Top

കേരളം കൂടുതൽ സജ്ജമാകുന്നു, എറണാകുളത്ത് ആയിരം ഓക്സിജൻ കിടക്കകളുള്ള താൽക്കാലിക ആശുപത്രി; ഇവിടെയും നാം പുതിയൊരു ചരിത്രമെഴുതും

35000 ചതുരശ്ര അടി വിസ്‌തീർണമുള്ള 2 ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക.പി പി പി മാതൃകയിലായിരിക്കും ചികിത്സാ കേന്ദ്രമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

11 May 2021 9:51 AM GMT

കേരളം കൂടുതൽ സജ്ജമാകുന്നു, എറണാകുളത്ത് ആയിരം ഓക്സിജൻ കിടക്കകളുള്ള താൽക്കാലിക ആശുപത്രി; ഇവിടെയും നാം പുതിയൊരു ചരിത്രമെഴുതും
X

കൊച്ചി: എറണാകുളത്ത് കൊവിഡ് രോ​ഗികളുടെ എണ്ണത്തിൽ വർദ്ധനവുണ്ടാകുന്ന സാഹചര്യത്തിൽ 1000 ഓക്സിജൻ കിടക്കകളുള്ള പുതിയ കൊവിഡ് ചികിത്സാ കേന്ദ്രം. ജില്ലാ കളക്ടറാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. 35000 ചതുരശ്ര അടി വിസ്‌തീർണമുള്ള 2 ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക.പി പി പി മാതൃകയിലായിരിക്കും ചികിത്സാ കേന്ദ്രമെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്. ബി പി സി എൽ സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന 500 കിടക്കകൾ ഉള്ള ആശുപത്രിയെ കൂടാതെയാണ് പുതിയ സൗകര്യമൊരുക്കുന്നത്.

ജില്ലാ കളക്ടറുടെ പോസ്റ്റ്

പ്രതിസന്ധികളെ അവസരമാക്കുന്ന ജനതയാണ് നാമെന്ന് പ്രളയകാലം മുതൽ തെളിയിച്ചതാണ്. കോവിഡിനെതിരായ പോരാട്ടത്തിലും നമ്മുടെ ജില്ല അത്തരം ഒരുപാട് അത്ഭുതങ്ങൾ സൃഷ്ടിച്ചു. ഇന്ത്യയിൽ തന്നെ ആദ്യമെന്ന് പറയാവുന്ന പല മാതൃകകളും നാം സൃഷ്ടിച്ചു. എഫ് എൽ ടി സി കളും സാമ്പിൾ ശേഖരിക്കുന്നതിനുള്ള വിസ്‌കും ഓക്സിജൻ വാർ റൂമും എറണാകുളത്ത് നിന്നാണ് മറ്റിടങ്ങളിലേക്ക് പകർത്തിയത്. ഇവയത്രയും ദേശീയ ശ്രദ്ധ ആകർഷിക്കുകയും ചെയ്തു.

രാജ്യത്തിനാകെ മാതൃകയായി, രാജ്യത്താദ്യമായി പുതിയൊരു മാതൃക കൂടി നാം സൃഷ്ടിക്കുകയാണ്. അതിനു നിമിത്തമാകാൻ കഴിയുന്നതിൽ അതിയായ സന്തോഷമുണ്ട്. കോവിഡ് ചികിത്സ സൗകര്യം വിപുലപ്പെടുത്തുന്നതിനായി ബി പി സി എൽ ക്യാമ്പസ്സിൽ 1000 ഓക്സിജൻ കിടക്കകൾ ഉള്ള ഒരു താൽക്കാലിക ആശുപത്രി തുടങ്ങുന്നതിനെക്കുറിച്ച് നേരത്തേ പറഞ്ഞിരുന്നല്ലോ. ബി പി സി എൽ സ്കൂൾ ഗ്രൗണ്ടിൽ തയ്യാറാക്കുന്ന 500 കിടക്കകൾ ഉള്ള ആശുപത്രിക്കു പുറമെയാണിത്.

ഈ ആശുപത്രി പൂർത്തിയാകുമ്പോൾ പുതിയൊരു മാതൃകയും സൃഷ്ടിക്കപ്പെടും. 35000 ചതുരശ്ര അടി വിസ്‌തീർണമുള്ള 2 ടെന്റുകൾ സ്ഥാപിച്ചാണ് 1000 കിടക്കകൾ തയ്യാറാക്കുക.പി പി പി മാതൃകയിലാണ് ആശുപത്രി ഒരുക്കുന്നത്. അടിസ്ഥാന സൗകര്യം സർക്കാർ ഒരുക്കും. ഓക്സിജൻ ലഭ്യമാക്കുന്നതിനുള്ള സൗകര്യങ്ങൾ ബി പി സി എൽ ആണ് നിർവഹിക്കുക. കിടക്കകൾ സ്വകാര്യ ആശുപത്രികളും തയ്യാറാക്കും. നടത്തിപ്പിനും മേൽനോട്ടത്തിനുമായി 2 ഉപസമിതികൾക്കും രൂപം നൽകിയിട്ടുണ്ട്.ഈ ആശയത്തിന് പൂർണ്ണ പിന്തുണ നൽകിയ എല്ലാവരേയും നന്ദിയോടെ ഓർക്കുന്നു

ഓരോ ദിവസവും വർധിക്കുന്ന ചികിത്സ ആവശ്യങ്ങൾ നിറവേറ്റാനാണ് ദ്രുതവേഗത്തിൽ ഈ ആശുപത്രി നിർമ്മിക്കുന്നത്.
ഈ ദൗത്യത്തിന് ഇറങ്ങിപ്പുറപ്പെടുമ്പോൾ വൻ വെല്ലുവിളികളാണ് മുന്നിലെത്തിയത്. അവയൊക്കെയും തട്ടിമാറ്റി നാം മുന്നോട്ടു പോവുകയാണ് .
ഒന്നേകാൽ വർഷത്തിലേറെയായി നാം ഈ പോരാട്ടം തുടങ്ങിയിട്ട്. വരണ്ടതും ദുരിതമയവുമായ ഈ കാലം, അതേസമയം തന്നെ നമുക്കുമുന്നിൽ അത്ഭുതങ്ങളുടെ ജാലകം തുറന്നിട്ടുമുണ്ട്.

ഇവിടെയും നാം പുതിയൊരു ചരിത്രമെഴുതും തീർച്ച.

Popular Stories

    Next Story