Top

ജെഡിഎസില്‍നിന്നും 240 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; ഉപതെരഞ്ഞെടുപ്പടുക്കവെ കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങളുമായി ഡികെ ശിവകുമാര്‍

രാജേശ്വരി നഗറില്‍ മുന്‍ ജെഡിഎസ് നേതാവ് ഹനുമാന്‍താരയ്യപ്പയുടെ മകള്‍ കുസുമയെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്.

17 Oct 2020 12:32 AM GMT

ജെഡിഎസില്‍നിന്നും 240 നേതാക്കള്‍ കോണ്‍ഗ്രസിലേക്ക്; ഉപതെരഞ്ഞെടുപ്പടുക്കവെ കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങളുമായി ഡികെ ശിവകുമാര്‍
X

ബെംഗളൂരു: ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കര്‍ണാടകത്തില്‍ രാഷ്ട്രീയ നീക്കങ്ങല്‍ സജീവമാക്കി കോണ്‍ഗ്രസ്. രാജേശ്വരി നഗറിലെ 240 ജെഡിഎസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്നു. യൂണിറ്റ് പ്രസിഡന്റ് ബേട്ടാസ്വാമി ഗൗഡ അടക്കമുള്ളവരെയാണ് കോണ്‍ഗ്രസ് പാളത്തിലെത്തിച്ചത്.

കര്‍ണാടക കോണ്‍ഗ്രസ് അധ്യക്ഷന്‍ ഡികെ ശിവകുമാറിന്റെയും അദ്ദേഹത്തിന്റെ സഹാദരന്‍ ബെംഗളൂരു റൂറല്‍ എംപി ഡികെ സുരേഷിന്റെയും സാന്നിധ്യത്തിലായിരുന്നു ജെഡിഎസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് അംഗത്വം സ്വീകരിച്ചത്. ‘കഴിഞ്ഞ 15 വര്‍ഷത്തെ പ്രവര്‍ത്തന ഫലമാണിത്. ഇപ്പോള്‍ ആ സമയം ആഗതമായിരിക്കുന്നു. അവര്‍ ഉപാധികളൊന്നുമില്ലാതെ ഒരു ദേശീയ പാര്‍ട്ടിയുടെ ഭാഗമായിരിക്കാന്‍ ആഗ്രഹിച്ചാണ് ഇവര്‍ കോണ്‍ഗ്രസിലെത്തിയത്’, ഡികെ ശിവകുമാര്‍ പറഞ്ഞു.

2018ലെ തെരഞ്ഞെടുപ്പില്‍ ജെഡിഎസ് 60,000 വോട്ടുകളാണ് നേടിയത്. പ്രാദേശിക പാര്‍ട്ടികള്‍ കോണ്‍ഗ്രസില്‍ ചേരുന്നത് പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങളെ പ്രോത്സാഹിപ്പിക്കുമെന്നും ഡികെ കൂട്ടിച്ചേര്‍ത്തു. രാജേശ്വരി നഗറില്‍ ജെഡിഎസിന് വിജയിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ‘1983ല്‍ ഞാന്‍ വിദ്യാര്‍ത്ഥി നേതാവായിരുന്നപ്പോള്‍ ബിജെപിയുടെ എം ശ്രീനിവാസായിരുന്നു വിജയിച്ചത്. 1989ല്‍ കോണ്‍ഗ്രസിന്റെ എസ് രമേഷിനായി ജയം. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും ശ്രീനിവാസ് ജയിച്ചു. 2008 മുതലിങ്ങോട്ട് വിജയം ബിജെപിക്ക് ഒരു തവണയും കോണ്‍ഗ്രസിന് തണ്ട് തവണയുമായിരുന്നു’, ഡികെ ശിവകുമാര്‍ പറഞ്ഞു.

രാജേശ്വരി നഗറില്‍ മുന്‍ ജെഡിഎസ് നേതാവ് ഹനുമാന്‍താരയ്യപ്പയുടെ മകള്‍ കുസുമയെയാണ് കോണ്‍ഗ്രസ് ഇറക്കുന്നത്.

നവംബര്‍ മൂന്നിന് നടക്കുന്ന ഉപതെരഞ്ഞെടുപ്പില്‍ രാജേശ്വരി ഗനറില്‍ വി കൃഷ്ണമൂര്‍ത്തിയെയാണ് സ്ഥാനാര്‍ത്ഥിയാക്കിയിരിക്കുന്നത്. എതിരഭിപ്രായങ്ങളൊന്നുമില്ലാതെ ബേട്ടാസ്വാമി ഗൗഡയാണ് കൃഷ്ണമൂര്‍ത്തിയുടെ പേര് പ്രഖ്യാപിച്ചതെന്ന് ജെഡിഎസ് നേതാവ് എച്ച്ഡി കുമാരസ്വാമി പറഞ്ഞിരുന്നു. അയോഗ്യനാക്കപ്പെട്ട എംഎല്‍എ മുനിരത്‌നയാണ് ബിജെപിയുടെ സ്ഥാനാര്‍ത്ഥി. ബിജെപിയില്‍ എത്തുന്നതിന് മുമ്പ് കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നു മുനിരത്‌ന.

ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസും ഡികെ ശിവകുമാറും നടത്തുന്ന രാഷ്ട്രീയ നീക്കങ്ങളില്‍ അമര്‍ഷത്തിലാണ് കുമാരസ്വാമി. വൊക്കലിംഗ വോട്ടുകള്‍ കോണ്‍ഗ്രസിന് അനുകൂലമാക്കുന്നതും പ്രാദേശിക പാര്‍ട്ടികളെ കോണ്‍ഗ്രസില്‍ ലയിപ്പിക്കുന്നതുമാണ് അവരെ ചൊടിപ്പിച്ചിരിക്കുന്നത്. രാജേശ്വരി നഗറില്‍ വൊക്കലിംഗ വോട്ടുകളാണ് ഭൂരുപക്ഷവും.

‘കൂടുതല്‍ വോട്ടുകള്‍ സ്വന്തമാക്കാനാണ് ഞങ്ങളുടെ പാര്‍ട്ടി പ്രവര്‍ത്തകരും മറ്റ് പാര്‍ട്ടികളും സ്വാഭാവികമായും ശ്രമിക്കുക. തെരഞ്ഞെടുപ്പിന് മുന്നോടിയായി ഇത്തരം രാഷ്ട്രീയ നീക്കങ്ങള്‍ എന്നുമുള്ളതാണ്. അത് വൊക്കലിംഗയാണോ മറ്റേതെങ്കിലും സമുദായമാണോ എന്നൊന്നും ഞാന്‍ നോക്കാറില്ല. എന്റെ മാതാപിതാക്കള്‍ വൊക്കലിംഗ സമുദായക്കാരാണ്. എനിക്കതിലൊന്നും ചെയ്യാനില്ല. എന്റെ വിദ്യാഭ്യാസ രേഖകളില്‍ ചേര്‍ത്തിരിക്കുന്നതും വൊക്കലിംഗയെന്നാണ്. പക്ഷേ, ഞാന്‍ കോണ്‍ഗ്രസ് പ്രസിഡന്റാണ്. കോണ്‍ഗ്രസാണ് എന്റെ മതം’, ഇതിന് മറുപടിയായി ഡികെ പറഞ്ഞു.

Popular Stories

    Next Story