഒരു കാരണമുണ്ട്. യൂറോപ്പിലേക്ക് അടുത്തകാലത്തേക്ക് കുടിയേറിയവരില്‍ നിന്ന് വ്യത്യസ്തമായി, ഇന്ത്യയിലെ മുസ്ലിംങ്ങള്‍ അവരുടെ ഇന്ത്യയുടെ റിപബ്ലിക്ക് രൂപീകരിക്കുന്നതില്‍ തുല്യവും സ്വമേധയുമായുള്ള പങ്കാളികളായിരുന്നു.

  • 2. മുസ്ലീം ജനതയ്ക്കിടയിലും രാഷ്ട്രങ്ങളിലും ദേശീയതയും സാര്‍വ്വദേശീയതയും തമ്മില്‍ പരിഹരിക്കപ്പെടാത്ത പിരിമുറുക്കമാണുള്ളത്. ഇത് ലോകത്തിലെ എല്ലാ മുസ്ലിംങ്ങളും രാജ്യാതിര്‍ത്തികള്‍ക്കതീതമായ ഒരസ്തിത്വത്തെ പ്രധിനിധീകരിക്കുന്നവരാണ് എന്ന ‘ഉമ്മ:’ സങ്കല്‍പ്പത്തില്‍ നിന്ന് ഉരുത്തിരിയുന്നു. ഇമ്രാന്‍ ഖാന്‍ തന്റെ സഹ ‘ഉമ്മ:’ നേതാക്കള്‍ക്ക് കൈമാറിയ രണ്ട് പേജ് പ്രസംഗം പരിശോധിക്കുക. ഇത് ചിലപ്പോഴെല്ലാം ഉപഭൂഖണ്ഡത്തില്‍ പരീക്ഷിക്കപ്പെട്ടിട്ടുള്ളതാണ്.

ഒട്ടോമന്‍ ഖിലാഫത്ത് അവസാനിപ്പിച്ചതിനും തുര്‍ക്കി റിപ്പബ്ലിക് സ്ഥാപിച്ചതിനും കമാൽ അത്താതുർക്കിനെതിരെ നടന്ന 1919-24 ലെ ഖിലാഫത്ത് പ്രസ്ഥാനം മുതല്‍ സല്‍മാന്‍ റുഷ്ദിയ്ക്ക് എതിരായി നടന്ന സമരവും മങ്ങിതുടങ്ങിയ പലസ്തീന്‍ പിന്തുണയും വരെ. ഇപ്പോള്‍ ഫ്രാന്‍സിന്റെ കാര്യത്തിലും അത് സംഭവിക്കുന്നു.

പ്രസക്തമായ ചില പരിണതഫലങ്ങള്‍ ഇതിനുണ്ട്. പാന്‍-ഇസ്ലാമിസമാണ് ഇതിലെ ആശയമെങ്കിലും, മറ്റുള്ളവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ കൂടുതല്‍ യുദ്ധങ്ങള്‍ നടക്കുന്നത് മുസ്ലിംങ്ങളും മുസ്ലിം രാജ്യങ്ങളും തമ്മിലാണ്. ഇറാന്‍-ഇറാഖ് യുദ്ധമാണ് അതില്‍ ഏറ്റവും ദൈര്‍ഘ്യമേറിയത്. സദ്ദാമിനെതിരെ യുഎസിനു കീഴില്‍ അണിനിരന്ന അനേകം ഇസ്ലാമിക രാജ്യങ്ങള്‍, കുറച്ചുകൂടി അടുത്ത്‌ അഫ്ഖാന്‍-പാക് മേഖലയില്‍, മുസ്ലിംങ്ങളെ കൊല്ലുന്നത്‌ മുസ്ലിംങ്ങള്‍ തന്നെയാണ്‌, അതിലെല്ലാവരും തന്നെ ഷിയപള്ളികളില്‍ വെള്ളിയാഴ്ച നടക്കുന്ന ബോംബാക്രമണത്തില്‍ കൊല്ലപ്പെടുന്നതുമല്ല.

