
സംസ്ഥാനത്ത് കൊവിഡിന്റെ രണ്ടാം തരംഗം ശക്തിയാര്‍ജിക്കുന്ന പശ്ചാത്തലത്തില്‍ വന്‍തോതില്‍ ഓക്സിജന്‍ സംഭരിച്ച് ആരോഗ്യവകുപ്പ്. 219.22 മെട്രിക് ടണ്‍ ഓക്സിജനാണ് നിലവില്‍ സ്റ്റോക്കുള്ളത്. 2021 ഏപ്രില്‍ 15 വരെയുള്ള കണക്കനുസരിച്ച് 73.02 മെട്രിക് ടണ്‍ ഓക്സിജനാണ് ആവശ്യമായി വന്നിരുന്നത്. ഈ നിരക്കിന്റെ ഇരട്ടിയിലധികം ഓക്സിജന്‍ സ്റ്റോക്കുള്ളതിനാല്‍ ഒരു ഘട്ടത്തിലും ആര്‍ക്കും സംസ്ഥാനത്ത് ചികിത്സയോ പ്രാണവായുവോ മുടങ്ങില്ലെന്ന് ആരോഗ്യവകുപ്പ് അറിയിക്കുന്നു.
അതേസമയം സംസ്ഥാനത്തെ ഏക ലിക്വിഡ് ഓക്സിജന്‍ ഉത്പ്പാദകരായ പാലക്കാട് കഞ്ചിക്കോട് പ്ലാന്റിന്റെ ഉടമകള്‍ മെഡിക്കല്‍ ഓക്സിജന്റെ വില കൂട്ടുന്ന വിവരം സര്‍ക്കാരിനെ അറിയിച്ചു. 11.50 രൂപയ്ക്ക് ലഭിച്ചിരുന്ന ഒരു ക്യുബിക് മീറ്റര്‍ ഓക്സിജന്റെ വില 17 രൂപയാക്കി ഉയര്‍ത്തിയതായി പ്ലാന്റ് ഉടമകള്‍ സര്‍ക്കാരിനെ വാക്കാലെ അറിയിച്ചുവെന്ന് മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
2020 നവംബറില്‍ 184.09 മെട്രിക് ടണ്‍ ഓക്സിജനാണ് സംസ്ഥാനത്ത് സ്റ്റോക്കുണ്ടായിരുന്നത്. കൊവിഡ് രണ്ടാം തരംഗം ആഞ്ഞടിക്കുന്ന ഈ ഘട്ടത്തില്‍ എങ്ങനെ നോക്കിയാലും 35 മെട്രിക് ടണ്‍ ഓക്സിജന്‍ എങ്കിലും അധികമായുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ വിലയിരുത്തല്‍. നിലവില്‍ 699 രോഗികള്‍ ഐസിയുവിലും 199 രോഗികള്‍ വെന്റിലേറ്ററുകളിലും ചികിത്സയിലുണ്ട്.
ഇന്നലെ സംസ്ഥാനത്തെ പ്രതിദിന കൊവിഡ് കേസുകള്‍ പതിനായിരം കടന്നിരുന്നു. 10,031 പേരാണ് ഇന്നലെ കൊവിഡ് ബാധിതരായത്. കോഴിക്കോട് 1560, എറണാകുളം 1391, മലപ്പുറം 882, കോട്ടയം 780, തിരുവനന്തപുരം 750, ആലപ്പുഴ 745, തൃശൂര്‍ 737, കണ്ണൂര്‍ 673, കാസര്‍ഗോഡ് 643, പാലക്കാട് 514, കൊല്ലം 454, വയനാട് 348, ഇടുക്കി 293, പത്തനംതിട്ട 261 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്നലെ രോഗ ബാധ സ്ഥിരീകരിച്ചത്.
- TAGS:
- Covid 19
- Covid Kerala
- oxygen