
സിസ്റ്റര്‍ അഭയയുടെ കൊലപാതത്തില്‍ പ്രതികള്‍ക്കെതിരെ നിര്‍ണ്ണായക മൊഴി നല്‍കിയ അടയ്ക്കാ രാജുവിന് നാട്ടുകാരുടെ വക 15 ലക്ഷം രൂപയുടെ സമ്മാനം. മൊഴിമാറ്റിപ്പറയാന്‍ കോടികള്‍ വാഗ്ദാനം ചെയ്‌തെങ്കിലും അതെല്ലാം തള്ളിക്കളഞ്ഞ് നേരിനൊപ്പം നിന്ന മുന്‍ മോഷ്ടാവ് രാജുവിന് നാട്ടുകാര്‍ പണം സര്‍പ്രൈസായി അക്കൗണ്ടിലിട്ട് നല്‍കുകയായിരുന്നു. ക്രിസ്തുമസ് ദിനത്തോടനുബന്ധിച്ച് എടിഎമ്മില്‍ നിന്ന് പണമെടുക്കാന്‍ ചെന്ന രാജുവിന്റെ മകള്‍ അക്കൗണ്ട് ബാലന്‍സ് കണ്ട് അന്തംവിട്ട് പോയി. നാട്ടുകാര്‍ പിരിച്ചെടുത്ത പണം പത്രമാധ്യമങ്ങളില്‍ പ്രചരിച്ച രാജുവിന്റെ അക്കൗണ്ടിലേക്ക് അവര്‍ രഹസ്യമായി നിക്ഷേപിക്കുകയായിരുന്നു.
കോണ്‍വെന്റില്‍ ചെമ്പുകമ്പി മോഷ്ടിക്കാനെത്തി തികച്ചും അപ്രതീക്ഷിതമായി പ്രതികളെ സംഭവസ്ഥലത്തുവെച്ചു കണ്ട അടയ്ക്കാ രാജു ഒടുവില്‍ വിധിയെത്തിയപ്പോള്‍ എന്റെ കുഞ്ഞിന് നീതി കിട്ടിയെന്നായിരുന്നു പ്രതികരിച്ചത്. സിസ്റ്റര്‍ അഭയ മരിച്ച ദിവസം പ്രതികളെ കോണ്‍വെന്റില്‍ കണ്ടിരുന്നുവെന്ന് രാജു മൊഴി നല്‍കിയതാണ് കേസില്‍ നിര്‍ണ്ണായകമായത്.
അഭയയുടെ മരണത്തിന്‌ശേഷം പിന്നീട് അടയ്ക്കാരാജു മോഷ്ടിച്ചിട്ടേ ഇല്ലെന്ന് ജോമോന്‍ പുത്തന്‍പുരയ്ക്കല്‍ പറയുന്നു. രാജു കൂലിപ്പണി ചെയ്താണ് പിന്നീട് ജീവിച്ചതെന്നാണ് വിവരം. അഭയയുടെ കൊലക്കുറ്റം തന്റെ തലയില്‍ കെട്ടിവെയ്ക്കാന്‍ ശ്രമങ്ങള്‍ നടന്നതായി അടയ്ക്കാ രാജു വെളിപ്പെടുത്തിയിരുന്നു. പൊലീസ് ഇതിനായി തന്നെ ക്രൂരമായി മര്‍ദ്ദിച്ചതായും രാജു വെളിപ്പെടുത്തി.
- TAGS:
- Abhaya Case
- Adayka Raju