1967 ല്‍ ഇസ്രായേലിനെതിരെ ഉണ്ടായ ആറ് ദിവസത്തെ യുദ്ധമാണ്‌ ഒരു അമുസ്ലിം ശത്രുവിനെതിരായി രൂപപ്പെട്ട അവസാനത്തെ യഥാര്‍ത്ഥ പാന്‍-ഇസ്ലാമിക സഖ്യത്തിന്റെ പോരാട്ടം. 1973 ലെ യോം കിപ്പൂര്‍ യുദ്ധത്തിലും ഇതില്‍ കുറച്ച് വീണ്ടും സംഭവിച്ചു. എന്നാല്‍ പിന്നീട് ഈജിപ്തും ജോര്‍ദാനും സമാധാനത്തിനായി ഒപ്പുവച്ചു. ഇസ്രായേലിനെ ദൂരെ നിന്ന്‌ നേരിടുന്ന ഇറാനും ഇന്ന് ഏറെക്കുറെ ഒറ്റയ്ക്കാണ്‌. സിറിയയും സ്വയം നശിച്ചു. 1971 ല്‍ ജോര്‍ദാന്‍ കുറച്ച് എഫ് -104 സ്റ്റാര്‍ഫൈറ്റര്‍ യുദ്ധവിമാനങ്ങള്‍ പാകിസ്താന്‌ കൈമാറിയത് ഒഴിച്ചാല്‍ ഇന്ത്യയ്‌ക്കെതിരായ ഒരു യുദ്ധത്തിലും പാകിസ്താനെ പിന്തുണയ്ക്കാന്‍ ഒരു ഇസ്ലാമിക രാഷ്ട്രവും മുന്നോട്ടുവന്നിട്ടുമില്ല.

യോം കിപ്പൂര്‍ യുദ്ധം
  • 3. ഇത് നമ്മെ ക്രൂരമായ ഒരു വൈരുദ്ധ്യത്തിലേക്ക്‌ എത്തിക്കുന്നു. പാന്‍-ഇസ്ലാമിസവും ‘ഉമ്മ:’ സ്പിരിറ്റും ഏതെങ്കിലും പ്രതലത്തില്‍ പ്രവര്‍ത്തിച്ചിട്ടുണ്ടെങ്കില്‍, അത് ബഹുരാഷ്ട്ര തീവ്രവാദ സംഘടനകള്‍ക്കിടയിലാണ്‌. അല്‍-ഖ്വയ്ദയും ഐഎസും യഥാര്‍ത്ഥത്തില്‍ പാന്‍-ഇസ്ലാമിക് സംഘടനകളാണ്. അവ കൂടുതലും ലക്ഷ്യം വയ്ക്കുന്നത് വ്യവസ്ഥാപിത ഇസ്ലാമിക രാഷ്ട്രങ്ങളാണിലാണ്. എല്ലാ മുസ്ലിംങ്ങളും ഒരേ ഉമ്മത്തിന്റെ ഭാഗമാണെന്നാണ് വിശ്വസിക്കുന്നതെങ്കില്‍, അവര്‍ക്ക് അന്തര്‍ദേശീയ അതിര്‍ത്തിക്കള്‍ക്കതീതവും പൊതുവായ ശരിഅത്ത് നടപ്പിലാക്കുന്നതുമായ ഒരു ഖലീഫ ഉണ്ടായിരിക്കണമെന്നാണ് ഐഎസ് പറയുന്നത്.

അഫ്ഗാനിസ്ഥാന്‍, ഇറാഖ്, സിറിയ, ലിബിയ എന്നിങ്ങനെ എണ്ണല്‍ തുടരാം. ലോകത്തെ മൂന്നിലൊന്ന് മുസ്ലിംങ്ങളുടെ വാസസ്ഥലമായ ഇന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ നിന്ന് പക്ഷേ വളരെ കുറച്ച് മുസ്ലിംങ്ങളെ മാത്രം അല്‍ ഖ്വയ്ദയിലോ ഐഎസിലോ കാണുന്നത് എന്തുകൊണ്ടാണെന്നതിനെക്കുറിച്ചും ഇത് നമ്മെ ചിന്തിപ്പിക്കുന്നു.

