Top

ഒന്നരവര്‍ഷത്തിന് ശേഷം കശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ്; ഫോര്‍ ജി മുബാറക്കെന്ന് ഒമര്‍ അബ്ദുള്ള; ‘ഒരിക്കലും കിട്ടാത്തതിനേക്കാള്‍ ഭേദം ‘

2019 ആഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ 4ജി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല.

5 Feb 2021 10:02 AM GMT

ഒന്നരവര്‍ഷത്തിന് ശേഷം കശ്മീരില്‍ ഫോര്‍ ജി ഇന്റര്‍നെറ്റ്; ഫോര്‍ ജി മുബാറക്കെന്ന് ഒമര്‍ അബ്ദുള്ള; ‘ഒരിക്കലും കിട്ടാത്തതിനേക്കാള്‍ ഭേദം ‘
X

18 മാസങ്ങള്‍ക്ക് ശേഷം ജമ്മു കശ്മീരില്‍ ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിച്ചു. ജമ്മുകശ്മീരിന് പ്രത്യേക പദവി അനുവദിച്ചിരുന്ന അനുച്ഛേദം 370 റദ്ദാക്കിയതിന് ശേഷം ആദ്യമായാണ് കശ്മീരില്‍ 4ജി സേവനങ്ങള്‍ തിരിച്ചെത്തുന്നത്. 4ജി സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെട്ടതായി ഇന്ന് വൈകീട്ട് ജമ്മു കശ്മീര്‍ സര്‍ക്കാര്‍ വക്താവ് രോഹിത് കന്‍സല്‍ പ്രഖ്യാപിക്കുകയായിരുന്നു.

ഇന്റര്‍നെറ്റ് പുനസ്ഥാപിക്കപ്പെട്ടതിന് തൊട്ടുപിന്നാലെ ജമ്മു കശ്മീര്‍ മുന്‍മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള പ്രതികരണവുമായി എത്തി. 4ജി മുബാറക്ക് എന്ന അഭിവാദ്യത്തോടെ ആരംഭിച്ച ഒരു ട്വീറ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. 2019 ആഗസ്റ്റിന് ശേഷം ഇതാദ്യമായാണ് കശ്മീരില്‍ 4 ജി സേവനമെത്തുന്നതെന്നും ഒന്നുമില്ലാത്തതിലും ഭേദമാണ് ഈ വൈകിയെത്തിയ 4ജിയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

2019 ആഗസ്റ്റ് 5 മുതല്‍ കശ്മീരില്‍ 4ജി സേവനങ്ങള്‍ ലഭ്യമായിരുന്നില്ല. ഈ 18 മാസക്കാലയളവില്‍ നിരവധി സാമൂഹ്യപ്രവര്‍ത്തകരും മുന്‍മന്ത്രിമാരുള്‍പ്പെടെയുള്ള രാഷ്ട്രീയക്കാരും കശ്മീരില്‍ തടങ്കലിലായിരുന്നു. കഴിഞ്ഞ സെപ്തംബര്‍ മാസം സുപ്രിംകോടതിയുടെ നിര്‍ദ്ദേശപ്രകാരം ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സേവനങ്ങളും 2ജി ഇന്റര്‍നെറ്റും കശ്മീരില്‍ പുനസ്ഥാപിക്കപ്പെട്ടിരുന്നു. ഈ മാസം ആദ്യം കശ്മീരില്‍ 4ജി ഇന്റര്‍നെറ്റ് സേവനങ്ങള്‍ പുനസ്ഥാപിക്കപ്പെടുന്നതിന്റെ സാധ്യത പഠിക്കാന്‍ സുപ്രിംകോടതി ജമ്മു കശ്മീര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു.

Popular Stories

    Next Story