
ദിസ്പുർ: അസമില്‍ ഇടിമിന്നലേറ്റ് പതിനെട്ട് ആനകൾ ചെരിഞ്ഞു. നാഗാവ് ജില്ലയിലാണ് ദാരുണ സംഭവം. ഇത്രയും ആനകൾ ഒന്നിച്ച് ചെരിയുന്നത് ഇതാദ്യമായിട്ടായിരിക്കും. പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസമായി ശക്തമായ മഴ തുടരുകയാണ്. ആനകൾ ബുധനാഴ്ച്ച ചെരിഞ്ഞുവെന്നാണ് ഔദ്യോഗിക വിവരം. ആനകളെ ഉദ്യോഗസ്ഥർ കണ്ടെത്തിയത് ഇന്നലെയാണ്. ഇടിമിന്നലിൽ നിന്നുണ്ടായ വൈദ്യുതപ്രവാഹമാണ് ആനകളുടെ ജീവനെടുത്തതെന്നാണ് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായിരിക്കുന്നത്.
സംഭവത്തിൽ കൂടുതൽ അന്വേഷണമുണ്ടാവും. മഴ തുടരുന്ന സാഹചര്യത്തിൽ മറ്റു പ്രദേശങ്ങളിൽ കൂടെ ഇത്തരം സംഭവങ്ങൾ റിപ്പോർട്ട് ചെയ്യാൻ സാധ്യതയുണ്ട്. വനംവകുപ്പിനെ ഉദ്ധരിച്ച് എൻഡിടിവിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നിലവിൽ നാഗാവ് ഫോറസ്റ്റ് ഡിവിഷനിലെ കണ്ടോലി സംരക്ഷിത വനമേഖലയിലാണ് ആനകൾ ചെരിഞ്ഞിരിക്കുന്നത്. ദുരന്തത്തിന്റെ വ്യാപ്തി വലുതായതിനാൽ സമീപ പ്രദേശങ്ങളിലേക്കും അന്വേഷണം നടത്താൻ ഫോറസ്റ്റ് ഡിപാർട്ട്മെന്റ് തീരുമാനിച്ചിട്ടുണ്ട്.
ആനകളുടെ മൃതശരീരം പോസ്റ്റുമോർട്ടത്തിനയച്ചിരിക്കുകയാണ്. ഈ റിപ്പോർട്ട് വന്നാൽ മാത്രമെ ഇടിമിന്നലേറ്റാണ് മരണമെന്ന് സ്ഥിരീകരിക്കൂ. മരണപ്പെട്ട എല്ലാ ആനകളും ഒരു കുന്നിൻ പ്രദേശത്തായിരിന്നു തമ്പടിച്ചിരുന്നത്. പതിനാല് ആനകളെ ഒരു കുന്നിന്റെ മുകളിലും നാലെണ്ണത്തിനെ കുന്നിൻചുവട്ടിലുമാണ് കണ്ടെത്തിയത്. സംഭവം ഹൃദയഭേദകമാണെന്ന് സംസ്ഥാന പരിസ്ഥിതി-വനം മന്ത്രി പരിമൾ ശുക്ലബൈദ്യ പ്രതികരിച്ചു.