
പിഎസ്സി നിയമനങ്ങളില്‍ മുന്നോക്ക വിഭാഗക്കാരിലെ പിന്നാക്കക്കാര്‍ക്ക് സംവരണം അനുവദിക്കാനുള്ള പിഎസ്സിയ്ക്കായുള്ള ഭേദഗതിയ്ക്ക് മന്ത്രിസഭായോഗത്തിന്റെ അംഗീകാരം. മുന്നോക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന പത്ത് ശതമാനത്തിന് പിഎസ്സിയില് സംവരണം നല്‍കാനാണ് മന്ത്രിസഭായോഗത്തിന്റെ തീരുമാനം. സാമ്പത്തിക സംവരണം നിലവിലുള്ള സംവരണവ്യവസ്ഥയെ ബാധിക്കില്ലെന്നാണ് സര്‍ക്കാര്‍ വാദം. ഓപ്പണ്‍ ക്വാട്ടയിലെ പത്ത് ശതമാനമാണ് സാമ്പത്തിക സംവരണത്തിനായി നീക്കിവെയ്ക്കുക. മുന്നാക്ക വിഭാഗങ്ങളിലെ നാലുലക്ഷം രൂപവരെ വാര്‍ഷിക വരുമാനം ഉള്ളവര്‍ക്ക് സംവരണത്തിന് അര്‍ഹതയുണ്ടാകും.
ഓപ്പണ്‍ ക്വാട്ടയിലെ ഒഴിവില്‍ നിന്ന് 10 ശതമാനം സാമ്പത്തികസംവരണത്തിന് നീക്കിവെയ്ക്കാനുള്ള നിര്‍ദേശങ്ങള്‍ക്ക് പിഎസ്സി അംഗീകാരം നല്‍കിയിരുന്നു. സംവരണം നടപ്പിലാക്കാന്‍ സര്‍വ്വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യാനുള്ള നിര്‍ദേശങ്ങള്‍ ആ സമയം മുന്‍പുതന്നെ ഉയര്‍ന്നുവന്നിരുന്നതാണ്. ഇതിനുള്ള മാനദണ്ഡങ്ങള്‍ നിര്‍ണ്ണയിക്കുന്നതിനായി ജസ്റ്റിസ് കെ ശ്രീധരന് നായര്‍ കമ്മീഷനെ നിയമിച്ചിരുന്നു.
കുടുംബത്തിന്റെ വാര്‍ഷികവരുമാനം നാലര ലക്ഷത്തില്‍ കൂടുതലുള്ളവരോ പഞ്ചായത്തില്‍ 2.5 ഏക്കര്‍, മുന്‍സിപ്പാലിറ്റിയില്‍ 75 സെന്റ്, കോര്‍പ്പറേഷനില്‍ 50 സെന്റ് എന്നതില്‍ കൂടുതല്‍ ഭൂമിയുള്ളവരോ ആയ മുന്നോക്ക വിഭാഗക്കാര്‍ സാമ്പത്തിക സംവരണത്തിന് അര്‍ഹരാകില്ല.