
മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറെ കരമനയിലെ ആശുപത്രിയില്‍ നിന്ന് മാറ്റുന്നു. നട്ടെല്ലിലെ ഡിസ്കിന് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടിയാണ് പിആര്‍എസ് ആശുപത്രിയില്‍ നിന്ന് മാറ്റുന്നത്. കടുത്ത നടുവേദനയുണ്ടെന്ന് ശിവശങ്കര്‍ പറഞ്ഞതിനേത്തുടര്‍ന്ന് പരിശോധന നടത്തിയിരുന്നു. അതിനിടെ പിആര്‍എസ് ആശുപത്രി അധികൃതരും മാധ്യമപ്രവര്‍ത്തകരും തമ്മില്‍ സംഘര്‍ഷമുണ്ടായി.
കടുത്ത പുറം വേദനയുണ്ടെന്ന് ശിവശങ്കരന് ഡോക്ടര്‍മാരെ അറിയിച്ചു. തുടര്‍ന്ന് വിശദമായ പരിശോധന നടത്താനാണ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദ്ദേശം. അദ്ദേഹത്തിന്റെ ഡിസ്കിന് തകരാറുണ്ടെന്ന് പരിശോധനയില്‍ കണ്ടെത്തിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇസിജിയില്‍ നേരിയ വ്യത്യാസം കണ്ടതിനെ തുടര്‍ന്നാണ് ആന്‍ജിയോഗ്രാം നടത്തിയത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.
വാഹനത്തില്‍വെച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും, ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവേ തളര്‍ച്ച അനുഭവപ്പെട്ടെന്നും ആണ് വിവരം. കുഴഞ്ഞുവീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് കസ്റ്റംസ് അന്വേഷണ സംഘം ഐഎഎസ് ഉദ്യോഗസ്ഥനെ കരമനയിലെ പിആര്‍എസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ശിവശങ്കര്‍ മുന്‍പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചശേഷം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ജാമ്യം എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് ബാധകം.
ശിവശങ്കര്‍ നല്കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നും മറ്റുള്ളവരുടെ മൊഴികളുമായി പൊരുത്തക്കേടുകളുണ്ടെന്നും സൂചനയുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ ചോദിച്ചറിയാനായാണ് ശിവശങ്കറിനെ കസ്റ്റഡിയിലെടുത്തതെന്നാണ് സൂചന.