Top

പെഗാസസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരും നിരീക്ഷണ പട്ടികയില്‍

പല സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകള്‍ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. 2017 മുതല്‍ 2019വരെ സിംഗിന്റെ നമ്പര്‍ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയുമായി സിംഗിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

26 July 2021 5:36 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

പെഗാസസില്‍ കൂടുതല്‍ വെളിപ്പെടുത്തലുകള്‍; മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനും പ്രധാനമന്ത്രിയുടെ ഓഫീസിലുള്ളവരും നിരീക്ഷണ പട്ടികയില്‍
X

പെഗാസസ് സ്‌പൈവെയര്‍ ഉപയോഗിച്ചുകൊണ്ടുള്ള ഫോണ്‍ ചോര്‍ത്തല്‍ സംബന്ധിച്ച് കൂടുതല്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത്. മുതിര്‍ന്ന ഇഡി ഓഫീസര്‍ രാജേശ്വര്‍ സിംഗ്, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസിലെ ഉദ്യോഗസ്ഥര്‍ എന്നിവരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ന്നതായുള്ള റിപ്പോര്‍ട്ടുകളാണ് ഏറ്റവും പുതിയതായി പുറത്തുവരുന്നത്. അരവിന്ദ് കെജ്രിവാളിന്റെ പിഎയും മുന്‍ ഐഎഎസ് ഉദ്യോഗസ്ഥനുമായ വികെ ജയ്‌നിന്റെ പേരും നിരീക്ഷണ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ഡയറക്ടര്‍ ജനറലായ കെകെ ശര്‍മ്മയുടെ ഫോണ്‍ വിവരങ്ങളും ചോര്‍ന്നുവെന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വിവരം.

പല സുപ്രധാന കേസുകളും കൈകാര്യം ചെയ്തിരുന്ന മുതിര്‍ന്ന ഇഡി ഉദ്യോഗസ്ഥനായ രാജേശ്വര്‍ സിംഗിന്റെ രണ്ട് ഫോണുകളും കുടുംബത്തിലെ സ്ത്രീകള്‍ ഉപയോഗിച്ച് വന്നിരുന്ന മൂന്ന് നമ്പരുകളും നിരീക്ഷിക്കപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍ തെളിയിക്കുന്നത്. 2017 മുതല്‍ 2019വരെ സിംഗിന്റെ നമ്പര്‍ നിരീക്ഷിക്കപ്പെട്ടിരുന്നവരുടെ പട്ടികയില്‍ ഉണ്ടായിരുന്നു. സിബിഐ ഡയറക്ടറായിരുന്ന അലോക് വര്‍മ്മയുമായി സിംഗിന് അടുത്ത ബന്ധമാണുണ്ടായിരുന്നത്.

പെഗാസസ് ഉപയോഗിച്ച് ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തപ്പെട്ടവരുടെ പുതിയ പട്ടികയില്‍ വീട്ടമ്മമാരടക്കം അറുപതോളം സ്ത്രീകളുടെ ഫോണും ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. വീട്ടമ്മമാര്‍, അഭിഭാഷകര്‍, അധ്യാപകകര്‍, മാധ്യമപ്രവര്‍ത്തകര്‍, ശാസ്ത്രജ്ഞര്‍ തുടങ്ങിയവരാണ് പുതിയ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഫോണ്‍ ചോര്‍ത്തപ്പെട്ടവരുടെ പട്ടികയിലുള്ള ചില വനിതകളുടെ വിവരങ്ങള്‍ നേരത്തെ തന്നെ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ലോകവ്യാപകമായി 50,000 പേരുടെ ഫോണ്‍വിവരങ്ങള്‍ ചോര്‍ത്തിയിട്ടുണ്ടെന്നാണ് അന്താരാഷ്ട്രമാധ്യമങ്ങള്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളത്. ഒരു രാജ്യത്തിന്റെ ഭരണകൂടത്തിന് വേണ്ടിയായിരിക്കും പെഗാസസ് ചാര സോഫ്റ്റ്വേര്‍ വിവരങ്ങള്‍ ശേഖരിക്കുകയെന്ന് പെഗാസസ് നിര്‍മ്മാതാക്കളായ എന്‍എസ്ഒ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന് മറുപടി പറയാന്‍ കേന്ദ്ര സര്‍ക്കാര്‍ ബാധ്യസ്തരാണെന്ന് പ്രതിപക്ഷം ഉള്‍പ്പെടെ പ്രതിഷേധം ശക്തമാക്കിയിട്ടുണ്ട്. എന്നാല്‍ റിപ്പോര്‍ട്ടുകള്‍ വാസ്തവ വിരുദ്ധമാണെന്ന നിലപാടിലാണ് കേന്ദ്രം.

Next Story