Top

ഭീമ കൊറേഗാവുള്‍പ്പെടെ രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ തടവിലുള്ളവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ ഭീമ കൊറേഗാവ് കേസുകളില്‍ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം. ഭീമ കൊറോഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുന്നവരെ ഉള്‍പ്പെടെ മോചിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ പത്ത് നേതാക്കളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണമെന്നാണ് കത്തിലെ ആവശ്യം. ഭീമ കൊറേഗാവില്‍ […]

6 July 2021 8:33 AM GMT
റിപ്പോർട്ടർ നെറ്റ്‌വർക്ക്

ഭീമ കൊറേഗാവുള്‍പ്പെടെ രാഷ്ട്രീയ പ്രേരിതമായ കേസുകളില്‍ തടവിലുള്ളവരെ മോചിപ്പിക്കണം; രാഷ്ട്രപതിക്ക് പ്രതിപക്ഷ നേതാക്കളുടെ കത്ത്
X

മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണത്തിന് പിന്നാലെ ഭീമ കൊറേഗാവ് കേസുകളില്‍ രാഷ്ട്രപതിയുടെ അടിയന്തിര ഇടപെടല്‍ ആവശ്യപ്പെട്ട് പ്രതിപക്ഷം. ഭീമ കൊറോഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുന്നവരെ ഉള്‍പ്പെടെ മോചിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാക്കളുടെ ആവശ്യം. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ഉള്‍പ്പെടെ പത്ത് നേതാക്കളാണ് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തയച്ചത്. ഭീമ കൊറേഗാവ് കേസിലും രാഷ്ട്രീയ പ്രേരിതമായ മറ്റ് കേസുകളിലും അകപ്പെട്ട് യുഎപിഎ, രാജ്യദ്രോഹം എന്നിവ ചുമത്തി ജയിലിലടച്ചിരിക്കുന്നവരെ ജയില്‍മോചിതരാക്കണമെന്നാണ് കത്തിലെ ആവശ്യം.

ഭീമ കൊറേഗാവില്‍ ആരോപണവിധേയരായ സ്റ്റാന്‍ സ്വാമിക്കെതിരെ വ്യാജ കേസുകള്‍ ചുമത്തിയതില്‍ ഉത്തരവാദികള്‍ക്കെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്നും കത്തില്‍ പ്രതിപക്ഷ നേതാക്കള്‍ ആവശ്യപ്പെടുന്നു. സ്റ്റാന്‍ സ്വാമിക്ക് ലഭിച്ചത് മനുഷ്യത്വ രഹിതമായ പരിഗണനയാണെന്നും നേതാക്കള്‍ ആരോപിച്ചു. സോണിയ ഗാന്ധിക്ക് പുറമെ ശരത് പവാര്‍, മമത ബാനര്‍ജി, എംകെ സ്റ്റാലിന്‍, ഹേമന്ത് സോറന്‍, എച്ച് ഡി ദേവ ദൗഡ, ഫാറൂഖ് അബ്ദുള്ള, തേജസ്വി യാദവ്, ഡി രാജ, സീതാറാം യെച്ചൂരി എന്നിവരാണ് കത്തിന് പിന്നില്‍.

അതിനിനിടെ, ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ കസ്റ്റഡിയിലിരിക്കെയുള്ള മരണത്തില്‍ കേന്ദ്ര സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് യുറോപ്യന്‍ യൂണിയന്‍, യുഎസ് മനുഷ്യവകാശ പ്രതിനിധികളും രംഗത്തെത്തി. ഫാദര്‍ സ്റ്റാന്‍സ്വാമിയെപ്പോലുള്ള മനുഷ്യവകാശ പ്രവര്‍ത്തകരെ തടവില്‍ വെക്കുന്നത് ക്ഷമിക്കാനാവില്ലെന്ന് മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുഎസ് പ്രത്യേക പ്രതിനിധി. യൂറോപ്യന്‍ യൂണിയന്‍ മനുഷ്യവകാശവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന പ്രത്യേക പ്രതിനിധി ഇമണ്‍ ഗില്‍മറാണ് സ്റ്റാന്‍ സ്വാമിയുടെ മരണത്തില്‍ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് പ്രതികരിച്ചത്.

