Top

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് 105-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവിയും

നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മക്കളും കൊച്ചു മക്കളും നല്‍കിയ പണത്തിന്റെ ഒരുഭാഗമാണ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൊവിഡ് ഒന്നാം ഘട്ടത്തില്‍ വ്യാപകമായപ്പോഴാണ് നൂറ്റിയഞ്ച് വയസുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി അസ്മാബീവിക്ക് കൊവിഡ് ബാധിച്ചത്. 2020 ജൂലൈ 20നാണ് കൊവിഡ് ലക്ഷണങ്ങളുമായി അസ്മാബീവി ചികിത്സ തേടിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട അസ്മാബീവിയെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. പത്ത് […]

23 April 2021 9:48 AM GMT

വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്ത് 105-ാം വയസില്‍ കൊവിഡിനെ അതിജീവിച്ച അസ്മാബീവിയും
X

നൂറ്റിയഞ്ചാം വയസില്‍ കോവിഡിനെ അതിജീവിച്ച അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കി. മക്കളും കൊച്ചു മക്കളും നല്‍കിയ പണത്തിന്റെ ഒരുഭാഗമാണ് വാക്‌സിന്‍ ചലഞ്ച് ഏറ്റെടുത്തുകൊണ്ട് അസ്മാബീവി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയത്. കൊവിഡ് ഒന്നാം ഘട്ടത്തില്‍ വ്യാപകമായപ്പോഴാണ് നൂറ്റിയഞ്ച് വയസുണ്ടായിരുന്ന അഞ്ചല്‍ സ്വദേശി അസ്മാബീവിക്ക് കൊവിഡ് ബാധിച്ചത്.

2020 ജൂലൈ 20നാണ് കൊവിഡ് ലക്ഷണങ്ങളുമായി അസ്മാബീവി ചികിത്സ തേടിയത്. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിക്കപ്പെട്ട അസ്മാബീവിയെ ചികിത്സിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘത്തെയും ആരോഗ്യവകുപ്പ് നിയോഗിച്ചിരുന്നു. പത്ത് ദിവസത്തെ ചികിത്സയിലൂടെ കൊവിഡിനെ തോല്‍പ്പിച്ചാണ് അസ്മാബീവി അന്ന് ആശുപത്രി വിട്ടത്.

വാക്‌സിന്‍ ചലഞ്ചിനെക്കുറിച്ച് മുഖ്യമന്ത്രി ഇന്ന് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞത്: ”വാക്സിനുകള്‍ വാങ്ങുന്നതിലേയ്ക്കായി സിഎംഡിആര്‍എഫിലേക്ക് സംഭാവനകള്‍ ഇന്നലെ മുതല്‍ വന്നുകൊണ്ടിരിക്കുകയാണ്. ഇന്നുമാത്രം ഒരുകോടിയിലധികം രൂപയാണ് ഇങ്ങനെ എത്തിയത്. പ്രതിസന്ധി ഘട്ടങ്ങളില്‍, തങ്ങളുടെ സഹോദരങ്ങളുടെ സുരക്ഷയ്ക്കും നാടിന്റെ നന്മയ്ക്കും വേണ്ടി ഒത്തൊരുമിക്കുന്ന കേരള ജനത ഈ ലോകത്തിനു തന്നെ മാതൃകയായി മാറിയിരിക്കുന്നു. കേരളീയന്‍ എന്ന നിലയില്‍ അഭിമാനം തോന്നുന്ന മറ്റൊരു സന്ദര്‍ഭമാണിത്. ആരുടെയും ആഹ്വാനമനുസരിച്ചല്ല, ജനങ്ങള്‍ സ്വയമേവ മുന്നോട്ടുവന്നാണ് സംഭാവനകള്‍ നല്‍കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നും വാക്സിന്‍ വാങ്ങാനുള്ള സംഭാവന എത്തുകയാണ്.”

”ഇത്തരത്തില്‍ വാക്സിന്‍ വാങ്ങുന്നതിനായി ജനങ്ങള്‍ നല്‍കുന്ന തുക സംഭരിക്കുന്നതിന് സിഎംഡിആര്‍എഫില്‍ പ്രത്യേക അക്കൗണ്ട് ഉണ്ടാകും. ആ തുക വാക്സിനേഷനു വേണ്ടി മാത്രം ചെലവഴിക്കും. ഇപ്പോള്‍ വാക്സിനേഷന്‍ സ്വീകരിച്ചവരാണ് സംഭാവന അയക്കുന്നത്. എല്ലാവരും ഇതിന് സന്നദ്ധരാകണം. ഈ മുന്നേറ്റത്തില്‍ കൂടുതല്‍ ആളുകള്‍ പങ്കാളികളാകണമെന്ന് അഭ്യര്‍ത്ഥിക്കുകയാണ്. വ്യക്തികള്‍ മാത്രമല്ല, സംഘടനകളും സ്ഥാപനങ്ങളും ഈ ലക്ഷ്യത്തിനായി കൈകോര്‍ക്കണം. വാക്സിനേഷന്‍ ശക്തമായി നടപ്പിലാക്കി എത്രയും പെട്ടെന്ന് ഈ മഹാമാരിയില്‍ നിന്നും മുക്തമാവുക എന്ന ലക്ഷ്യം നമുക്ക് സഫലീകരിക്കണം. സാമ്പത്തികമായ വേര്‍തിരിവുകളെ മറികടന്ന് വാക്സിന്‍ ഏറ്റവും സാധാരണക്കാരനും ലഭ്യമാക്കണം. അതിനായി നമുക്കൊരുമിച്ചു നില്‍ക്കാം.”

”ആവര്‍ത്തിച്ച് നടത്താനുള്ള ഒരു അഭ്യര്‍ത്ഥന എല്ലാവരും അത്യാവശ്യ കാര്യങ്ങള്‍ക്കു മാത്രമേ പുറത്തിറങ്ങാവൂ എന്നതാണ്. നിര്‍ണായകമായ ഒരു ഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ഓരോ നിമിഷവും ജാഗ്രതയോടെ ഇരിക്കേണ്ടതുണ്ട്. ആര്‍ടിപിസിആര്‍ ടെസ്റ്റ് നടത്തിയവര്‍ റിസര്‍ട്ട് കിട്ടുന്നതുവരെ നിര്‍ബന്ധമായും ക്വാറന്റൈനില്‍ കഴിയണം. രോഗം പടരുന്നതിന്റെ വേഗവും രീതിയും മാറിയിട്ടുണ്ട് എന്നതും ഓര്‍മ വേണം. അതിനനുസരിച്ച് സൗകര്യങ്ങളൊരുക്കാനുള്ള ശ്രമത്തിലാണ് നമ്മള്‍ ഓരോരുത്തരും എന്നു കാണണം. ഇക്കാര്യം മാധ്യമങ്ങളോടും കൂടി പറയുകയാണ്. സമൂഹത്തെ അപകടത്തില്‍നിന്ന് രക്ഷിക്കുകയാണ് എല്ലാവരുടെയും കടമ.”

”കഴിഞ്ഞ വര്‍ഷം ഏപ്രിലില്‍ ആടിനെ വിറ്റ് കിട്ടിയ 5510 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൈമാറിയ പോര്‍ട്ട് കൊല്ലം സ്വദേശിനി സുബൈദ ഒരു വര്‍ഷത്തിനുശേഷം വാക്സിന്‍ വിതരണത്തിനും തന്റെ സംഭാവന നല്‍കി. ആടിനെ വിറ്റ് കിട്ടിയ 5000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കുന്നതിനായി ജില്ലാ കലക്ടര്‍ക്ക് കൈമാറി.”

Next Story