‘സുരേന്ദ്രനെതിരായ പത്രിക പിന്‍വലിക്കാന്‍ രണ്ട് ലക്ഷവും സ്മാര്‍ട്ട് ഫോണും, ജയിച്ചാല്‍ വൈന്‍ഷോപ്പും വീടും’; വെളിപ്പെടുത്തി മഞ്ചേശ്വരത്തെ അപരന്‍ കെ സുന്ദര

എന്‍ഡിഎ പ്രവേശനത്തിനായി സികെ ജാനുവിന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ പണം നല്‍കിയെന്ന ഫോണ്‍ രേഖപുറത്ത് വന്നതിന് പിന്നാലെ ബിജെപിയെ വെട്ടിലാക്കി മറ്റൊരു വെളിപ്പെടുത്തല്‍ കൂടി. ബിജെപി നേതാക്കള്‍ പണം നല്‍കിയത് കൊണ്ടാണ് താന്‍ പത്രിക പിന്‍വലിച്ചതെന്ന് മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്റെ അപര സ്ഥാനാര്‍ത്ഥിയായിരുന്ന കെ സുന്ദര വെളിപ്പെടുത്തി. ബിജെപി നേതാക്കള്‍ രണ്ട് ലക്ഷം രൂപയും സ്മാര്‍ട്ട് ഫോണും നല്‍കിയെന്നും പണം വീട്ടിലെത്തി അമ്മയുടെ കൈയ്യില്‍ കൊടുക്കുകയായിരുന്നുവെന്നും സുന്ദര പറയുന്നു. കെ സുരേന്ദ്രന്‍ മഞ്ചേശ്വരത്ത് വിജയിച്ച് കഴിഞ്ഞാലും സുന്ദരക്ക് വലിയ വാഗ്ദാനങ്ങളാണ് നല്‍കിയത്.

‘അഞ്ചാറാള് വൈകിട്ട് വന്നു. നോമിനേഷന്‍ പിന്‍വലിക്കണം എന്ന് പറഞ്ഞു. ഞാന്‍ ബിഎസ്പിക്കാരോട് ചോദിക്കട്ടെയെന്ന് പറഞ്ഞു. എന്റെ വീട്ടിനടുത്തുള്ള സുരേഷ് നായിക് അവരോട് പത്രിക പിന്‍വലിക്കാം എന്ന് പറഞ്ഞു. അങ്ങനെ സമ്മര്‍ദം ചെലുത്തി. സുരേന്ദ്രേട്ടന്‍ ജയിക്കണം ഇക്കുറി എന്നും പറഞ്ഞു. രണ്ട് ലക്ഷം രൂപ തന്നു. ഫോണും തന്നു. നേരത്തെ എനിക്ക് വാട്ട്‌സ്ആപ്പ് ഉള്ള ഫോണ്‍ ഉണ്ടായിരുന്നില്ല. പതിനഞ്ച് ചോദിച്ചു. രണ്ട് തന്നു. വീട്ടില്‍ വന്ന് അമ്മയുടെ കൈയ്യില്‍ ക്യാഷ് ആയിട്ട് തന്നു. സുരേന്ദ്രന്‍ ഫോണില്‍ വിളിച്ചിരുന്നു. ജയിച്ച് കഴിഞ്ഞാല്‍ വൈന്‍ ഷോപ്പും വീടും വേണമെന്ന് ഞാന്‍ പറഞ്ഞു. അത് ചെയ്യാമെന്ന് എന്നോട് പറഞ്ഞു. കര്‍ണാടകത്തില്‍ ആണ് ഞാന്‍ വൈന്‍ ഷോപ്പ് ആവശ്യപ്പെട്ടത്.’ സുന്ദര ഏഷ്യാനെറ്റ് ന്യൂസിനോട് വെളിപ്പെടുത്തി.

Latest News