പാവറട്ടി കസ്റ്റഡി മരണക്കേസ്; സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു, നടപടി വിചാരണ തുടങ്ങാനിരിക്കെ
കഞ്ചാവ് കേസില്‍ എക്സൈസ് കസ്റ്റഡിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവവത്തില്‍ സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിബിഐ കേസിന്റെ വിചാരണാ നടപടികള്‍ തുടങ്ങും മുന്‍പാണ് സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുക്കുന്നത്. ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള എക്സൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു. 2019 ഒക്ടോബര്‍ ഒന്നാം തിയതി ഗുരുവായൂരില്‍ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. […]
11 Jun 2021 11:49 PM GMT
റിപ്പോർട്ടർ നെറ്റ്വർക്ക്

കഞ്ചാവ് കേസില്‍ എക്സൈസ് കസ്റ്റഡിലിരിക്കെ യുവാവ് കൊല്ലപ്പെട്ട സംഭവവത്തില്‍ സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തു. സിബിഐ കേസിന്റെ വിചാരണാ നടപടികള്‍ തുടങ്ങും മുന്‍പാണ് സസ്പെന്‍ഷനിലുള്ള ഉദ്യോഗസ്ഥരെ തിരിച്ചെടുക്കാനുള്ള തീരുമാനം എടുക്കുന്നത്. ഉദ്യോഗസ്ഥരെ സര്‍വീസില്‍ തിരിച്ചെടുത്തുകൊണ്ടുള്ള എക്സൈസ് കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ പകര്‍പ്പ് റിപ്പോര്‍ട്ടറിന് ലഭിച്ചു.
2019 ഒക്ടോബര്‍ ഒന്നാം തിയതി ഗുരുവായൂരില്‍ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പ്രിവന്റീവ് ഓഫീസര്‍മാരായ വി.എ ഉമ്മര്‍, എം.ജി.അനൂപ്കുമാര്‍, വി.ബി.അബ്ദുല്‍ ജബ്ബാര്‍, സിവില്‍ എക്സൈസ് ഓഫീസര്‍മാരായ നിധിന് എം.മാധവന്, വിഎം സ്മിബിന്, എംഒ ബെന്നി, കെ.യു മഹേഷ്, ഡ്രൈവര്‍ വി.ബി.ശ്രീജിത്ത് എന്നിവരെയാണ് തിരിച്ചെടുത്ത് ഉത്തരവ് പുറപ്പെടുവിച്ചത്.
തൃശൂര്‍ ഡിവിഷനില്‍ നിലനിറുത്തി ഉമ്മറിനെ വയനാട്ടിലേക്കും, അനൂപ് കുമാറിനെയും അബ്ദുല്‍ ജബ്ബാറിനെയും കോഴിക്കോട് ജില്ലയിലേക്കും, നിധിന് എം മാധവനെ മലപ്പുറത്തേക്കും സ്മിബിനെ ഇടുക്കി, ബെന്നിയെയും മഹേഷിനെയും ആലപ്പുഴയിലേക്കും ഡ്രൈവര്‍ ശ്രീജിത്തിനെ പാലക്കാട്ടേക്കും മാറ്റി നിയമനം നല്‍കിയാണ് സര്‍വീസിലേക്ക് തിരിച്ചെടുത്തത്. സര്‍വീസില്‍ തിരിച്ചെടുക്കണമെന്ന അപേക്ഷ പരിഗണിച്ചതിനെ തുടര്‍ന്നാണ് നടപടിയെന്ന് എക്സൈസ് കമ്മീഷണറുടെ ഉത്തരവില്‍ പറയുന്നു.
2019 ഒക്ടോബര്‍ ഒന്നാം തിയതിയാണ് മലപ്പുറം തിരുര്‍ സ്വദേശി രഞ്ജിത്തിനെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് കൊലപ്പെടുത്തുന്നത്. ആദ്യം പൊലീസും സി.ബി.ഐയും അന്വേഷിച്ചതാണ് കേസ്. ഈ വര്‍ഷം ഫെബ്രുവരിയിലാണ് സിബിഐ ഏഴ് പേരെ പ്രതികളാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. നടപടിക്രമങ്ങളില്‍ വീഴ്ചവരുത്തിയ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പ് തല നടപടിക്കും സി.ബി.ഐ ശുപാര്‍ശ ചെയ്തിരുന്നു.
ഗുരുവായൂരില്‍ വച്ച് രണ്ട് കിലോ കഞ്ചാവുമായി കസ്റ്റഡിയിലെടുത്ത രഞ്ജിത്തിനെ ഏഴ് എക്സൈസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ വ്യക്തമാക്കിയത്. അബ്ദുള്‍ ജബ്ബാര്‍, ഉമ്മര്‍, മഹേഷ്, എന്നിവര്‍ക്കെതിരെ കൊലക്കുറ്റവും അനൂപ് കുമാര്‍, നിധിന്, സ്മിബിന്, ബെന്നി എന്നിവര്‍ക്കെതിരെ അന്യായമായി തടങ്കലില്‍ വെക്കല്‍, വ്യാജരേഖയുണ്ടാക്കല്‍ എന്നിവയുമാണ് ചുമത്തിയിട്ടുള്ളത്. പ്രതികളെ രക്ഷിക്കാന്‍ ഔദ്യോഗിക രേഖകളില്‍ കൃത്രിമം കാണിച്ച എക്സൈസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ലിജോ ജോസിനെതിരെ കടുത്ത അച്ചടക്ക നടപടി വേണമെന്ന് സി.ബി.ഐ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നത്.
നടപടിക്രമങ്ങളില്‍ വീഴ്ച വരുത്തിയ എക്സൈസ് ഡെപ്യൂട്ടി കമ്മീഷണര്‍ പി.കെ സാനു, പോസ്റ്റുമോര്‍ട്ടത്തിലും ഇന്‍ക്വസ്റ്റിലും വീഴ്ച വരുത്തിയ പാവറട്ടി സി.ഐ ആയിരുന്ന ഫൈസല്‍, ചാവക്കാട് തഹസില്‍ദാറായിരുന്ന സന്ദീപ് എന്നിവര്‍ക്കെതിരെയും വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തായിരുന്നു സി.ബി.ഐയുടെ കുറ്റപത്രം. കേസ് നടപടികള്‍ ഇനിയും ആരംഭിച്ചിട്ടില്ല. കസ്റ്റഡി മരണമുണ്ടായെന്നും ഇവരുടെ നടപടികള്‍ വകുപ്പിന്റെ പ്രതിഛായക്ക് കളങ്കമേല്‍പ്പിക്കുകയും ചെയ്തുവെന്നും എക്സൈസ് കമ്മീഷണര്‍ ഉത്തരവില്‍ വ്യക്തമാക്കുന്നു.