Top

‘സിദ്ധിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം’; ചീഫ് ജസ്റ്റിസിന് കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാരുടെ കത്ത്

കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിലൂടെ എംപിമാര്‍ ആവശ്യപ്പെട്ടു.

25 April 2021 5:55 AM GMT

‘സിദ്ധിഖ് കാപ്പനെ എയിംസിലേക്ക് മാറ്റണം’; ചീഫ് ജസ്റ്റിസിന് കേരളത്തില്‍ നിന്നുള്ള 11 യുഡിഎഫ് എംപിമാരുടെ കത്ത്
X

യുപി പൊലീസിന്റെ കസ്റ്റിഡിയില്‍ കഴിയുന്ന മലയാളി മാധ്യമപ്രവര്‍ത്തകന്‍ സിദ്ധിഖ് കാപ്പനെ മെച്ചപ്പെട്ട ചികിത്സയ്ക്കായി മാനുഷിക പരിഗണനവെച്ച് ദില്ലി എയിംസിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് സുപ്രിംകോടതി ചീഫ് ജസ്റ്റിസ് എന്‍വി രമണയ്ക്ക് 11 എംപിമാരുടെ കത്ത്. കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരാണ് കത്തയച്ചത്. കാപ്പന്റെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും കാപ്പന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും കത്തിലൂടെ എംപിമാര്‍ ആവശ്യപ്പെട്ടു.

എംപിമാരായ കെ സുധാകരന്‍, കെ മുരളീധരന്‍, ഇ ടി മുഹമ്മദ് ബഷീര്‍, വികെ ശ്രീകണ്ഠന്‍, രമ്യ ഹരിദാസ്, ബെന്നി ബെഹന്നാന്‍, ടിഎന്‍ പ്രതാപന്‍, ഡീന്‍ കുര്യാക്കോസ്, ആന്റോ ആന്റണി, എന്‍കെ പ്രേമചന്ദ്രന്‍, പിവി അബ്ദുള്‍ വഹാബ് എന്നിവര്‍ ചേര്‍ന്നാണ് ചീഫ് ജസ്റ്റിസ് മുമ്പാകെ കത്ത് സമര്‍പ്പിച്ചിരിക്കുന്നത്. കൊവിഡ് ബാധിതനായ സിദ്ധിഖ് കാപ്പന്‍ താടിയെല്ല് പൊട്ടിയ അവസ്ഥയില്‍ ചങ്ങലയില്‍ മൃഗത്തെപ്പോലെ കെട്ടിയിടപ്പെട്ട് ഉത്തര്‍പ്രദേശിലെ മഥുര മെഡിക്കല്‍ കോളെജില്‍ കഴിയുകയാണെന്ന് എംപിമാര്‍ കത്തിലൂടെ ചീഫ് ജസ്റ്റിസിനോട് സൂചിപ്പിച്ചു. കാപ്പന്റെ നിലവിലെ അവസ്ഥ അങ്ങേയറ്റം മോശമാണെന്നും എംപിമാര്‍ അയച്ച കത്തിലുണ്ട്.

സിദ്ധിഖ് കാപ്പനുവേണ്ടി കഴിഞ്ഞ ആറ് മാസത്തിനിടെ ഏഴ് തവണ ഹേബിയസ് കോര്‍പ്പസ് ഹര്‍ജികള്‍ ഫയലില്‍ സ്വീകരിച്ചിരുന്നു. എന്നാല്‍ അപേക്ഷ ഇതുവരെ തീര്‍പ്പാക്കിയിട്ടില്ല. സിദ്ധിഖ് കാപ്പന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയുടെ ഭാഗത്തുനിന്നും ഇതേവരെ യാതൊരു ഇടപെടലും ഉണ്ടായിട്ടില്ല. യുഎപിഎ കേസില്‍ ഉത്തര്‍പ്രദേശ് ജയിലില്‍ കഴിയുന്ന മലയാളി മാധ്യമ പ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ നിലവിലെ സ്ഥിതിയില്‍ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ട് ഭാര്യ റെയ്ഹാനത്ത് രംഗത്തെത്തിയിരുന്നു.

മുഖ്യമന്ത്രി വിഷയത്തില്‍ ഇതുവരെ ഒരക്ഷരം മിണ്ടിയിട്ടില്ലെന്നും തികഞ്ഞ അവഗണനയാണ് കാപ്പന്റെ വിഷയത്തില്‍ ഉണ്ടായതെന്നും റെയ്ഹാനത്ത് പറഞ്ഞു. ചങ്ങലയ്ക്ക് കെട്ടിയിട്ടിരിക്കുകയാണ്. മൂത്രമൊഴിക്കുന്നത് ബോട്ടിലിലാണ്. എനിക്ക് വയ്യ, മുഖമാകെ വേദനയാണ്. മുറിവ് കൊണ്ട് ഭക്ഷണം കഴിക്കാന്‍ പറ്റുന്നില്ലെന്നും പറഞ്ഞു. കൂടുതലെന്തെങ്കിലും പറയുന്നതിനു മുമ്പ് ഫോണ്‍ കട്ടായെന്നും റെയ്ഹാനത്ത് മാധ്യമങ്ങളോട് പറഞ്ഞു.

Popular Stories

    Next Story