Top

വാളയാര്‍ സഹോദരിമാരുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല; ‘രണ്ടു പെൺകുഞ്ഞുങ്ങളുടെ ജീവന് മേൽ നെറികെട്ട രാഷ്ട്രീയം കളിക്കുന്നു സർക്കാർ’

‘കണ്ണ് തുറക്കാത്ത ഗവണ്മെന്റ് ആണ് കേരളത്തിൽ. ഹത്രാസും വാളയാറും തമ്മിൽ അധികം ദൂരമില്ല. രണ്ടും ഭരണകൂട ഭീകരത ആണ് ‘, അദ്ദേഹം പറഞ്ഞു .

26 Oct 2020 1:06 AM GMT

വാളയാര്‍ സഹോദരിമാരുടെ അമ്മ നടത്തുന്ന സമരത്തിന് പിന്തുണയുമായി രമേശ് ചെന്നിത്തല; ‘രണ്ടു പെൺകുഞ്ഞുങ്ങളുടെ ജീവന് മേൽ നെറികെട്ട രാഷ്ട്രീയം കളിക്കുന്നു സർക്കാർ’
X

വാളയാര്‍ പെൺകുട്ടികൾക്ക് നീതി ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് അമ്മ നടത്തുന്ന സമരപന്തലിൽ എത്തി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ‘കണ്ണ് തുറക്കാത്ത ഗവണ്മെന്റ് ആണ് കേരളത്തിൽ. ഹത്രാസും വാളയാറും തമ്മിൽ അധികം ദൂരമില്ല. രണ്ടും ഭരണകൂട ഭീകരത ആണ് ‘, അദ്ദേഹം പറഞ്ഞു .

ഇതേ വിഷയത്തിൽ പെൺകുഞ്ഞുങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയത് പിണറായി വിജയൻറെ നേതൃത്വത്തിലുള്ള ഇടതു പക്ഷ സർക്കാരാണ് എന്നാരോപിക്കുന്ന സമൂഹ മാധ്യമ കുറിപ്പും അദ്ദേഹം പങ്ക് വെച്ചിട്ടുണ്ട്. കുറിപ്പ് താഴെ വായിക്കാം :-

‘വാളയാർ പെൺകുട്ടികൾക്ക് നീതി നിഷേധിച്ച സർക്കാരാണ് ഇന്ന് കേരളം ഭരിക്കുന്നത്.

നാഷണൽ ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ ലൈംഗീക പീഡനത്തിന് ഇരയാകുന്ന കുഞ്ഞുങ്ങളിൽ 95 ശതമാനവും അത്‌ നേരിടുന്നത് അവരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധം പുലർത്തുന്ന ബന്ധുക്കൾ, സ്വന്തക്കാർ, അയൽവാസികൾ, നാട്ടുകാർ ഇവരിൽ ആരിൽ നിന്നെങ്കിലുമാണ്. വാളയാറിലെ പ്രതികൾ ആരെന്നും, അവർക്കെതിരെയുള്ള തെളിവുകൾ എന്തെന്നും വസ്തുതാപരമായി പെൺകുട്ടികളുടെ മാതാപിതാക്കൾ പറഞ്ഞുകഴിഞ്ഞു. ഒൻപതും പതിമൂന്നും വയസ്സുള്ള കുഞ്ഞുങ്ങൾ ആത്മഹത്യ ചെയ്തതാണെന്ന പോലീസ് ഭാഷ്യം മാതാപിതാക്കളുടെ മൊഴിയിൽ തിരുകികയറ്റാൻ ശ്രമിക്കുകയാണ് അന്വേഷണ ഉദ്യോഗസ്ഥർ ആദ്യം ചെയ്തത്.പ്രതികളെ അർദ്ധരാത്രിയിൽ പോലീസ് സ്റ്റേഷനിൽ നിന്ന് ഇറക്കികൊണ്ടുവന്ന സിപിഎം പ്രാദേശിക നേതൃത്ത്വത്തെ തള്ളിപ്പറയാൻ തയ്യാറാകാതെ, അന്വേഷണ ഉദ്യോഗസ്ഥന് ഐ പി എസ് നൽകി പരിപാലിച്ചു കൊണ്ട്, പ്രതികൾക്ക് വേണ്ടി ഹാജരായ വക്കീലിനു ശിശുക്ഷേമ സമിതിയിൽ നിയമനം നൽകിക്കൊണ്ട് ഇക്കാലമത്രയും രണ്ട് പെൺകുഞ്ഞുങ്ങളുടെ ജീവന് മേൽ നെറികെട്ട രാഷ്ട്രീയം കളിക്കുകയും കേസ് അട്ടിമറിക്കുകയുമാണ് പിണറായി സർക്കാർ ചെയ്തുകൊണ്ടിരുന്നത്.

കീഴ്കോടതി പ്രതികളെ വെറുതെവിടാനിടയായ സാഹചര്യം സൃഷ്ടിച്ചത് കേസ് അന്വേഷിച്ച പോലീസാണ്. ഹൈക്കോടതിയിൽ പോലീസിന് വീഴ്ചപറ്റിയെന്ന് തുറന്ന് സമ്മതിക്കേണ്ടി വന്ന സർക്കാർ, ഇനിയും ഈ കേസിന്റെ പുനരന്വേഷണത്തിന് പഴയ പോലീസിന്റെ നടപടി ക്രമങ്ങളെയും, കണ്ടെത്തലുകളെയും ആശ്രയിക്കുന്നത് അനീതിക്ക് കുട പിടിക്കാൻ തന്നെയാണ്.

പെൺകുഞ്ഞുങ്ങളുടെ ജീവനും സ്വത്തിനും വിലയില്ലാത്ത നാടായി കേരളത്തെ മാറ്റിയത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള ഇടതുപക്ഷ സർക്കാരാണ്. പോലീസിന്റെ സർവ്വാധികാരം ഉപയോഗിച്ച് നടത്തുന്ന നീതിനിഷേധം തങ്ങളെ തിരഞ്ഞെടുത്തയച്ച ജനങ്ങളെ വഞ്ചിക്കലാണ്. ആ വഞ്ചനയ്ക്കെതിരെ ജനകീയ സമരങ്ങൾ നയിക്കുക എന്നത് പ്രതിപക്ഷ ധർമ്മവുമാണ്. വാളയാറിലെ പെൺകുട്ടികളുടെ മാതാപിതാക്കളെ വഞ്ചിച്ച സർക്കാരിനെതിരെ നവംബർ 1 UDF വഞ്ചനാദിനമായി ആചരിക്കുന്നു.’

#വഞ്ചനാദിനം #നവംബർ1

https://www.facebook.com/rameshchennithala/posts/3622250904500056
Next Story