
തിരുവനന്തപുരം: സ്ത്രീകൾക്കെതിരായ അതിക്രമങ്ങളിൽ നിന്ന് മുക്തമായ ഒരു കേരളത്തിനായി 2021-22 മുതൽ ഒരു കാമ്പയിൻ ആരംഭിക്കുകയാണെന്ന് ധനമന്ത്രി തോമസ് ഐസക് വ്യക്തമാക്കി. സ്ത്രീകൾക്കെതിരായ അക്രമങ്ങളിൽ 25 ശതമാനത്തോളം കുറവ് സൃഷ്ടിക്കുക എന്ന ലക്ഷ്യമാണ് കാമ്പയിനുള്ളത്. ഇതിനായുള്ള മാനദണ്ഡങ്ങൾ പാലിക്കുന്ന തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് പ്രത്യേക അംഗീകാരം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാ തദ്ദേശ ഭരണ സ്ഥാപനങ്ങളിലും സ്ത്രീകൾക്കെതിരെയുള്ള അക്രമങ്ങളുടെ മാപ്പിംഗ് നടത്തും. കുടുംബശ്രീ-അയൽക്കൂട്ട അംഗംങ്ങളെയും ഉൾപ്പെടുത്തി എവിടെ വെച്ച്-എപ്പോൾ-ആരിൽ നിന്ന് എന്ന രീതിയിലാകും വിവര ശേഖരണം നടത്തുക. അന്വേഷണത്തിന്റെ രഹസ്യ സ്വഭാവവും ഉറപ്പു വരുത്തും. ക്രൈം മാപ്പിന്റെ അടിസ്ഥാനത്തിൽ അതിക്രമങ്ങൾ കുറക്കുന്നതിനുള്ള പ്രൊജെക്ടുകൾ നിർബന്ധമായും വനിതാ ഘടക പദ്ധതിയിൽ ഉൾപ്പെടുത്തുമെന്നും അദ്ദേഹം സൂചിപ്പിച്ചു.
പൊതു പ്രൊജെക്ടുകളിൽ സ്ത്രീ പരിഗണന ഉറപ്പു വരുത്തുമെന്നും ജാഗ്രതാ സമിതികൾ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ബജറ്റ് അവതരണത്തിനിടെ അറിയിച്ചു. ഈ പദ്ധതി നടപ്പിലാക്കാനായി 20 കോടി രൂപയാണ് കുടുംബശ്രീക്ക് അധികമായി അനുവദിക്കുന്നത്. ‘നിർഭയ ഷോർട് സ്റ്റേ ഹോം’, ‘സ്നേഹിത’ എന്നീ സംവിധാനങ്ങൾക്കും 10 കോടിയും, 7 കോടിയും രൂപ യഥാക്രമം അനുവദിക്കുമെന്നും അദ്ദേഹം പ്രസ്താവിച്ചു.