‘200 കര്‍ഷകര്‍ മരിച്ചുവീണപ്പോള്‍ അവര്‍ക്ക് നട്ടെല്ല് നിവര്‍ന്നില്ല’; ക്രീസിലിറങ്ങിയിരിക്കുന്നത് മോഡിയുടെ പാദസേവകരെന്ന് കെകെ രാഗേഷ്
കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോപ്പ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയാണ്. സച്ചിന് ടെന്റുല്‍ക്കര്‍, അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്. തപ്സി പന്നു തുടങ്ങി ബോളിവുഡ്, കായിക രംഗത്തെ നിരവധി പേരാണ് റിഹാനയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റ് ചെയ്തത്. എന്നാല്‍ പെട്ടെന്ന് ഒരുദിവസം ഉണ്ടായ സെലിബ്രിറ്റി പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെകെ രാഗേഷ് എംപി. രണ്ടരമാസത്തിലധികമായി ഇന്ത്യയിലെ കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുമ്പോഴും അതിക്രൂരമായി ശത്രുസൈന്യത്തെ പോലെ […]

കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് പോപ്പ് ഗായിക റിഹാന ട്വീറ്റ് ചെയ്തതിന് പിന്നാലെ അന്താരാഷ്ട്ര തലത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയാണ്. സച്ചിന് ടെന്റുല്‍ക്കര്‍, അക്ഷയ് കുമാര്‍, കങ്കണ റണൗട്ട്. തപ്സി പന്നു തുടങ്ങി ബോളിവുഡ്, കായിക രംഗത്തെ നിരവധി പേരാണ് റിഹാനയുടെ ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും ട്വീറ്റ് ചെയ്തത്. എന്നാല്‍ പെട്ടെന്ന് ഒരുദിവസം ഉണ്ടായ സെലിബ്രിറ്റി പ്രതികരണത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുകയാണ് കെകെ രാഗേഷ് എംപി. രണ്ടരമാസത്തിലധികമായി ഇന്ത്യയിലെ കര്‍ഷകര്‍ തെരുവില്‍ സമരം ചെയ്യുമ്പോഴും അതിക്രൂരമായി ശത്രുസൈന്യത്തെ പോലെ അതിക്രമങ്ങള്‍ നേരിടുമ്പോഴും സെലിബ്രറ്റികള്‍ നാവനക്കിയിട്ടില്ലെന്ന് കെകെ രാഗേഷ് വിമര്‍ശിച്ചു. ഫേസ്ബുക്ക് കുറിപ്പിലാണ് കെകെ രാഗേഷിന്റെ പ്രതികരണം. ഗോദിമീഡിയയെ കര്‍ഷകര്‍ അവഗണിക്കുന്നത് പോലെ ഇത്തരം ജല്പനങ്ങള കണ്ടില്ലെന്ന് നടിക്കുകയാണെന്നും കെകെ രാഗേഷ് പറഞ്ഞു.
കെകെ രാഗേഷിന്റെ പ്രതികരണത്തിന്റെ പൂര്‍ണരൂപം;
പാദസേവകര്‍ ക്രീസിലിറങ്ങുമ്പോള്‍
രണ്ടരമാസത്തോളമായി ഇന്ത്യയിലെ കര്‍ഷകര്‍ ഭരണകൂടത്തിന്റെ കോര്‍പ്പറേറ്റ് അനുകൂല നിയമങ്ങള്‍ക്കെതിരെ തെരുവില്‍ സമരത്തിലാണ്. തികച്ചും സമാധാനപൂര്‍ണ്ണമായ പ്രതിഷേധം. ഇരുന്നൂറിലധികം പേര് സമരമുഖത്ത് മരിച്ചുവീണു. നിരവധി പേരുടെ ആത്മാഹുതികള്‍ സമരത്തെ ആളിക്കത്തിച്ചു. ഇന്ത്യയിലെ ഫാസിസ്റ്റ് ഭരണകൂടം ഒരു തരിമ്പുപോലും പുറകോട്ടില്ലാതെ തലങ്ങും വിലങ്ങും സമരത്തെ അടിച്ചമര്‍ത്തുകയായിരുന്നു. വൃദ്ധരായ കര്‍ഷകരെപ്പോലും അതിക്രൂരമായി നേരിട്ടു. വലിയകിടങ്ങുകളും മുള്ളുവേലികളും ബാരിക്കേഡുകളും ഇരുമ്പാണികളും കൊണ്ട് ശത്രുസൈന്യത്തെയെന്നപോലെയാണ് കര്‍ഷകസമരത്തെ ഭരണകൂടം നേരിടുന്നത്. അപ്പോഴൊന്നും സെലിബ്രിറ്റികള്‍ക്ക് നാവനങ്ങിയില്ല. നട്ടെല്ല് നിവര്‍ന്നില്ല. ഒടുവില്‍ സമാനതകളില്ലാത്ത അടിച്ചമര്‍ത്തലുകള്‍ ലോകത്തിന് മുന്നില്‍ വാര്‍ത്തയായപ്പോള്‍, ജനാധിപത്യത്തില്‍ പ്രതീക്ഷയുള്ള, വിശ്വമാനവികതയില്‍ വിശ്വാസമര്‍പ്പിച്ച കലാകാരന്മാരും ചിന്തകരും ലോകമെങ്ങും പ്രതിഷേധസ്വരമുയര്‍ത്താന്‍ തുടങ്ങിയപ്പോള്‍ ‘രാജ്യസ്നേഹം’ അടക്കിനിര്‍ത്താനാവാതെ ചില ‘ദൈവങ്ങള്‍’ പ്രസ്താവനകളുമായി ഇറങ്ങിയിരിക്കുന്നു. കൂടുതല്‍ പേര് ആ വഴിക്ക് ഇനിയും വരുമെന്ന് തന്നെ വിശ്വസിക്കുന്നു. ‘ഗോദിമീഡിയ’യെ എങ്ങിനെയാണോ സമരത്തിലുള്ള കര്‍ഷകര്‍ അവഗണിക്കുന്നത്, അതുപോലെ തന്നെ ഇത്തരം ജല്പനങ്ങളെയും കണ്ടില്ലെന്ന് നടിക്കുകയാണ്. കാരണം, ഈ സമരം സിംഹാസനങ്ങള്‍ കീഴടക്കാനുള്ളതല്ല, ജീവിക്കാനുള്ള അവകാശത്തിന് വേണ്ടി മാത്രമാണ്.