‘അന്ന് തോറ്റു പോവുമെന്ന് പലരും പറഞ്ഞു’; അധികാരത്തിലെ 15 വര്‍ഷങ്ങളെക്കുറിച്ച് ശൈഖ് മുഹമ്മദ്

ദുബായ് ഭരണാധികാരിയായ ശൈഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം യുഎഇയുടെ വൈസ് പ്രസിഡന്റായും പ്രധാനമന്ത്രിയായും ചുമതലയേറ്റിട്ട് ഇന്ന് 15 വര്‍ഷം പൂര്‍ത്തിയാവുകയാണ്.
ഇക്കാലയളവിനിടയില്‍ യുഎഇക്ക് ലോകത്തിന്റെ നെറുകയില്‍ ഒരു സ്ഥാനം നേടിക്കൊടുക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച ഭരണാധികാരിയാണ് ശൈഖ് മുഹമ്മദ്. 96.3 ലക്ഷം മാത്രം ജനസംഖ്യയുള്ള അറേബ്യന്‍ രാജ്യം ഇന്ന് പശ്ചിമേഷ്യയുടെ ടൂറിസ്റ്റ് ഹബ്ബാണ്, വന്‍ സാമ്പത്തിക ശക്തിയാണ്, മാറ്റങ്ങള്‍ക്കൊപ്പം കുതിക്കുന്ന രാജ്യമാണ്. 95 യുഎഇ നിവാസികളും ഈ രാജ്യം സുരക്ഷിതമാണെന്ന് അഭിപ്രായപ്പെടുന്നു.
വിജയകരമായ ഭരണം 15 വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ കടന്നു പോയ പാതകളെ പറ്റി ഓര്‍മ്മിക്കുകയാണ് ശൈഖ് മുഹമ്മദ്. ദുബായ് ഭരണാധികാരിയിരിക്കെയാണ് ശൈഖ് യുഎഇയുടെ നേതൃനിരയിലെത്തുന്നത്. ദുബായ് ഭരണാധികാരിയായി തന്നെ ഇരുന്നാല്‍ മതിയെന്നും കൂടുതല്‍ ഉത്തരവാദിത്തങ്ങള്‍ ഏറ്റെടുക്കരുതെന്നും നിരവധി പേര് അന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നെന്നാണ് ഇദ്ദേഹം പറയുന്നത്.
‘ കഴിഞ്ഞ 15 വര്‍ഷങ്ങള്‍ അത്ര എളുപ്പമായിരുന്നില്ല. സര്‍ക്കാരിന്റെ തലപ്പത്തേക്ക് എത്തിയപ്പോള്‍ പരാജയമായിരിക്കുമെന്ന് പലരും എനിക്ക് മുന്നറിയിപ്പ് നല്കി. ഞാനോര്‍ക്കുന്നു ഇനിയും ചുമതലകള്‍ ഏറ്റെടുക്കരുതെന്നും ദുബായ് ഭരണാധികാരിയെന്ന നിലയിലുള്ള വിജയം കാത്തുസൂക്ഷിക്കാനും അവര്‍ പറഞ്ഞിരുന്നു,’
‘2009 ല്‍ ഞങ്ങള്‍ യുഎഇ വിഷന്‍ 2021 പ്രഖ്യാപിച്ചു. ഞങ്ങള്‍ക്ക് ലോകത്തിലെ മികച്ച രാജ്യങ്ങളിലന്നാവണമായിരുന്നു. 12 വര്‍ഷം നീണ്ടു നില്ക്കുന്ന പദ്ധതികളെയും ലക്ഷ്യങ്ങളുടെയും സാധ്യതയെ ചിലര്‍ ചോദ്യം ചെയ്തു. എന്നാല്‍ ഇന്ന് ആളുകള്‍ ഈ യാഥാര്‍ത്ഥ്യത്തില്‍ ജീവിക്കുന്നതാണ് നാം കാണുന്നത്,’ കുറിപ്പില്‍ പറയുന്നു.
‘ഈ വിജയം എന്റേതല്ല. എന്റെ ടീം കാരണമുണ്ടായ വിജയമാണിത്. മാറ്റം ആഗ്രഹിക്കുന്ന ഓരോ ഉദ്യോഗസ്ഥന്റെയും ഞങ്ങള്‍ വിശ്വസിച്ച ആയിരക്കണക്കിന് യുവാക്കളുടെയും ശ്രമമാണിത്,’ ശൈഖ് മുഹമ്മദ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. ഭരണം പതിറ്റാണ്ട് കഴിഞ്ഞ അവസരത്തില്‍ യുഎഇ നിവാസികള്‍ക്ക് എഴുതിയ പ്രത്യേക സന്ദേശത്തിലാണ് ഇക്കാര്യം പറയുന്നത്. നിങ്ങളുടെ സഹോദരന് എന്ന് സ്വയം വിശേഷിപ്പിച്ചുകൊണ്ടാണ് കത്ത്.