‘ഞങ്ങളെ തുല്യരായല്ല കാണുന്നതെന്ന് ഓരോ ദിനവും തെളിയുന്നു’; യുപിയില്‍ 236 ദളിതര്‍ ബുദ്ധമതം സ്വീകരിച്ചു; ഹാത്രസ് വിഷയത്തില്‍ പ്രതിഷേധം
മൂര്‍ച്ചയേറിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.

ഉത്തര്‍പ്രദേശ് ഹാത്രസില്‍ ദളിത് പെണ്‍കുട്ടിയെ കൂട്ടബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതിഷേധിച്ച് വാത്മീകി വിഭാഗത്തില്‍പ്പെട്ട 236 പേര് ബുദ്ധമതം സ്വീകരിച്ചു. ഉത്തര്‍പ്രദേശിലെ ഖാസിയാബാദ് ജില്ലയിലെ കര്‍ഹേര ഗ്രാമത്തിലെ വാകത്മീകി സമുദായംഗങ്ങളാണ് ഹിന്ദുമതം ഉപേക്ഷിച്ച് പകരം ബുദ്ധമതം തെരഞ്ഞെടുത്തത്. ഡോ. ബിആര്‍ അംബേദ്കറിന്റെ ബന്ധുവായ രാജ് രത്ന അംബേദ്കറിന്റേയും ബുദ്ധസന്ന്യാസികളുടേയും ബുദ്ധിസ്റ്റ് സൊസൈറ്റി അധികൃതരുടേയും സാന്നിധ്യത്തിലാണ് ഇവര്‍ ബുദ്ധമതം സ്വീകരിച്ചത്.
‘ഞങ്ങള്‍ എത്ര പഠിച്ചാലും എന്ത് തൊഴില്‍ ചെയ്താലും വിപ്ലവം കാണിച്ചാലും ശരി ഞങ്ങളെ എല്ലാവരും അവരേക്കാള്‍ താഴെയുള്ളവരായിട്ടാണ് പരിഗണിക്കുന്നത്. ഞങ്ങള്‍ മറ്റുള്ളവര്‍ക്ക് തുല്യരായ പൗരന്മാരല്ല എന്ന് ഞങ്ങള്‍ക്ക് തന്നെ തോന്നലുണ്ടാകുന്നു. ഹാത്രസ് ബലാത്സംഗക്കേസിന്റെ കാര്യമായാലും, ദളിതര്‍ക്കെതിരെയുള്ള മറ്റ് കേസുകളിലായാലും, ഞങ്ങള്‍ ഓരോ ദിവസവും ഓരോ ഇടത്തും വിവേചനം അനുഭവിക്കേണ്ടി വരുന്നു’. ദളിതര്‍ ബുദ്ധമതം സ്വീകരിച്ച സംഭവത്തെ സ്വാഗതം ചെയ്തുകൊണ്ട് ബുദ്ധിസ്റ്റ് സൊസൈറ്റി പ്രവര്‍ത്തകര്‍ പറഞ്ഞു.
1956 മുതലാണ് ജാതിവിവേചനത്തിനെതിരെ ദളിതര്‍ ബുദ്ധമതം സ്വീകരിക്കുന്നത് ഒരു രാഷ്ട്രീയ തീരുമാനമായിക്കണ്ടുതുടങ്ങുന്നത്. ആ വര്‍ഷം അംബേദ്കര്‍ ബുദ്ധമതം സ്വീകരിച്ചതോടെ ഹിന്ദുമതം ഉപേക്ഷിക്കല്‍ മാത്രമാണ് ജാതിയില്‍ നിന്ന് മോചനം നേടാനുള്ള ഏകമാര്‍ഗ്ഗമെന്ന് വിശ്വസിച്ചഒരു വിഭാഗം ബുദ്ധമതം സ്വീകരിച്ചിരുന്നു. 2018 മുതല്‍ രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള അക്രമസംഭവങ്ങളില്‍ 7.3 ശതമാനം വര്‍ദ്ധനവ് രേഖപ്പെടുത്തിയ പശ്ചാത്തലത്തില്‍ക്കൂടിയാണ് ഹിന്ദുമതം ഉപേക്ഷിക്കുന്നതെന്ന് ബുദ്ധമതം സ്വീകരിച്ചശേഷം പ്രതിഷേധക്കാര്‍ പറഞ്ഞു.
‘ജാതിവിവേചനം എല്ലാ തലങ്ങളിലും നടക്കുന്നുണ്ട്. പോലീസ്, ഭരണകൂടം, സര്‍ക്കാര്‍ എന്നിങ്ങനെ എല്ലാ സ്ഥാപനങ്ങളിലും സവര്‍ണ്ണ ആധിപത്യമാണുള്ളത്. ദളികര്ക്കെതിരെ നടക്കുന്ന എല്ലാ അക്രമങ്ങള്ക്കുനേരെയും അതിനാല്‍ത്തന്നെ അധികാരികള്‍ കണ്ണടയ്ക്കുന്നു. ഹാത്രസിലെ കേസിലെ പോലെ അവര്‍ തന്നെ മര്‍ദ്ദകരായി മാറും’. ബുദ്ധമതം സ്വീകരിച്ചസംഘത്തിന്റെ പ്രതിനിധികള്‍ ദേശീയമാധ്യമങ്ങളോട് പറഞ്ഞു. മൂര്‍ച്ചയേറിയ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭയക്കുന്നതുകൊണ്ടാണ് ഹാത്രസ് പെണ്‍കുട്ടിയുടെ കുടുംബം ഇതുവരെ ബുദ്ധമതം സ്വീകരിക്കാത്തതെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.