Top

നിതീഷിനോടൊപ്പമില്ലെന്ന് അരക്കിട്ടുറപ്പിച്ച് എല്‍ജെപി; എന്‍ഡിഎ സഖ്യത്തില്‍നിന്നും പുറത്തേക്ക്, തിരിച്ചടി; ജെഡിയുവിനെതിരെ മത്സരിക്കും

ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള വിയോജിപ്പുകളെത്തുടര്‍ന്നാണ് എല്‍ജെപി സഖ്യമുപേക്ഷിക്കുന്നത്.

4 Oct 2020 6:31 AM GMT

നിതീഷിനോടൊപ്പമില്ലെന്ന് അരക്കിട്ടുറപ്പിച്ച് എല്‍ജെപി; എന്‍ഡിഎ സഖ്യത്തില്‍നിന്നും പുറത്തേക്ക്, തിരിച്ചടി; ജെഡിയുവിനെതിരെ മത്സരിക്കും
X

ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പ് അടുക്കവെ, എന്‍ഡിഎ സഖ്യത്തില്‍നിന്നും പിന്മാറി രാംവിലാസ് പാസ്വാന്റെ ലോക് ജനശക്തി പാര്‍ട്ടി(എല്‍ജെപി). ജെഡിയു അധ്യക്ഷനും മുഖ്യമന്ത്രിയുമായ നിതീഷ് കുമാറിനോടുള്ള വിയോജിപ്പുകളെത്തുടര്‍ന്നാണ് എല്‍ജെപി സഖ്യമുപേക്ഷിക്കുന്നത്. നിതീഷ് കുമാറിന്റെ കീഴില്‍ മത്സരിക്കാനില്ലെന്ന് വ്യക്തമാക്കിയാണ് എല്‍ജെപിയുടെ പിന്‍വാങ്ങല്‍.

പാര്‍ട്ടി അധ്യക്ഷന്‍ ചിരാഗ് പാസ്വാന്റെ നേതൃത്വത്തില്‍ ചേര്‍ന്ന പാര്‍ലമെന്ററി ബോര്‍ഡ് യോഗത്തിലാണ് തീരുമാനമെടുത്തത്. യോഗം ബിജെപിക്ക് അനുകൂലമായും ജെഡിയുവിനെ തള്ളിയും പ്രമേയം പാസാക്കി. നരേന്ദ്രമോദിയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്നും പാര്‍ട്ടി തീരുമാനമെടുത്തു. എന്‍ഡിഎ സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി നിതീഷ് കുമാറായിരിക്കുമെന്ന് ബിജെപി നേരത്തെ അറിയിച്ചിരുന്നു.

എന്‍ഡിഎ സഖ്യം വിടേണ്ടത് നിലവിലത്തെ അനിവാര്യതയാണെന്നും പാര്‍ട്ടി വിലയിരുത്തി. ഒക്ടോബര്‍ 28ന് ആരംഭിക്കുന്ന തെരഞ്ഞെടുപ്പിന്റെ അവസാന ഘട്ട സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലാണ് ബിജെപി. ഈ പശ്ചാത്തലത്തില്‍ക്കൂടിയാണ് എല്‍ജെപിയുടെ പിന്‍മാറ്റം.

സഖ്യസാധ്യതകളും സീറ്റ് വിതരണവും സംബന്ധിച്ച് അമിത് ഷായും ജെപി നദ്ദയും അടക്കമുള്ള ബിജെപി നേതാക്കള്‍ ചിരാഗ് പാസ്വാനുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. യോഗത്തില്‍വെച്ച് നിതീഷുമായുള്ള പ്രശ്‌നത്തിന്റെ വ്യാപ്തി ചിരാഗ് പാസ്വാന്‍ ബിജെപി നേതാക്കളെ ധരിപ്പിച്ചെന്നാണ് വിവരം. 143 സീറ്റിലെങ്കിലും മത്സരിക്കണമെന്ന സമ്മര്‍ദ്ദം പാര്‍ട്ടിക്കുള്ളില്‍നിന്നുണ്ടെന്ന കാര്യവും ചിരാഗ് നേതാക്കളെ അറിയിച്ചു.

അതേസമയം, എന്‍ഡിഎ സഖ്യത്തിന്റെ സീറ്റ് വിഭജനത്തില്‍ തീരുമാനമായി. സീറ്റുകള്‍ തുല്യമായി വീതിച്ചെടുക്കാനാണ് ജെഡിയുവും ബിജെപിയും ധാരണയായിരിക്കുന്നത്.

രാഷ്ട്രീയ ജനതാദള്‍- കോണ്‍ഗ്രസ് മഹാസഖ്യവും സീറ്റ് ധാരണയിലെത്തി. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചകള്‍ക്കും വിലപേശലുകള്‍ക്കുമൊടുവിലാണ് സഖ്യം സീറ്റ് ധാരണയിലെത്തുന്നത്. ആകെ 243 സീറ്റില്‍ ആര്‍ജെഡി 144 സീറ്റുകളും കോണ്‍ഗ്രസ് 70 സീറ്റുകളും ഇടതുപാര്‍ട്ടികള്‍ 29 സീറ്റുകളും മത്സരത്തിനായി പങ്കിട്ടെടുത്തു. ആര്‍ജെഡി നേതാവ് തേജസ്വി യാദവ് സഖ്യത്തിന്റെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാകും.

എന്നാല്‍ സീറ്റ് വിഭജനത്തില്‍ അതൃപ്തി രേഖപ്പെടുത്തി വിഐപി പാര്‍ട്ടി ഇറങ്ങിപ്പോക്ക് നടത്തി. സഖ്യം തങ്ങളെ വഞ്ചിച്ചതായും വിഐപി പാര്‍ട്ടി നേതാക്കള്‍ ആരോപിച്ചു.

ഒക്ടോബര്‍ 28, നവംബര്‍ 3, നവംബര്‍ ഏഴ് എന്നീ തീയതികളില്‍ മൂന്ന് ഘട്ടങ്ങളായാണ് ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്.

Popular Stories

    Next Story