
തിരുവനന്തപുരം: ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫിസ് പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പ് പ്രകാരം സംസ്ഥാനത്ത് കണ്ടെയിന്മെന്റ് സോണ്‍ പ്രഖ്യാപിച്ചിരിക്കുന്നു. കൊവിഡ് വ്യാപനം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ വട്ടിയൂര്‍ക്കാവ്, ചെട്ടിവിളാകം, കിനാവൂര്, കുടപ്പനക്കുന്ന്, കാലടി, കുര്യാത്തി, ശാസ്തമംഗലം, പട്ടം, കവടിയാര്‍, കരിക്കകം(വായനശാല ജംഗ്ഷന് മുതല്‍ തരവിളാകം വരെയും കരിക്കകം ഹൈ സ്കൂള്‍ മുതല്‍ പുന്നയ്ക്കാ തോപ്പ് വരെയും കരിക്കകം ഹൈസ്കൂള്‍ മുതല്‍ മതില് മുക്ക് വരെയും), കടകംപള്ളി(വലിയ ഉദേശ്വരം ക്ഷേത്രം മുതല്‍ ചാത്തന്‍പാറ മെയിന്‍ റോഡ് വരെയും വി.യു.ആര്.വി.എ മെയിന്‍ റോഡ് മുതല്‍ മുകക്കാട് ലെയിന്‍ വരെയും), വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ പനകോട്, പുളിമാത്ത് ഗ്രാമപഞ്ചായത്തിലെ കൊടുവഴന്നൂര്‍, പാങ്ങോട് ഗ്രാമപഞ്ചായത്തിലെ പുലിപ്പാറ, മണക്കോട്, പാങ്ങോട്, പുലിക്കര, ലെനിന്‍കുന്ന്, കൊച്ചല്ലുമൂട്, ഉളിയന്‍കോട്, പഴവിള എന്നീ പ്രദേശങ്ങളെ കണ്ടെയിന്മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ പ്രഖ്യാപിച്ചു.
ഇതിനോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്മെന്റ് സോണിന് പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു. കണ്ടെയിന്മെന്റ് സോണുകളില്‍ ബന്ധപ്പെട്ട താലൂക്കുകളിലെ ഇന്‍സിഡന്റ് കമാന്‍ഡര്‍മാരും തഹസില്‍ദാര്‍മാരും പ്രത്യേക നിരീക്ഷണം നടത്തും.
അതേസമയം വാക്സിൻ ക്ഷാമത്തെ തുടർന്ന് തിരുവനന്തപുരത്ത് 131 വാക്സിനേഷൻ കേന്ദ്രങ്ങൾ അടച്ചു. ജിമ്മി ജോർജ് സ്റ്റേഡിയത്തിലെ മെഗാ മാസ്സ് വാക്സിനേഷൻ കേന്ദ്രവും അടച്ചു. സംസ്ഥാനത്തെമ്പാടും വാക്സിൻ ലഭ്യതയുടെ കുറവ് റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. മുഖ്യമന്ത്രി ഇന്ന് വിളിച്ചു ചേർത്തിട്ടുള്ള യോഗത്തിൽ കൊവിഡ് നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട പല കർശന തീരുമാനങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.