
പ്രചാരണ രംഗത്ത് ഓടി വോട്ടഭ്യർഥിക്കുന്ന ഒരു സ്ഥാനാർഥിയെ പരിചയപ്പെടാം. കൊല്ലം കോർപ്പറേഷനിലെ പാലത്തറ ഡിവിഷൻ യുഡിഎഫ് സ്ഥാനാർഥി പാലത്തറ രാജീവിനാണ് ഓരോ വീട്ടിലും ഓടിയെത്തി വോട്ടഭ്യർത്ഥിക്കേണ്ടി വരുന്നത്. വലിയ ഡിവിഷനായത് കൊണ്ട് ഓട്ടം കൂടാതെ വീടുകൾ തോറും കയറിയെത്താനാകില്ല എന്നാണ് സ്ഥാനാർഥി പറയുന്നത്.
തുച്ചമായ സമയം, വലിയ ഡിവിഷൻ, റിബൽ ശല്യം എന്നിങ്ങനെയുള്ള കടമ്പകൾ കടക്കാൻ എല്ലാ ദിവസവും ഡിവിഷൻ്റെ എല്ലാ ഭാഗത്തും ഓടിയെത്തുക വീണ്ടും വീണ്ടും വോട്ടർമാരെ കാണുക അതാണ് രാജീവിൻ്റെ ലക്ഷ്യം. പാർട്ടി പ്രവർത്തകർ പ്രചാരണത്തിന് കൂടെ ഉണ്ടെങ്കിലും അവരെയെല്ലാം കടത്തി വെട്ടിയുള്ള സാക്ഷാൽ ഓട്ടം തന്നെ. ഓരോ വോട്ടർമാരെയും കാണുക, ഒരു മിനിട്ടിനുള്ളിൽ വോട്ടുറപ്പിക്കുക അതാണ് ലക്ഷ്യം. പുലർച്ചെ തന്നെ രാജീവിൻ്റെ ഓട്ടപ്പാച്ചിൽ ആരംഭിക്കും. പ്രവർത്തകർക്കും ഇത് വലിയ ആവേശമാണ്. തികഞ്ഞ വിജയ പ്രതീക്ഷയും രാജീവ് പങ്ക് വെച്ചു.
ഡിവിഷനിൽ മത്സരിക്കുന്ന മറ്റ് സ്ഥാനാർഥികളോടോ ഇലക്ഷൻ കമ്മിറ്റി ഓഫീസുകളിൽ കയറി വോട്ട് ചോദിക്കാനോ രാജീവിന് മടിയില്ല. തെരഞ്ഞെടുപ്പിന് തലേന്ന് വരെ ഈ ഓട്ടം തുടരുമെന്ന് രാജീവ് പറയുന്നു. കോൺഗ്രസിൻ്റെ മണ്ഡലം പ്രസിഡൻ്റ് കൂടിയാണ് ഈ സ്ഥാനാർഥി. തൻ്റെ കന്നിയങ്കത്തിൽ ഓടി ഓടി വിജയം കൈവരിക്കണമെന്നാണ് രാജീവിൻ്റെ ലക്ഷ്യം.