രാഹുല്‍ പൊലീസിന്റെ കോളറില്‍ പിടിച്ചോ? വീഴ്ച്ച നാടകമോ ?; ബിജെപിയുടേയും റിപ്പബ്ലിക്കിന്റേയും വാദങ്ങള്‍ പൊളിച്ചടുക്കി ആള്‍ട്ട് ന്യൂസ്
തന്നെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മറികടന്ന് മുന്നോട്ടായുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നതായി ആള്‍ട്ട് ന്യൂസ് ആരോപിക്കുന്നു.

ഒക്ടോബര്‍ ഒന്നിന് ഹാത്രസിലേക്കുള്ള യാത്രയ്ക്കിടെ രാഹുല്‍ഗാന്ധി യുപി പൊലീസ് ഉദ്യോഗസ്ഥരുടെ കോളറിന് കുത്തിപ്പിടിച്ചുവെന്ന ബിജെപി പ്രചാരണം പൊളിയുന്നു. യുപി പൊലീസ് പിടിച്ചുതള്ളിയപ്പോള്‍ രാഹുല്‍ മറിഞ്ഞുവീണത് നാടകം മാത്രമാണെന്ന ബിജെപി പ്രവര്‍ത്തകരുടേയും റിപ്പബ്ലിക്ക് ചാനലിന്റേയും പ്രചാരണങ്ങള്‍ പൊളിച്ചടുക്കിക്കൊണ്ട് ഫാക്ട് ചെക്കിംഗ് വെബ്സൈറ്റായ ആള്‍ട്ട് ന്യൂസാണ് ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്. കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ദളിത് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോകാന്‍ സമ്മതിക്കാതെ രാഹുല്‍ ഗാന്ധിയേയും സംഘത്തേയും യുപി പൊലീസ് തടഞ്ഞ പലവിധ ട്വിറ്റര്‍ വീഡിയോകള്‍ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാക്കിക്കൊണ്ടാണ് ആള്‍ട്ട് ന്യൂസ് വ്യാജപ്രചാരണങ്ങള്‍ക്ക് ഒന്നൊന്നായി മറുപടി നല്‍കുന്നത്.
ഒക്ടോബര്‍ ഒന്നിന് പെണ്‍കുട്ടിയുടെ കുടുംബത്തെ കാണാന്‍ അനുവദിക്കാതെ യുപി പൊലീസ് രാഹുലിനേയും പ്രിയങ്കയേയും സംഘത്തേയും ബലം പ്രയോഗിച്ച് മടക്കിയയ്ക്കുകയായിരുന്നു. എന്നാല്‍ രാഹുല്‍ പൊലീസുകാരെ കൈയ്യേറ്റം ചെയ്യുകയായിരുന്നുവെന്നും രാഹുല്‍ ഒരു പൊലീസ് ഉദ്യോഗസ്ഥന്റെ യൂണിഫോം കോളറില്‍ കുത്തിപ്പിടിച്ചുവെന്നും ആരോപിച്ച് ചില ബിജെപി പ്രവര്‍ത്തവര്‍ രംഗത്തെത്തിയിരുന്നു. പൊലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ കുത്തിപ്പിടിക്കുന്ന ഈ ആളല്ലേ നിങ്ങളുടെ രാഹുല്‍ ഗാന്ധി എന്ന ക്യാപ്ഷനോടെ ബിജെപി എംപി പ്രതാപ് അരുണ്ബോ ട്വിറ്ററിലൂടെ പങ്കുവെച്ച ചിത്രം നിരവധിപ്പേര്‍ റിട്വീറ്റ് ചെയ്തിരുന്നു. എന്നാല്‍ സംഭവത്തിന്റെ മുഴുവന്‍ വീഡിയോ പ്രദര്‍ശിപ്പിച്ചുകൊണ്ട് രാഹുല്‍ പൊലീസുകാരന്റെ കോളറില്പ്പിടിച്ചിട്ടില്ല എന്ന് ആള്‍ട്ട് ന്യൂസ് വ്യക്തത വരുത്തി. തന്നെ തടയാന്‍ ശ്രമിച്ച ഉദ്യോഗസ്ഥരെ മറികടന്ന് മുന്നോട്ടായുന്ന രാഹുല്‍ ഗാന്ധിയുടെ വീഡിയോയില്‍ നിന്ന് തെറ്റിദ്ധരിപ്പിക്കുന്ന വിധത്തില്‍ സ്ക്രീന്‍ഷോട്ട് എടുത്ത് ബിജെപി നേതാക്കള്‍ പ്രചാരണം നടത്തുന്നതായി ആള്‍ട്ട് ന്യൂസ് ആരോപിക്കുന്നു. രാഹുലിന്റെ ചുരുട്ടിയ മുഷ്ടി പൊലീസ് ഉദ്യോഗസ്ഥന്റെ കോളറില്‍ സ്പര്‍ശിച്ചിട്ടില്ലെന്ന് വ്യക്തമായിക്കാണാം.
പൊലീസ് ബലപ്രയോഗം നടത്താതെ തന്നെ രാഹുല്‍ ഗാന്ധി കുറ്റിച്ചെടികള്‍ക്കിടയിലേക്ക് മനപ്പൂര്‍വ്വം ചാടുകയായിരുന്നുവെന്ന തരത്തില്‍ റിപ്പബ്ലിക്ക് ടിവി നടത്തുന്ന പ്രചരണവും തെറ്റിദ്ധരിപ്പിക്കുന്നതാണെന്ന് ആള്‍ട്ട് ന്യൂസ് വിശദീകരിക്കുന്നു. കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല പോസ്റ്റ് ചെയ്ത ചില വീഡിയോകളിലും വിവിധ വാര്‍ത്താ ചാനലുകളില്‍ സംപ്രേഷണം ചെയ്ത വീഡിയോകളിലും രാഹുലിനെ പൊലീസ് ഉദ്യോഗസ്ഥര്‍ പിടിച്ചുതള്ളുന്നതായി വ്യക്തമായിക്കാണാമെന്ന് ആള്‍ട്ട് ന്യൂസ് തെളിയിക്കുന്നു. സൂക്ഷ്മപരിശോധനയില്‍ ഉന്തുന്നതിന്റെ ശക്തി എത്രത്തോളമെന്ന് അളക്കാനാകില്ലെങ്കിലും സംഘര്‍ഷം നടക്കുന്നത് വ്യക്തമായിക്കാണാമെന്നും ആള്‍ട്ട്ന്യൂസ് ടീം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരെ നിന്നും വശങ്ങളില് നിന്നും എടുക്കപ്പെട്ട വീഡിയോ ദൃശ്യങ്ങള്‍ നിരത്തിയായിരുന്നു ആള്‍ട്ട് ന്യൂസിന്റെ വിശദീകരണം.