”ഫാദര്‍ സ്റ്റാന്‍ സ്വാമിയുടെ മരണവാര്‍ത്ത തന്നെ അതീവ ദുഖത്തിലാഴ്ത്തി. ആദിവാസി ജനവിഭാഗത്തിന്റെ അവകാശ സംരക്ഷണത്തിന് പ്രവര്‍ത്തിച്ച സ്വാമി ഒന്‍പത് മാസമായി തടവിലായിരുന്നു. യൂറോപ്യന്‍ യൂണിയന്‍ സ്വാമിയുടെ കേസ് അധികാരികളുടെ മുന്നില്‍ തുടര്‍ച്ചയായി ഉയര്‍ത്തിരുന്നു”. സ്വാമിയെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി മോദിയ്ക്ക് 21 യൂറോപ്യന്‍ പാര്‍ലമെന്റ് അംഗങ്ങള്‍ അയച്ച കത്ത് സംബന്ധിച്ച് ഇമണ്‍ ഗില്‍മര്‍ ഓര്‍മ്മിപ്പിച്ചു.

സ്വാമിയുടെ മരണം ഞെട്ടലുണ്ടാക്കുന്നതും മനുഷ്യവകാശ പ്രവര്‍ത്തകരെ തടവില്‍വെക്കുന്നത് ക്ഷമിക്കാനാവാത്ത പ്രവൃത്തിയുമാണെന്ന് യുഎസ് മനുഷ്യാവകാശം സംബന്ധിച്ചു പ്രവര്‍ത്തിക്കുന്ന പ്രത്യേക പ്രതിനിധി മേരി ലോവര്‍ പ്രതികരിച്ചു. ഇന്ത്യയില്‍ നിന്നും പുറത്തുവന്ന വാര്‍ത്ത ഞെട്ടലുണ്ടാക്കുന്നതാണ്. ഈശോ സഭയിലെ ഫദര്‍ സ്റ്റാന്‍ സ്വാമി ഒന്‍പത് മാസം തടവില്‍ വെക്കപ്പെടുകയും കസ്റ്റഡിയില്‍ മരിക്കുകയും ചെയ്തിരിക്കുന്നു. തെറ്റായ കുറ്റം ചുമത്തിയാണ് സ്വാമിയെ അറസ്റ്റ് ചെയ്തത്. മനുഷ്യവകാശ പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന ഇത്തരം പ്രവൃത്തികള്‍ ക്ഷമിക്കാന്‍ കഴിയില്ലെന്ന് യുഎസ് പ്രതിനിധി വ്യക്തമാക്കി. സ്വാമിയുടെ കുടുംബാംഗങ്ങളേയും അദ്ദേഹത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവരേയും അനുശോചനം അറിയിക്കുന്നതായും യുഎസ് പ്രതിനിധി അറിയിച്ചു.

ചൊവ്വാഴ്ചയാണ് ഭീമാ കൊറെഗാവ് കേസില്‍ വിചാരണ കാത്ത് കഴിയുകയായിരുന്ന മനുഷ്യാവകാശ പ്രവര്‍ത്തകന്‍ ഫാദര്‍ സ്റ്റാന്‍ സ്വാമി (84) പൊലീസ് കസ്റ്റഡിയില്‍ മരിച്ചത്. ആരോഗ്യകാരണങ്ങള്‍ മുന്‍നിര്‍ത്തി നല്‍കിയ ജാമ്യഹര്‍ജിയില്‍ ബോംബെ ഹൈക്കോടതി വാദം കേള്‍ക്കുന്നതിനിടെയായിരുന്നു അന്ത്യം. ആദിവാസികളുടെ അവകാശ സംരക്ഷണത്തിനായി ജീവിതം മാറ്റിവെച്ച ജസ്യൂട്ട് പുരോഹിതനായ സ്റ്റാന്‍ സ്വാമിയെ മാവോവാദി ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ ഒക്ടോബറില്‍ റാഞ്ചിയില്‍നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റുചെയ്തത്.

Next Story