തേജസ്വി സൂര്യയുടെ പരാമര്‍ശം; സസ്പെന്‍ഡ് ചെയ്ത മുസ്ലീം ജീവനക്കാരെ തിരിച്ചുവിളിച്ച് ബിബിഎംപി; വരില്ലെന്ന് അഞ്ച് പേര്
യാതൊരു തെറ്റും ചെയ്യാത്ത തങ്ങളെ ചിലര്‍ കൃത്യമായി ലക്ഷ്യം വെച്ച് അപമാനിക്കുകയായിരുന്നുവെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരന് ദി പ്രിന്റ് മാധ്യമത്തോട് പറഞ്ഞു.

ബിജെപി എംപി തേജസ്വി സൂര്യയുടെ വര്‍ഗ്ഗീയ പരാമര്‍ശത്തെത്തുടര്‍ന്ന് സസ്പെന്‍ഡ് ചെയ്ത കൊവിഡ് വാര് റൂമിലെ 16 മുസ്ലീം ജീവനക്കാരെ തിരിച്ചുവിളിച്ച് ബ്രഹത്ത് ബംഗളൂരു മഹാനഗര പാലിക്. കൊവിഡ് രോഗികള്‍ക്കുള്ള കിടക്കകള്‍ കരിഞ്ചന്തയില്‍ വിറ്റുവെന്നാരോപിച്ച് കൊവിഡ് വാര് റൂമില്‍ നിന്നും ബിജെപി എംപി തേജസ്വി സൂര്യ മുസ്ലീം ജീവനക്കാരെ പുറത്താക്കിയത് വിവാദമായിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിബിഎംപി അടിയന്തിരമായി സസ്പെന്‍ഡ് ചെയ്ത ജീവനക്കാരെ അവര്‍ നിരപരാധികളാണെന്ന് വ്യക്തമായതിനെത്തുടര്‍ന്ന് തിരിച്ചുവിളിക്കുകയായിരുന്നു. എന്നാല്‍ അഞ്ച് ജീവനക്കാര്‍ കൊവിഡ് വാര് റൂമിലേക്ക് തിരിച്ചുചെല്ലാന്‍ തയ്യാറായില്ല. മുസ്ലീം ജീവനക്കാര്‍ക്ക് മാത്രം എതിരായ അടിസ്ഥാനരഹിതമായ ആരോപണം വിവാദമായതിനെത്തുടര്‍ന്ന് തേജസ്വി സൂര്യ പരസ്യമായി മാപ്പുപറഞ്ഞിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിലും ഈ ജീവനക്കാര്‍ക്കെതിരെ യാതൊരുവിധ തെളിവുകളും കണ്ടെത്താനായിരുന്നില്ല.
കര്‍ണാടകയില്‍ കോവിഡ് രോഗികള്‍ക്കായുള്ള ഐ സി യു ബെഡ് അനുവദിക്കുന്നതില്‍ നടന്ന അഴിമതിയില്‍ ബി ജെ പി എം എല്‍ എയുടെ പി എയുമായി അടുത്ത ബന്ധമുള്ള ഇടനിലക്കാരന് ഇപ്പോള്‍ പൊലീസ് നിരീക്ഷണത്തിലാണ്.ബിബിഎംപി എന്ന പേരില്‍ അറിയപ്പെടുന്ന സെന്‍ട്രലൈസ്ഡ് സിസ്റ്റം വഴിയാണ് കോവിഡ് രോഗികള്‍ക്കുള്ള ഐ സി യു ബെഡുകള്‍ വിവിധ ആശുപത്രികള്‍ക്ക് വിതരണം ചെയ്യുന്നത്. ബി ജെ പി എം പി സൂര്യയുടെ ആരോപണത്തെ തുടര്‍ന്ന് ബി ബി എം പി സൗത്ത് സോണ്‍ വാര് റൂമ്മില്‍ പൊലീസ് റെയ്ഡ് നടത്തിയിരുന്നു. അപ്പോള്‍ തേജസ്വിയെ അനുഗമിച്ച ബിജെപി എംഎല്‍എയുടെ പിഎയ്ക്ക് കരിഞ്ചന്തക്കാരുമായി നേരിട്ട് ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് തേജസ്വി സൂര്യ വെട്ടിലാകുകയായിരുന്നു.
യാതൊരു തെറ്റും ചെയ്യാത്ത തങ്ങളെ ചിലര്‍ കൃത്യമായി ലക്ഷ്യം വെച്ച് അപമാനിക്കുകയായിരുന്നുവെന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട ഒരു ജീവനക്കാരന് ദി പ്രിന്റ് മാധ്യമത്തോട് പറഞ്ഞു. തങ്ങള്‍ ആരും തീവ്രവാദികളല്ലെന്നും തങ്ങള്‍ ജോലി കൃത്യമായി ചെയ്യുക മാത്രമായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. കരിഞ്ചന്തക്കേസുമായി ബന്ധപ്പെട്ട് പൊലീസ് ഇതുവരെ നാലുപേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.