Top

ക്രിക്കറ്റ് ദൈവം അങ്ങേറ്റം കുറിച്ചിട്ട് ഇന്ന് 31 വര്‍ഷം; കറാച്ചിയില്‍ ആ പതിനാറുകാരന്‍ ബാറ്റുയര്‍ത്തിയത് ഇതിഹാസത്തിലേക്ക്

15 Nov 2020 1:12 AM GMT
അനുപമ ശ്രീദേവി

ക്രിക്കറ്റ് ദൈവം അങ്ങേറ്റം കുറിച്ചിട്ട് ഇന്ന് 31 വര്‍ഷം; കറാച്ചിയില്‍ ആ പതിനാറുകാരന്‍ ബാറ്റുയര്‍ത്തിയത് ഇതിഹാസത്തിലേക്ക്
X

മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് പാക്കിസ്ഥാനെതിരെ കറാച്ചിയില്‍ ടെസ്റ്റിനിറങ്ങിയ ആ പതിനാറുകാരനെ ഇന്ന് നാം ക്രിക്കറ്റ് ദൈവമെന്നാണ് അറിയുക. 1989 നവംബര്‍ 15ന് സച്ചില്‍ തെണ്ടുല്‍ക്കര്‍ എന്ന കൗമാരക്കാരന്‍ ഇന്ത്യയ്ക്കായി ടെസ്റ്റ് കളിക്കാനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ജനത, എന്തിന് ലോകം പോലും ഒരു ദൈവത്തിന്റെ പിറവിയ്ക്ക് സാക്ഷ്യം വഹിക്കാന്‍ പോകുന്ന ഒരു ദിവസമായി അതിനെ കണ്ടുകാണില്ല. എന്നാല്‍ അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തന്റെ ആദ്യ ടെസ്റ്റിലെ 15 റണ്‍സുമായി സച്ചിന്‍ ചുവടുവെച്ച ആ ദിവസം ക്രിക്കറ്റ് ചരിത്രത്തിന് പിന്നീട് മറക്കാനായിട്ടില്ല.

ടെസ്റ്റ് ക്രിക്കറ്റില്‍ ഇന്ത്യയ്ക്കായി ഇറങ്ങിയ ഏറ്റവും പ്രായം കുറഞ്ഞ അരങ്ങേറ്റക്കാരന്‍ എന്ന ഇന്നും ആരാലും തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകൂടി സ്വന്തമാക്കിയായിരുന്നു സച്ചിനന്ന് ക്രീസിലെത്തിയത്. എന്നാല്‍ എതിരെയുണ്ടായിരുന്നത് ഇമ്രാന്‍ ഖാന്‍, വസീം അക്രം എന്നിവരടങ്ങിയ ആക്രമണകാരികളായ പാക് ബൗളര്‍മാരും. അന്ന് 15 റണ്‍സില്‍ സച്ചിന് കളിയവസാനിപ്പിക്കേണ്ടി വന്നു. മുന്നില്‍ 34,000 റണ്‍സിന്റെ എക്കാലത്തെയും മികച്ച കരിയറിന്റെ ചരിത്രമുണ്ടാക്കാന്‍.

