
വിവാദ കാര്‍ഷികനിയമങ്ങള്‍ക്കെതിരെയുള്ള കര്‍ഷകപ്രതിഷേധത്തിനിടെ സിംഘു അതിര്‍ത്തിയില്‍ നടന്ന സംഘര്‍ഷവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ഡല്‍ഹി പൊലീസ് അറസ്റ്റുചെയ്തു. പൊലീസിനെ വാള് കൊണ്ട് ആക്രമിച്ച യുവാവ് ഉള്‍പ്പെടെ 43 പേര്‍കൂടിയാണ് അറസ്റ്റിലായത്. സമരത്തില്‍ പങ്കെടുക്കുന്നവരെ അക്രമിക്കുകയും സമരക്കാരുടെ അലക്കുയന്ത്രങ്ങള്‍ തകര്‍ക്കുകയും ചെയ്ത ഒരു യുവാവ് തന്നെയാണ് വാള്‍കൊണ്ട് പൊലീസിനേയും ആക്രമിക്കാന്‍ ശ്രമിച്ചത്. 22കാരാനായ രഞ്ജീത് സിംഗാണ് പൊലീസിന്റെ പിടിയിലായത്. അറസ്റ്റിലായ 43 പേരില്‍ ഭൂരിഭാഗവും കര്‍ഷകരാണ്.
സിംഘു അതിര്‍ത്തിയിലെ സംഘര്‍ഷത്തിനുശേഷം ഇന്നലെ കൂടുതല്‍ കര്‍ഷകര്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നും സമരവേദിയിലേക്കെത്തിയിരുന്നു. ഗാസിപൂരിലെ സമരസ്ഥലം ഒഴിപ്പിക്കാനുള്ള നീക്കത്തിനെതിരെ കര്‍ഷകര്‍ ഇന്ന് പ്രതിഷേധമറിയിക്കും. ഡല്‍ഡി-യുപി അതിര്‍ത്തിയായ ഗാസിപൂരില്‍ ഇന്നും സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്നതിനാല്‍ പൊലീസ് ഈ പ്രദേശത്ത് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. നാട്ടുകാരെന്ന് അവകാശപ്പെടുന്ന ആളുകള്‍ ഇന്ന് ഗാസിയാപൂരിലെ സമരസ്ഥലത്തുമെത്തി അക്രമം നടത്തിയേക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ടുള്ളതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
മഹാത്മാഗാന്ധിയുടെ രക്തസാക്ഷിദിനമായ ഇന്ന് സദ്ഭാവനദിവസമായി ആചരിക്കുമെന്ന് യുണൈറ്റഡ് കിസാന്‍ മോര്‍ച്ച അറിയിച്ചിരുന്നു. ദിനാചരണത്തിന്റെ ഭാഗമായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ രാവിലെ 9 മണിമുതല്‍ വൈകീട്ട് 5 മണിവരെ നിരാഹാരസമരം നടത്തുമെന്നും യുണൈറ്റഡ് കിസാന്‍ മോര്‍ച്ച അറിയിച്ചു.
ഗാസിപൂരിലെ സമരവേദി ഒഴിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ബിജെപിയ്ക്കുള്ളില്തന്നെ അഭിപ്രായ വ്യത്യാസങ്ങള്‍ രൂക്ഷമാകുകയാണ്. രാകേഷ് ടിക്കായത്തിന്റെ നേതൃത്വത്തിലുള്ള സംഘത്തെ ഒഴിപ്പിക്കാനുള്ള ശ്രമങ്ങളില്‍ ജാട്ട് വിഭാഗത്തിന് കടുത്ത അതൃപ്തിയുണ്ടായിട്ടുണ്ടെന്നും ഇത് ഉത്തര്‍പ്രദേശ്, ഹരിയാന, രാജസ്ഥാന് മുതലായ സംസ്ഥാനങ്ങളിലെ വോട്ട്ബാങ്ക് രാഷ്ട്രീയത്തെ ബാധിക്കുമെന്നും ബിജെപിയിലെ ഒരുവിഭാഗം വിമര്‍ശിച്ചു. ഉത്തര്‍പ്രദേശ് സര്‍ക്കാരാണ് സാഹചര്യം കൂടുതല്‍ വഷളാക്കിയതെന്ന് ബിജെപി എംപിമാര്‍ തന്നെ ആരോപിച്ചു. ഇവരെക്കൂടാതെ മറ്റ് പാര്‍ട്ടിയിലെ നേതാക്കളും സര്‍ക്കാര്‍ നടപടിയ്ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിട്ടുണ്ട്.