Top

96 മണിക്കൂര്‍ കുഴല്‍ കിണറില്‍; മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു

മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു.

7 Nov 2020 11:44 PM GMT

96 മണിക്കൂര്‍ കുഴല്‍ കിണറില്‍; മധ്യപ്രദേശില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസുകാരന്‍ മരിച്ചു
X

മധ്യപ്രദേശിലെ നിവാരയില്‍ കുഴല്‍ കിണറില്‍ വീണ മൂന്ന് വയസ്സുകാരന്‍ മരിച്ചു. കുഴല്‍കിണറില്‍ വീണ പ്രഹ്ലാദിനെ 96 മണിക്കൂറുകള്‍ക്ക് ശേഷമാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് പുറത്തെത്തിക്കാന്‍ കഴിഞ്ഞത്. നാല് ദിവസത്തോളമാണ് കുട്ടിക്ക് കുഴല്‍ കിണറില്‍ കിടക്കേണ്ടി വന്നത്.

കഴിഞ്ഞ ബുധനാഴ്ച്ചയാണ് പ്രഹ്ലാദ് കുഴല്‍ കിണറിലേക്ക് വീണത്. വീടിന് സമീപം കളിച്ച് കൊണ്ടിരിക്കുമ്പോഴാണ് കുട്ടി 58 അടിയുള്ള കിണറിലേക്ക് വീഴുന്നത്. രക്ഷാപ്രവര്‍ത്തകരെത്തി കുട്ടിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും പ്രയത്‌നങ്ങള്‍ വിഫലമാവുകയായിരുന്നു. ജില്ലാ കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം എണ്ണ പാടങ്ങള്‍ കുഴിക്കാന്‍ ഉപയോഗിക്കുന്ന യന്ത്രമുപയോഗിച്ചുകൊണ്ടാണ് സംഘം രക്ഷാപ്രവര്‍ത്തനം നടത്തിയത്.കുട്ടി വീണ കുഴല്‍ കിണറിന് സമാന്തരമായി മറ്റൊരു കുഴിയെടുത്തുകൊണ്ടായിരുന്നു സംഘം കുട്ടിയെ രക്ഷപ്പെടുത്താന്‍ ശ്രമിച്ചത്.

എന്നാല്‍ കുഴിയില്‍ വെള്ളം നിറഞ്ഞത് രക്ഷാപ്രവര്‍ത്തനത്തെ സാര മായ രീതിയില്‍ തന്നെ ബാധിച്ചു. രക്ഷാപ്രവര്‍ത്തനം വിജയിക്കാതെ വന്നതോടെ കുട്ടിയെ രക്ഷപ്പെടുത്താനുള്ള സാധ്യത കുറയുകയായിരുന്നു. നാല് ദിവസം കുഴല്‍ കിണറില്‍ കിടന്നതിന് ശേഷമാണ് കുട്ടിയെ പുറത്തെത്തിക്കാന്‍ രക്ഷാപ്രവര്‍ത്തകര്‍ക്ക് സാധിച്ചത്. നീണ്ട 96 മണിക്കുര്‍ വായുവും ആഹാരവും ലഭിക്കാതെ വന്നതോടെ കുട്ടി മരിക്കുകയായിരുന്നു.

കുട്ടിയുടെ മരണത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ അനുശോചനം രേഖപ്പെടുത്തി. കുട്ടിയുടെ കുടുംബത്തിന് സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ സഹായ ധനം പ്രഖ്യപിച്ചു.

Next Story