Top

രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; സ്‌ഫോടകവസ്തുക്കള്‍ കണ്ടുകിട്ടിയതായി യുപി പോലീസ്

കോഴിക്കോട് സ്വദേശിയായ ഫിറോസ് ഖാന്‍, പത്തനംതിട്ട സ്വദേശിയായ ബദറുദ്ദീന്‍ എന്നിവരാണ് യുപി പൊലീസ് കസ്റ്റഡിയിലായത്

16 Feb 2021 9:34 PM GMT

രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ ഉത്തര്‍പ്രദേശില്‍ അറസ്റ്റില്‍; സ്‌ഫോടകവസ്തുക്കള്‍ കണ്ടുകിട്ടിയതായി യുപി പോലീസ്
X

ഉത്തര്‍പ്രദേശ് തലസ്ഥാനമായ ലഖ്‌നൗവില്‍ രണ്ട് മലയാളി പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ഡിറ്റണേറ്റര്‍, മറ്റ് സ്‌ഫോടകവസ്തുക്കള്‍, ആയുധങ്ങള്‍ എന്നിവ കൈവശം വെച്ചു എന്നാരോപിച്ചാണ് യുപി പൊലീസ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്നും സ്‌ഫോടക വസ്തുക്കള്‍ പിടിച്ചെടുത്തതായി യുപിയിലെ സ്‌പെഷ്യല്‍ ടാസ്‌ക് ഫോഴ്‌സ് വ്യക്തമാക്കി.

കോഴിക്കോട് സ്വദേശിയായ ഫിറോസ് ഖാന്‍, പത്തനംതിട്ട സ്വദേശിയായ ബദറുദ്ദീന്‍ എന്നിവരാണ് യുപി പൊലീസ് കസ്റ്റഡിയിലായത്. ഇവര്‍ രാജ്യത്തിന്റെ വിവിധ ഇടങ്ങളില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടതായാണ് പൊലീസ് ഭാഷ്യം. ആയുധങ്ങള്‍ കൂടാതെ ഇവരില്‍ നിന്ന് ചില സുപ്രധാനരേഖകളും പിടിച്ചെടുത്തതായി ഉത്തര്‍പ്രദേശ് എഡിജിപി പ്രശാന്ത് കുമാര്‍ വാര്‍ത്താസമ്മേളനത്തിലൂടെ അറിയിച്ചു.

എന്നാല്‍ ഇവരില്‍ നിന്നും ആയുധങ്ങളും രേഖകളും കണ്ടെടുത്തു എന്നത് യുപി പൊലീസ് ചമച്ച കെട്ടുകഥയാണെന്ന് പോപ്പുലര്‍ ഫ്രണ്ട് പറയുന്നു. സംഘടനാ വിപുലീകരണ ചുമതലയുമായി ബിഹാര്‍, പശ്ചിമ ബംഗാള്‍ സംസ്ഥനങ്ങളിലേക്ക് നിയോഗിക്കപ്പെട്ടവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തതെന്നാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ വാദം. ഇരുവരെയും ഈ മാസം 11നുശേഷം ബന്ധപ്പെടാനാകുന്നില്ലെന്ന് വീട്ടുകാര്‍ അറിയിച്ചിരുന്നു. ഇരുവരേയും കാണാനില്ലെന്ന് കാട്ടി വീട്ടുകാര്‍ കേരള പൊലീസില്‍ പരാതിപ്പെട്ടിരുന്നുവെന്നും പോപ്പുലര്‍ ഫ്രണ്ട് നേതൃത്വം പറയുന്നു.

ദേശീയ സുരക്ഷയുടെ പേരില്‍ യുപി പൊലീസ് ഇല്ലാക്കഥകള്‍ മെനയുന്നുവെന്ന് പോപ്പുലര്‍ ഫ്രണ്ട് ഒരു പ്രസ്താവനയിലൂടെ ആരോപിക്കുന്നു. സംഭവത്തിന്റെ അന്വേഷണചുമതല സിബിഐയെ ഏല്‍പ്പിക്കണമെന്നും പോപ്പുലര്‍ ഫ്രണ്ട് ആവശ്യപ്പെട്ടു.

Next Story