ഈ ചര്‍ച്ചയില്‍ ഞാന്‍ മുന്നോട്ടുവച്ച വാദമെന്താണെന്നാല്‍ നമ്മുടെ രാജ്യങ്ങളില്‍- ഇന്ത്യ, പാകിസ്ഥാന്‍, ബംഗ്ലാദേശ്- ദേശീയത പാന്‍-ഇസ്ലാമിസത്തിനെതിരായ തുറപ്പുചീട്ടാണ്. ഈ രാജ്യങ്ങളിലെ മുസ്ലിംങ്ങള്‍ക്ക് പിന്തുണയ്ക്കാന്‍ ഒരു പതാകയും ഒരു ക്രിക്കറ്റ് ടീമും ഉണ്ട്. സ്‌നേഹിക്കാനോ വെറുക്കാനോ ഒരു നേതാവുണ്ട്‌, അവര്‍ അദ്ദേഹത്തെ വെറുക്കുകയാണെങ്കില്‍, അദ്ദേഹത്തിനെതിരെ വോട്ടുചെയ്ത് തോല്‍പ്പിക്കാനോ അല്ലെങ്കില്‍ ഇഷ്ടപ്പെട്ട രീതിയില്‍ പ്രതിഷേധിക്കാനോ കഴിയും. പിന്നെയെന്തിന് അവര്‍ ഒരു മിത്തിക്കല്‍ ഖലീഫയെ തേടിപോകണം.

  • 4. നാലാമത്തേത് ഒരു മുടന്തന്‍ വൈരുദ്ധ്യമാണ്. മുസ്ലിം ജനസംഖ്യയെയും സമ്പത്തിനെയും വിഭജിക്കുന്ന മൂര്‍ച്ചയുള്ള ദേശീയ അതിര്‍ത്തികളാണത്‌. ഏഷ്യയിലും ആഫ്രിക്കയിലുമായി മുസ്ലിംജനസംഖ്യയുടെ ഭൂരിഭാഗവും ദരിദ്രമായ സമ്പത്ത് വ്യവസ്ഥകളില്‍ ജീവിക്കുമ്പോള്‍ താരതമ്യേന ജനസംഖ്യയില്‍ കുറവായ ഗള്‍ഫ് അറബികള്‍ ലോകത്തെ അതിസമ്പന്ന രാജ്യങ്ങളില്‍ കഴിയുന്നു. പാന്‍-ഇസ്ലാമിസത്തിന്റെ സ്പിരിറ്റില്‍ അവര്‍ തങ്ങളുടെ സ്വത്ത് മറ്റുള്ളവര്‍ക്ക് വേണ്ടി തുല്യമായി വീതിയ്ക്കുന്നില്ലല്ലോ.

പടിഞ്ഞാറന്‍ നാടുകളുമായുള്ള ഒത്തുതീര്‍പ്പില്‍ അവര്‍ സന്തുഷ്ടരാണ്, ഇപ്പോള്‍ ഇന്ത്യയുമായും ഇസ്രയേലുമായുമുള്ള ബന്ധത്തിലും. കാരണം, അവരെ സംബന്ധിച്ചിടത്തോളം അവരുടെ രാഷ്ട്രീയ ബലം, രാജകീയ പദവികള്‍, ആഗോള നിലവാരം എന്നിങ്ങനെ എല്ലാം പാന്‍-ഇസ്ലാമിസം വെല്ലുവിളിക്കുന്ന ഒരു കാര്യത്തെ ആശ്രയിച്ചിരിക്കുന്നു: സ്റ്റാറ്റസ് ക്യു- മാറ്റമില്ലാത്ത രാഷ്ട്രീയാവസ്ഥ. ജിഡിപിയും-ജനസംഖ്യയും തമ്മിലെ ഈ പൊരുത്തക്കേടില്‍ ആരും വിശദീകരണം നല്‍കുന്നില്ല. ഐഎസ് പോലുള്ള ഒരു ശക്തി ഉയര്‍ന്നുവന്നതും ഈ മതിലുകളെ കൂടുതല്‍ ശക്തിപ്പെടുത്തി.

