Top

കേരളം കൊവിഡിനൊപ്പം ജീവിച്ചുതുടങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം; കടന്നുപോയത് അതിജീവന പോരാട്ടത്തിന്റെ 365 ദിവസങ്ങള്‍

പിന്നീട് കേരളം കണ്ടത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരും പൊലീസും തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രോഗപ്രതിരോധത്തിനായി തുനിഞ്ഞിറങ്ങുന്ന കാഴ്ച്ചയാണ്.

29 Jan 2021 10:13 PM GMT

കേരളം കൊവിഡിനൊപ്പം ജീവിച്ചുതുടങ്ങിയിട്ട് ഇന്നേക്ക് ഒരുവര്‍ഷം; കടന്നുപോയത് അതിജീവന പോരാട്ടത്തിന്റെ 365 ദിവസങ്ങള്‍
X

രാജ്യത്ത് കൊവിഡ് മഹാമാരിയുടെ ആദ്യകേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്നേക്ക് ഒരുവര്‍ഷം പിന്നിടുന്നു. മഹാമാരിയുടെ ഭീതി പൂര്‍ണ്ണമായും വിട്ടൊഴിഞ്ഞിട്ടില്ലെങ്കിലും രാജ്യം വാക്‌സിന്‍ വിതരണമുള്‍പ്പെടെ പല സുപ്രധാനപ്രതിരോധ നടപടികള്‍ക്കും തുടക്കം കുറിച്ച് രോഗത്തെ പിടിച്ചുകെട്ടാന്‍ ശ്രമങ്ങള്‍ നടത്തുന്നുണ്ട്. ചൈനയിലെ വുഹാന്‍ പട്ടണത്തില്‍ നിന്നും തുടങ്ങി ലോകത്താകെ പരന്ന കൊവിഡ് രോഗം ഇന്ത്യയിലാദ്യമായി റിപ്പോര്‍ട്ട് ചെയ്യുന്നത് കേരളത്തിലാണ്. 2020 ജനുവരി 30ന് വുഹാനിലെ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്ന ഒരു തൃശ്ശൂര്‍ സ്വദേശിയ്ക്ക് കൊവിഡ് രോഗം സ്ഥിരീകരിക്കപ്പെട്ടതോടെ കേരളം അതിശക്തമായ അതിജീവന പോരാട്ടത്തിന് മുന്നിട്ടിറങ്ങി. മഹാമാരിയെ ചെറുക്കാനായി കാലേകൂട്ടി മുന്നൊരുക്കങ്ങള്‍ നടത്തിയിരുന്ന കേരളം ലോകത്തിനാകെ മാതൃകയാകുന്ന തരത്തിലാണ് ആദ്യഘട്ടത്തില്‍ രോഗപ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തിവന്നത്.

മഹാമാരിയെക്കുറിച്ച് ലോകാരോഗ്യസംഘടന മുന്നറിയിപ്പ് നല്‍കിയത് മുതല്‍ സംസ്ഥാന ആരോഗ്യവകുപ്പ് പ്രതിരോധത്തിനായുള്ള നടപടികള്‍ കൈക്കൊള്ളാന്‍ ആരംഭിച്ചു. 2020 ജനുവരി 24 മുതല്‍ കൊവിഡ് മഹാമാരിയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ സംസ്ഥാനത്ത് കണ്‍ട്രോള്‍ റൂം തുറന്നു. പിന്നീട് കേരളം കണ്ടത് ആരോഗ്യമന്ത്രി കെകെ ശൈലജയുടെ നേതൃത്വത്തില്‍ ആരോഗ്യവകുപ്പും കൊവിഡ് മുന്നണിപ്പോരാളികളായ ആരോഗ്യപ്രവര്‍ത്തകരും പൊലീസും തദ്ദേശഭരണസ്ഥാപനങ്ങളിലെ ജനപ്രതിനിധികളും രോഗപ്രതിരോധത്തിനായി തുനിഞ്ഞിറങ്ങുന്ന കാഴ്ച്ചയാണ്.

