Top

ഇനി ഐപിഎസ് കുപ്പായത്തില്‍ തന്നെ കാണാമെന്ന പ്രതീക്ഷയില്‍ ആര്യ; ഭാവി പരിപാടികള്‍ ഇങ്ങനെ

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് 21 കാരിയായ ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സിപിഐഎം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി കൂടിയാണ്. ആര്യ രാഷ്ട്രീയവും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുമെന്നത് ഇതിനകം പലരിലും സംശയം ഉയര്‍ന്നിരിക്കാം. എന്നാല്‍ അത് തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തോന്നുന്നില്ലെന്ന് ആര്യ നിസ്സംശയം പറയുന്നു. ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കി എംബിഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന് ചേരണം. തുടര്‍ന്ന് സിവില്‍ […]

26 Dec 2020 7:51 PM GMT

ഇനി ഐപിഎസ് കുപ്പായത്തില്‍ തന്നെ കാണാമെന്ന പ്രതീക്ഷയില്‍ ആര്യ; ഭാവി പരിപാടികള്‍ ഇങ്ങനെ
X

ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിനൊടുവില്‍ രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാവുകയാണ് 21 കാരിയായ ആര്യാ രാജേന്ദ്രന്‍. തിരുവനന്തപുരത്തെ മുടവന്‍മുഗള്‍ വാര്‍ഡില്‍ നിന്നും സിപിഐഎം പ്രതിനിധിയായി വിജയിച്ച ആര്യ രണ്ടാം വര്‍ഷ ബിഎസ്‌സി വിദ്യാര്‍ത്ഥിനി കൂടിയാണ്. ആര്യ രാഷ്ട്രീയവും പഠനവും എങ്ങനെ ഒരുമിച്ച് കൊണ്ടു പോകുമെന്നത് ഇതിനകം പലരിലും സംശയം ഉയര്‍ന്നിരിക്കാം. എന്നാല്‍ അത് തനിക്ക് ഒരു ബുദ്ധിമുട്ട് ഉണ്ടാക്കുമെന്ന് തോന്നുന്നില്ലെന്ന് ആര്യ നിസ്സംശയം പറയുന്നു.

ബിഎസ്‌സി പഠനം പൂര്‍ത്തിയാക്കി എംബിഎ പബ്ലിക്ക് അഡ്മിനിസ്‌ട്രേഷന് ചേരണം. തുടര്‍ന്ന് സിവില്‍ സര്‍വ്വീസ് എഴുതണം. ഇതില്‍ തന്നെ ലക്ഷ്യം ഐപിഎസാണെന്ന് ആര്യ പറയുന്നു. മാതൃഭൂമിക്ക് നല്‍കിയ അഭിമുഖത്തിലാണ് ആര്യയുടെ പ്രതികരണം. യൂണിഫോമിട്ട ജോലിയോടുള്ള സ്‌നേഹമാണ് ഐപിഎസ് ആഗ്രഹത്തിന് പിന്നില്‍.

ഇതുവരേയും സംഘടനാ പ്രവര്‍ത്തനത്തിനൊപ്പം പഠനവും മുന്നോട്ട് പോയിട്ടുണ്ട്. ഇതിന് സുഹൃത്തുക്കളുടേയും അധ്യാപകരുടേയും പിന്തുണയുണ്ടെന്നും സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചപ്പോള്‍ തന്നെ എല്ലാവരും വിളിച്ച് പിന്തുണ അറിയിച്ചിരുന്നുവെന്നും ആര്യ പറയുന്നു. രാഷ്ട്രീയവും പഠനവും ഒരുമിച്ച് കൊണ്ട് പോകുന്നത് വ്യക്തിയെന്ന നിലയില്‍ തന്റെ മുന്നോട്ടുള്ള ജീവിതത്തിനും ആവശ്യമാണല്ലോയെന്നും ആര്യ ചോദിക്കുന്നു.

വെള്ളിയാഴ്ചയാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനത്തേക്ക് 21കാരിയായ ആര്യ രാജേന്ദ്രനെ സിപിഐഎം ജില്ലാ സെക്രട്ടേറിയേറ്റ് നിര്‍ദേശിച്ചത്. തുടക്കത്തില്‍ ജമീല ശ്രീധരനെയായിരുന്നു മേയര്‍ സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായാണ് ആര്യ രാജേന്ദ്രനെ മേയറാക്കാന്‍ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് തീരുമാനിക്കുന്നത്. നഗരത്തില്‍ യുവ മേയര്‍ വരുന്നത് സിപിഐഎമ്മിന് ഗുണം ചെയ്യുമെന്നാണ് വിലയിരുത്തല്‍. ബാലസംഘം സംസ്ഥാന പ്രസിഡണ്ട്, എസ്എഫ്ഐ സംസ്ഥാന സമിതി അംഗം, സിപിഐഎം കേശവ്ദേവ് റോഡ് ബ്രാഞ്ച് കമ്മറ്റി അംഗം എന്നീ നിലകളിലും ആര്യ പ്രവര്‍ത്തിക്കുന്നു.