  • 5. അവസാനമായുള്ളത് ജനാധിപത്യത്തിന്റെ അഭാവമാണ്, മിക്ക ഇസ്ലാമിക രാജ്യങ്ങളിലും നിങ്ങള്‍ക്ക് പ്രതിഷേധിക്കാന്‍ പോലും കഴിയില്ല, ഭരണകൂടത്തിനെതിരായി അമര്‍ഷം പ്രകടിപ്പിക്കാനാകില്ല. നിങ്ങളുടെ പാരമ്പര്യത്തെ അമേരിക്കന്‍ ചെകുത്താന് വിറ്റതില്‍ മടുപ്പ് തോന്നിയേക്കാം, പക്ഷേ നിങ്ങള്‍ക്ക് അതില്‍ ഒന്നും ചെയ്യാന്‍ കഴിയില്ല. ഒരു മുദ്രാവാക്യം വിളിക്കാനോ, ഒരു പ്ലക്കാര്‍ഡ് വീശാനോ, ഒരു ബ്ലോഗ് എഴുതാനോ, പത്രാധിപര്‍ക്ക് ഒരു കത്തെഴുതാനോ എന്തിന് ഒരു ട്വീറ്റ് പോലും ചെയ്യാനാകില്ല. അത് നിങ്ങളെ എന്നെന്നേക്കുമായി ജയിലിലടയ്ക്കുന്നതിലേക്ക് നയിക്കാം, അല്ലെങ്കില്‍ നിങ്ങളുടെ ശിരസ് ഛേദിക്കപ്പെടാം. അതിനാല്‍ അതു ചെയ്യാന്‍ കഴിയുന്നിടത്തേക്ക് നിങ്ങള്‍ പോകും, അതു ചെയ്യും

ഈ പശ്ചാത്തലത്തിലാണ് ഞാന്‍ 2003 ല്‍ നാഷണല്‍ ഇന്ററസ്റ്റ് എന്ന കോളത്തില്‍ പ്രതികാരത്തിന്റെ ആഗോളവത്കരണത്തെക്കുറിച്ച് എഴുതിയത്. നിങ്ങളുടെ രാജ്യത്ത് ഒന്നും ചെയ്യാന്‍ കഴിയുന്നില്ല അതിനാല്‍, നിങ്ങള്‍ അത് യൂറോപ്പിലും അമേരിക്കയിലും ചെയ്യുന്നു. ക്രൂരമായി നിയന്ത്രിക്കപ്പെടുന്ന നിങ്ങളുടെ ദേശീത്തിന്റെ സുരക്ഷയ്ക്ക് കീഴില്‍ നിങ്ങള്‍ക്ക് കോപത്താല്‍ ഒരു വാക്ക് അടക്കംപറയാന്‍ പോലും കഴിയില്ല, അതിനാല്‍ നിങ്ങള്‍ നിങ്ങള്‍ക്ക് സ്വാതന്ത്രത്തോടെ ജീവിക്കാന്‍ കഴിയുന്ന, പൈലറ്റാകാന്‍ പരിശീലനം ലഭിക്കുന്ന, മറ്റൊരിടത്തേക്ക് പോകും എന്നിട്ട് വിമാനങ്ങള്‍ ഇരട്ട ഗോപുരങ്ങളിലേക്ക് (ട്വിന്‍ ടവര്‍) ഇടിച്ചുകയറ്റും. അവിടെ ഖാലിദ് ഷെയ്ഖ് മുഹമ്മദിന് പോലും ഏറെക്കുറെ ന്യായമായ വിചാരണയ്ക്ക് അവകാശമുണ്ട്. നിങ്ങള്‍ക്ക് നിങ്ങളുടെ യജമാനന്മാരുമായി യുദ്ധം ചെയ്യാന്‍ കഴിയില്ല, അപ്പോള്‍ എന്തുകൊണ്ട് യജമാനന്റെ യജമാനന്മാരെ ശിക്ഷിച്ചുകൂടാ? ഇത് പ്രതികാരത്തിന്റെ ആഗോളവല്‍ക്കരണമല്ലേ?