ഭയമല്ല ജാഗ്രതയാണ് കൊവിഡിനെ പ്രതിരോധിക്കാന്‍ ആവശ്യം എന്നതായിരുന്നു കേരളത്തിന്റെ കാഴ്ച്ചപ്പാട്. ഇന്ത്യയുടെ ശരാശരി ജനസാന്ദ്രത ഒരുചതുരശ്ര കിലോമീറ്ററില്‍ 430 ആയിരിക്കുമ്പോള്‍ അത് 860 ആയ കേരളത്തിന് മുന്നില്‍ രോഗത്തെ നേരിടാന്‍ ഒട്ടേറെ വെല്ലുവിളികളുണ്ടായിരുന്നു. കൊവിഡ് മൂലമുള്ള മരണനിരക്ക് ഏറ്റവും കൂടുതല്‍ കേരളത്തിലായിരിക്കുമെന്ന് വിദഗ്ധര്‍ പ്രവചിച്ചെങ്കിലും മരണനിരക്ക് പരമാവധി കുറയ്ക്കാനായി സര്‍ക്കാരും ജനങ്ങളും ഒറ്റക്കെട്ടായി പരിശ്രമിച്ചു. ഈ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുകയും നിയന്ത്രിക്കുകയും ചെയ്ത ആരോഗ്യവകുപ്പ് മന്ത്രി കെകെ ശൈലജയുടെ ഇടപെടലുകളെ അന്താരാഷ്ട്ര മാധ്യമങ്ങളടക്കം വാഴ്ത്തി. കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടമായ മാര്‍ച്ച് 6 മുതല്‍ മെയ് 4 വരെയുള്ള കാലഘട്ടത്തില്‍ ഇന്ത്യയിലെ മറ്റ്‌സംസ്ഥാനങ്ങളില്‍ മരണനിരക്ക് വളരെയധികം ഉയര്‍ന്നപ്പോഴും കേരളത്തിന് മരണനിരക്ക് പിടിച്ചുനിര്‍ത്താനായി. കൊവിഡ് മഹാമാരിയുടെ രണ്ടാം ഘട്ടത്തില്‍ മെഡിക്കല്‍ കോളെജുകളില്‍ ഐസൊലേഷന്‍ വാര്‍ഡുകള്‍ ഒരുക്കുന്ന പ്രവര്‍ത്തനങ്ങളുള്‍പ്പെടെ വളരെ ഊര്‍ജിതമായി നടന്നു.

കൊവിഡിനെ പ്രതിരോധിക്കാന്‍ രാജ്യവ്യാപകമായി ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ മറ്റ്‌സംസ്ഥാനങ്ങളില്‍ കുടുങ്ങിപ്പോയവരെ നാട്ടിലെത്തിക്കാനും വിശന്നിരിക്കുന്നവര്‍ക്ക് ഭക്ഷണമെത്തിക്കാനും കുടിയേറ്റ തൊഴിലാളികളെ സ്വന്തം നാട്ടിലെത്തിക്കാനും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും ജനങ്ങളും ഒറ്റക്കെട്ടായി നിന്നു. ലോക്ക്ഡൗണ്‍, ക്വാറന്റൈന്‍, ഐസൊലേഷന്‍, മാസ്‌ക്, സാമൂഹ്യഅകലം, റിവേഴ്‌സ് ക്വാറന്റൈന്‍, എന്നീ പുതിയ താക്കോല്‍ വാക്കുകളെ പരിചയിച്ചും ഉപയോഗിച്ചും രോഗത്തില്‍ നിന്നും സ്വയം സംരക്ഷിച്ചുകൊണ്ടും മലയാളികള്‍ കൊവിഡ് കാലത്ത് രോഗത്തോടൊപ്പം ജീവിക്കാന്‍ പരിശീലിക്കപ്പെട്ടു.

എന്നാല്‍ ഇക്കഴിഞ്ഞ ഒക്ടോബര്‍മാസം മുതല്‍ ഇന്ത്യയിലെ മറ്റ് പല സംസ്ഥാനങ്ങളിലും രോഗം നിയന്ത്രണ വിധേയമായെങ്കിലും കേരളത്തില്‍ സ്ഥിതിഗതികള്‍ അത്ര ശാന്തമായിട്ടില്ല. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പല ദിവസങ്ങളിലും പത്തില്‍ കൂടുതലാകുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. എങ്കിലും മരണനിരക്ക് 0.4 ശതമാനത്തില്‍ത്തന്നെ നിര്‍ത്താനായത് കേരളത്തിന് ആശ്വാസമാകുന്നുണ്ട്.

Next Story