ഇടതുപക്ഷം തന്നെയാണ് ശരിയെന്നും ശരിയേതെന്ന് മനസിലാക്കിയാണ് താന്‍ രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നതെന്നും ആര്യ രാജേന്ദ്രന്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞിരുന്നു. ഇടതാണ് ശരിയെന്ന് ചെറുപ്രായത്തില്‍ തന്നെ മനസിലാക്കിയാണ് ബാലസംഘത്തിനൊപ്പവും എസ്എഫ്‌ഐയ്‌ക്കൊപ്പവും പ്രവര്‍ത്തിച്ചു തുടങ്ങിയതെന്നും ആര്യ പറഞ്ഞു. അച്ഛന്‍ സിപിഐഎം പ്രവര്‍ത്തകനാണ്. അദ്ദേഹത്തിലൂടെയാണ് പാര്‍ട്ടിയെ അറിഞ്ഞത്. എസ്എഫ്‌ഐയില്‍ താന്‍ സുരക്ഷിതയാണെന്ന വിശ്വാസം അച്ഛനുണ്ടെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന നിലയില്‍ ഭരണഘാടന മൂല്യങ്ങള്‍ ഉയര്‍ത്തി രാഷ്ട്രീയപ്രവര്‍ത്തനം നടത്തണമെന്ന് ആഗ്രഹിക്കുന്നയാളാണ് താന്‍. 21-ാം വയസില്‍ നേടിയ പക്വതയ്ക്ക് കാരണം എസ്എഫ്‌ഐയും ബാലസംഘവുമാണ്. ഇങ്ങനെ സംസാരിക്കാന്‍ സാധിക്കുന്നതും അതുകൊണ്ടാണ്. ജീവിതത്തില്‍ കരുത്ത് പകര്‍ന്നതും എസ്എഫ്‌ഐയും ബാലസംഘവുമാണ്. ആ സംഘടനപ്രവര്‍ത്തനം കൊണ്ടാണ് ധൈര്യപൂര്‍വ്വം തെരഞ്ഞെടുപ്പിനെ നേരിട്ടാന്‍ സാധിച്ചതെന്നും ആര്യ പറഞ്ഞു. വിദ്യാര്‍ഥിയെന്ന രീതിയിലും പ്രായം കുറഞ്ഞ കൗണ്‍സിലര്‍ എന്ന രീതിയിലും നിരവധി കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കുമെന്നാണ് വിശ്വാസം. യുവജനങ്ങള്‍ക്ക് തൊഴില്‍ എന്നത് വലിയൊരു ലക്ഷ്യമാണ്. അവരാണ് നാടിനെ നല്ല രീതിയില്‍ നയിക്കേണ്ടത്. എല്ലാ മേഖലയിലും ജനങ്ങളെ ഒരുപോലെ കണ്ട് വികസനക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും ആര്യ പറഞ്ഞിരുന്നു.

രാജ്യമൊട്ടാകെ ഉറ്റു നോക്കിയ തെരഞ്ഞെടുപ്പായിരുന്നു തിരുവനന്തപുരം കോര്‍പ്പറേഷനിലേത്. ഹൈദരാബാദിലെ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് തിരുവനന്തപുരം കോര്‍പ്പറേഷനും പിടിച്ചെടുക്കാം എന്നായിരുന്നു ബിജെപിയുടെ പ്രതീക്ഷ. എന്നാല്‍ കോര്‍പറേഷനില്‍ ഒരു സീറ്റ് കൂടിയാതല്ലാതെ അട്ടിമറി വിജയം എന്ന സ്വപ്നം ബിജെപിക്ക് അന്യമായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ കേവലഭൂരിപക്ഷം നേടിയാണ് ഇടതുമുന്നണി തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഭരണം നിലനിര്‍ത്തിയത്. വോട്ടെണ്ണല്‍ തുടങ്ങിയത് മുതല്‍ സ്വന്തമാക്കിയ മേല്‍ക്കെ അത് പൂര്‍ത്തിയാകുമ്പോഴും എല്‍ഡിഎഫ് കൈവിടാതെ കാത്തു. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായി കോര്‍പ്പറേഷന്‍ ഭരിച്ച ഇടതുമുന്നണി ഇത്തവണ കേവലഭൂരിപക്ഷം സ്വന്തമാക്കിയാണ് അധികാരത്തുടര്‍ച്ച നേടിയെടുത്തത്. ആകെയുള്ള 100 ല്‍ 52 സീറ്റുകള്‍ എല്‍ഡിഎഫ് സ്വന്തമാക്കി. 2015ല്‍ പിന്നിലേക്ക് പോയ മേഖകളിലൊക്കെ മുന്നേറ്റം ഉണ്ടാക്കാന്‍ ഇടതിന് കഴിഞ്ഞു. സിറ്റിംഗ് സീറ്റുകള്‍ ചിലത് കൈവിട്ടും അതിലേറെ പിടിച്ചെടുത്തുമാണ് മിന്നും വിജയം കരസ്ഥമാക്കിയത്.

Popular Stories

    Next Story