9/11

ഉപസംഹാരമായി, ഫ്രാന്‍സിലെ സാമുവല്‍ പാറ്റിയുടെ കൊലപാതകത്തിലേക്ക് തന്നെ മടങ്ങാം. ചെചെന്‍ അഭയാര്‍ഥി കുടുംബത്തിലെ പതിനെട്ടുകാരനായ അബ്ദുല്ലഖ് അന്‍സോറോവ് ആയിരുന്നു കൊലയാളി. വടക്കന്‍ കോക്കസസിലെ ഒരു ചെറിയ റഷ്യന്‍ രാജ്യമാണ് ചെച്നിയ, വെറും ഒരു ദശലക്ഷത്തിലധികം ആളുകള്‍ മാത്രമുള്ള അവിടെ 95 ശതമാനവും മുസ്ലിംങ്ങളാണ്. സ്വതന്ത്രരാകാനുള്ള അവരുടെ കലാപത്തെ റഷ്യക്കാര്‍ രണ്ട് ക്രൂരമായ യുദ്ധങ്ങളിലൂടെ കീഴടക്കി. പക്ഷേ, ‘സാധാരണ നില’ കൈവന്നപ്പോഴേക്കും ആ ചെറിയ ജനസംഖ്യയുടെ പകുതിയിലധികവും താമസിക്കുന്നത് അഭയാര്‍ഥിക്യാമ്പുകളിലായി. അവരില്‍ പലരും പാശ്ചാത്യരാജ്യങ്ങളില്‍ മെച്ചപ്പെട്ട ജീവിതമന്വേഷിച്ച് പോയി, അതിലൊന്നായിരുന്നു കൗമാരക്കാരനായ ആ കൊലയാളിയുടെ കുടുംബവും.

ഇനി നമുക്ക് പദപ്രശ്‌നം ഈ പുനര്‍നിര്‍മ്മിക്കാം. റഷ്യക്കാര്‍ക്കെതിരെ ചെച്നിയ നടത്തിയ ജിഹാദില്‍, അഫ്ഗാനിസ്ഥാനിലെ നിരവധി സൈനികര്‍ ഉള്‍പ്പെടെ ലോകമെമ്പാടുമുള്ള നിരവധി മുസ്ലിം ‘പോരാളികളി’കളാണ് അവരോടൊപ്പം ചേര്‍ന്നത്. കാരണം അവര്‍ ഇതുവരെ പഠിച്ചതെല്ലാം, റഷ്യക്കാര്‍ക്കെതിരെ ഒരു ജിഹാദ് പോരാട്ടം നടത്താനുള്ളത് മാത്രമായിരുന്നു. പാന്‍-ഇസ്ലാമിസം ചെചന്‍മാരുടെ മരണത്തിനും, നാശത്തിനും, കൂട്ട അനാഥത്വത്തിലേക്കുമാണ് നയിച്ചത്. പതിനായിരങ്ങള്‍ തങ്ങളുടെ സുരക്ഷയ്ക്കും മെച്ചപ്പെട്ട ജീവിതത്തിനും സമാധാനത്തിനുമായി ജനാധിപത്യം പിന്തുടരുന്ന ലിബറല്‍ രാജ്യങ്ങളിലേക്ക് രക്ഷപ്പെട്ടു. ഇപ്പോള്‍ അവര്‍ അവിടെയും സ്വന്തം സാമൂഹികവും മതപരവുമായ മൂല്യങ്ങള്‍ പാലിക്കാന്‍ ആഗ്രഹിക്കുന്നു, ഇനി നിങ്ങളുടെ കാര്‍ട്ടൂണിസ്റ്റുകള്‍ക്ക് എന്ത് വരയ്ക്കാമെന്നും അധ്യാപകര്‍ക്ക് എന്ത് പഠിപ്പിക്കാമെന്നും തീരുമാനിക്കാം. നമ്മള്‍ മുമ്പ് വിശദീകരിച്ച അഞ്ച് പോയിന്റുകള്‍ക്ക് അര്‍ത്ഥമുണ്ടോ ഇല്ലയോ എന്ന് ചിന്തിക്കുകയും ചര്‍ച്ച നടത്തുകയും ചെയ്യൂ.

ശേഖര്‍ ഗുപ്ത ദി പ്രിന്റിലെഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര പരിഭാഷ. വിവര്‍ത്തനം: അനുപമ ശ്രീദേവി

Popular Stories

    Next Story