‘രാജകുടുംബ’ത്തിന് 2.58 കോടി പ്രത്യേക അലവന്‍സ്’; ഫ്യൂഡല്‍ ചരിത്രത്തിന് അംഗീകാരം കൊടുത്ത യുഡിഎഫിന്റെ തെറ്റ് എല്‍ഡിഎഫ് തിരുത്തണമെന്ന് ഹരീഷ് വാസുദേവന്‍
തിരുവനന്തപുരം: കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2021-22 വര്‍ഷത്തെ പ്രത്യേക അലവന്‍സ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും നിലവില്‍ വന്നിട്ട് 71 വര്‍ഷം പിന്നിട്ടിട്ടും ‘രാജകുടുംബ’മെന്ന പരിഗണന ഇന്നും നിലനില്‍ക്കുണ്ടെന്നാണ് ഈ നടപടി ചൂണ്ടിക്കാട്ടുന്നതെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു. 800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ അതായത് പ്രതിമാസം 2500 രൂപവെച്ച് കൊടുക്കുന്ന ഈ ആചാരം 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തുടങ്ങിയത് എന്ന് വാര്‍ത്തകളില്‍ […]
30 Jun 2021 6:40 AM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

തിരുവനന്തപുരം: കോഴിക്കോട് സാമൂതിരി രാജകുടുംബത്തിന് 2021-22 വര്‍ഷത്തെ പ്രത്യേക അലവന്‍സ് അനുവദിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ ഉത്തരവിനെതിരെ വിമര്‍ശനവുമായി അഡ്വ. ഹരീഷ് വാസുദേവന്‍. ജനാധിപത്യ ഭരണവും മനുഷ്യര്‍ തുല്യരാണെന്ന ഭരണഘടനയും നിലവില്‍ വന്നിട്ട് 71 വര്‍ഷം പിന്നിട്ടിട്ടും ‘രാജകുടുംബ’മെന്ന പരിഗണന ഇന്നും നിലനില്‍ക്കുണ്ടെന്നാണ് ഈ നടപടി ചൂണ്ടിക്കാട്ടുന്നതെന്ന് ഹരീഷ് വാസുദേവന്‍ പറയുന്നു.
800 ലധികം കുടുംബാംഗങ്ങള്‍ക്ക് പ്രതിവര്‍ഷം 30,000 രൂപ അതായത് പ്രതിമാസം 2500 രൂപവെച്ച് കൊടുക്കുന്ന ഈ ആചാരം 2013 ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാരാണ് തുടങ്ങിയത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. ഇത്തരത്തില്‍ നിരവധി നാട്ടുരാജാക്കന്മാരുടെ കുടുംബങ്ങളും അവരുടെ താവഴിയില്‍ നൂറുകണക്കിന് ‘രാജകുടുംബാംഗങ്ങളും കേരളത്തില്‍ ഉണ്ടാകും. അവര്‍ക്കെല്ലാം ഇതുപോലെ ബജറ്റില്‍ പണം വകയിരുത്തി പ്രത്യേക അലവന്‍സ് കൊടുക്കുന്നതിനായി പന്തളം രാജാവിനെ അടക്കം അപേക്ഷകരാക്കി ഒരു കേസ് നടത്തിയാലോ എന്നും ഹരീഷ് വാസുദേവന്‍ ചോദിക്കുന്നു.
കേരളത്തില്‍ ഇപ്പോള്‍ സാധാരണ മനുഷ്യരും രാജകുടുംബത്തിലെ അംഗങ്ങളും എന്ന രണ്ടുതരം പൗരന്മാരുണ്ടെന്നും ‘രാജകുടുംബ’ത്തിന് തൊഴിലുറപ്പ് പദ്ധതിയില്‍ ജോലിക്ക് പൊയ്ക്കൂടെ എന്ന ചോദ്യം ബാക്കിയാണെന്നും അദ്ദേഹം പരിഹസിച്ചു.
‘ഇന്ത്യ സ്വതന്ത്രമായപ്പോള്‍ സാമൂതിരി രാജവംശത്തിനു ഒരുപാട് നഷ്ടമുണ്ടായി, അവരുടെ ഭൂമി പോയി, അതിന്റെ നഷ്ടപരിഹാരമായി കണ്ടാല്‍ മതി’ എന്നൊക്കെയായിരുന്നു ഇത്തരം അലവന്‍സ് നടപടികള്‍ക്കുള്ള ന്യായീകരണങ്ങള്‍. അത്തരം വാദങ്ങള്‍ നുണയാണെന്നു ചരിത്രകാരന്മാര് അന്നേ പറഞ്ഞ റിപ്പോര്‍ട്ടുകളും ലഭ്യമാണ്. പ്രിവി പേഴ്സ് ഇന്ദിരാഗാന്ധി നിര്‍ത്തലാക്കിയത് പഠിക്കുന്നതുപോലെ ജനാധിപത്യ ഇന്ത്യയില്‍ ഇത് തിരിച്ചു കൊണ്ടുവന്നതും സ്കൂള്‍ പാഠപുസ്തകത്തില്‍ കൊണ്ടുവരേണ്ടതല്ലേ എന്നും അദ്ദേഹം വിമര്‍ശിച്ചു.
പ്രതിവര്‍ഷം 2.5 കോടിരൂപ കേരള സര്‍ക്കാരിന് നിസാരമാണെങ്കിലും അതിലൂടെ സ്റ്റേറ്റ് അംഗീകരിക്കുന്ന ചെയ്യുന്ന ഫ്യുഡല്‍ ചരിത്രത്തിന്റെ അവശിഷ്ടം ജനാധിപത്യത്തെ ഒരുനാള്‍ തിരിഞ്ഞു കുത്തും. അതിന് കൊടുക്കേണ്ടി വരുന്ന വില ഇതിലുമേറെ വലുതായിരിക്കും. ഈ പശ്ചാത്തലത്തില്‍ യുഡിഎഫ് അന്ന് ചെയ്ത ഈ തെറ്റ് എല്‍ഡിഎഫ് തിരുത്തണമെന്നും ഹരീഷ് വാസുദേവന്‍ ആവശ്യപ്പെട്ടു.