ആദ്യ അന്താരാഷ്ട്ര ടെസ്റ്റിലെ 15 റണ്‍സ്

പേസ് ഇതിഹാസം വഖാര്‍ യൂനസിന്റെ പന്തില്‍ മനോജ് പ്രഭാകറിന്റെ വിക്കറ്റ് വീഴുന്നതോടെയാണ് ഇന്ത്യയുടെ ബാറ്റിംഗ് മധ്യനിരയില്‍ നിന്ന് സച്ചിന്‍ ക്രീസിലേക്കെത്തുന്നത്. ലോകക്രിക്കറ്റിലെ വമ്പന്‍മാരായിരുന്ന ബൗളര്‍മാരെയാണ് അരങ്ങേറ്റ മത്സരത്തില്‍ തന്നെ അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതിനാല്‍ തന്നെ അന്നത്തെ മത്സരമുയര്‍ത്തിയ വെല്ലുവിളി തന്നെ അത്രയധികം കുഴക്കിയെന്നാണ് സച്ചിന്‍ പിന്നീട് പറഞ്ഞിട്ടുള്ളത്. അധിക നേരം നില്‍ക്കാനാകാതെ പതിനഞ്ച് റണ്‍സില്‍ വിക്കറ്റ് വീണ് സച്ചിന്‍ അന്ന് മടങ്ങുമ്പോള്‍ മറുപുറത്ത് വിക്കറ്റ് വീഴ്ത്തിയ വഖാര്‍ യൂനസിന്റേയും ആദ്യ അന്താരാഷ്ട്ര ടെസ്റ്റ് മത്സരമായിരുന്നു അത്.

അരങ്ങേറ്റത്തില്‍ നിന്ന് ഇതിഹാസത്തിലേക്ക്

പിന്നീട് തന്റെ 24 വര്‍ഷം നീണ്ടുനിന്ന കരിയറിലെ ഇരുന്നൂറ് ടെസ്റ്റുകളില്‍ നിന്ന് സ്ച്ചിന്‍ നേടിയത് 15921 റണ്‍സുകളാണ്. 51 സെഞ്ച്വറികളടങ്ങുന്ന ആ റണ്‍സ് യാത്രയില്‍ 53.78 ആയിരുന്നു അദ്ദേഹത്തിന്റെ ശരാശരി റണ്‍റേറ്റ്. 463 അന്താരാഷ്ട്ര ഏകദിന മത്സരങ്ങളില്‍ നിന്ന് 18426 റണ്‍സ് നേടിയ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ 44.83 ശരാശരിയില്‍ അടിച്ചുകൂട്ടിയത് 49 സെഞ്ച്വറികളും 96 അര്‍ദ്ധസെഞ്ച്വറികളുമാണ്. അങ്ങനെ ഒരു ഫാസ്റ്റര്‍ ബോളാറാകാന്‍ സ്വപ്‌നം കണ്ട് ക്രിക്കറ്റിലേക്ക് വന്ന സച്ചിന്‍ ബാറ്റുകൊണ്ട് റെക്കോര്‍ഡുകള്‍ പറത്തുന്നതാണ് ലോകം പിന്നീട് കണ്ടത്.

ഒടുവില്‍ 2013 നവംബര്‍ 16ന് തന്റെ അരങ്ങേറ്റ ദിനത്തിന്റെ 24ാം വര്‍ഷത്തിന്റെ പിറ്റേന്ന് സച്ചിന്‍ എന്ന ഇതിഹാസം അന്താരാഷ്ട്ര ക്രിക്കറ്റില്‍ തന്റെ ഇരുന്നൂറാം ടെസ്റ്റ് മത്സരം പൂര്‍ത്തിയാക്കി. എന്നാല്‍ അന്ന് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകരെ നിരാശരാക്കുന്ന മറ്റൊന്നുമുണ്ടായി. സച്ചിന്‍ വിരമിച്ചു.

മുപ്പത്തിയൊന്ന് വര്‍ഷങ്ങള്‍ക്കിപ്പുറം, സച്ചിന്‍ വിരമിച്ച് ഏഴു വര്‍ഷങ്ങള്‍ക്കിപ്പുറം റെക്കോര്‍ഡുകളും ആരവങ്ങളും കൊണ്ട് സമ്പന്നമായ ആ കരിയറിലേക്കുള്ള തിരിഞ്ഞുനോക്കുമ്പോള്‍ അതെത്തിനില്‍ക്കുന്നത് അന്ന് കറാച്ചിയില്‍ ആദ്യമായി ബാറ്റുയര്‍ത്തിയ ആ പതിനാറുകാരനിലാണ്.

Next Story