Top

രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കൂടി; എസ് ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 26 ശതമാനം വര്‍ധന

554 ബലാത്സംഗക്കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്. യുപിയില്‍ 537ഉം 510ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

1 Oct 2020 6:32 AM GMT

രാജ്യത്ത് ദളിതര്‍ക്കെതിരെയുള്ള കുറ്റകൃത്യങ്ങള്‍ വന്‍തോതില്‍ കൂടി; എസ് ടി വിഭാഗങ്ങള്‍ക്ക് നേരെയുള്ള അതിക്രമങ്ങളില്‍ 26 ശതമാനം വര്‍ധന
X

രാജ്യത്ത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ പട്ടിക വിഭാഗങ്ങള്‍ക്ക് നേരയുള്ള കുറ്റകൃത്യങ്ങള്‍ വന്‍ തോതില്‍ വര്‍ധിച്ചെന്ന് റിപ്പോര്‍ട്ട്. പട്ടിക ജാതി വിഭാഗത്തില്‍ പെട്ടവര്‍ക്ക് നേരെയുണ്ടാകുന്ന കേസുകളുടെ എണ്ണം ഏഴു ശതമാനം വര്‍ധിച്ചെന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ ചൂണ്ടിക്കാണിക്കുന്നു. എസ് ടി വിഭാഗങ്ങള്‍ക്ക് നേരയുള്ള കേസുകള്‍ 26 ശതമാനം കൂടിയെന്ന ഗൗരവമേറിയ വിവരവും നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ പുറത്തുവിട്ടിട്ടുണ്ട്.

2018ല്‍ എസ് സി വിഭാഗങ്ങള്‍ക്കെതിരെയുണ്ടായ കുറ്റകൃത്യങ്ങളില്‍ 42,793 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2019ല്‍ ഇത് 45,935 കേസുകളായി. 7.3 ശതമാനം വര്‍ധന. 2019ല്‍ ദളിതര്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ആക്രമണമുണ്ടായത് ഉത്തര്‍പ്രദേശിലാണ്. യുപിയില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 11,829 കേസുകള്‍. രാജസ്ഥാനില്‍ ദളിതര്‍ക്കെതിരെയുണ്ടായ അതിക്രമങ്ങളില്‍ 6,794ഉം ബിഹാറില്‍ 6544ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

ദളിത് സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗീക അതിക്രമ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് രാജസ്ഥാനിലാണ്. 554 ബലാത്സംഗക്കേസുകളാണ് രാജസ്ഥാനില്‍ രജിസ്റ്റര്‍ ചെയ്തത്. യുപിയില്‍ 537ഉം 510ഉം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

ആദിവാസി വിഭാഗങ്ങള്‍ക്കെതിരെ നടന്ന കുറ്റകൃത്യങ്ങളില്‍ കഴിഞ്ഞ വര്‍ഷം 8,257 കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. 2018ല്‍ 6,258 കേസുകളായിരുന്നിടത്ത് നിന്നാണ് 26.5 ശതമാനത്തിന്റെ വര്‍ധന. മധ്യപ്രദേശിലാണ് പട്ടിക വര്‍ഗ വിഭാഗക്കാര്‍ക്ക് നേരെ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്നത്. ഒരു വര്‍ഷത്തിനിടെ മധ്യപ്രദേശില്‍ 1922 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. രാജസ്ഥാനില്‍ 1797, ഒഡീഷയില്‍ 576 എന്നിങ്ങനെയാണ് രജിസ്റ്റര്‍ ചെയ്യപ്പെട്ട കേസുകളുടെ എണ്ണം.

ആദിവാസി സ്ത്രീകള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ ലൈംഗീക അതിക്രമങ്ങള്‍ നടക്കുന്നതും മധ്യപ്രദേശിലാണ്. 358 ബലാത്സംഗക്കേസുകളാണ് പട്ടിക വിഭാഗത്തില്‍ പെട്ട സ്ത്രീകള്‍ ബലാത്സംഗം ചെയ്യപ്പെട്ടതുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഛത്തീസ്ഗഢില്‍ 180ഉം മഹാരാഷ്ട്രയില്‍ 114ഉം കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

രാജ്യത്ത് ആകെ രജിസ്റ്റര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവും വന്‍തോതില്‍ വര്‍ധിച്ചെന്ന് എന്‍സിആര്‍ബി കണക്കുകള്‍ വ്യക്തമാക്കുന്നു. 1.6 ശതമാനം വര്‍ധനയാണ് കുറ്റകൃത്യങ്ങളില്‍ ഉണ്ടായിരിക്കുന്നത്. 2019ല്‍ 51,56,172 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 2018ല്‍ ഇത് 50, 74, 635 ആയിരുന്നു.

Next Story

Popular Stories