
പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശിവലിംഗത്തിലെ തേള് എന്ന് വിശേഷിപ്പിച്ചതിന്റെ പേരില്‍ കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരായ മാനനഷ്ടക്കേസ് നടപടികള്‍ ദില്ലി ഹൈക്കോടതി സ്റ്റേ ചെയ്തു. കേസിലെ സമന്‍സിനെതിരെ തരൂര്‍ കോടതിയെ സമീപിച്ചിരുന്നു. ജസ്റ്റിസ് സുരേഷ് കുമാര്‍ പരാതിക്കാരനായ ബിജെപി നേതാവ് രാജീവ് ബബ്ബാറിനോട് വിശദീകരണം തേടി. കേസ് ഡിസംബര്‍ ഒമ്പതിന് കോടതി വീണ്ടും പരിഗണിക്കും.
മതവികാരം വ്രണപ്പെടുത്താനാണ് തരൂര്‍ ശ്രമിക്കുന്നതെന്ന് ആരോപിച്ചുകൊണ്ടായിരുന്നു ബബ്ബാറിന്റെ പരാതി. തരൂരിന് കഴിഞ്ഞ വര്‍ഷം ജൂണില്‍ വിചാരണക്കോടതി ജാമ്യം അനുവദിച്ചിരുന്നു. മുതിര്‍ന്ന അഭിഭാഷകരായ കപില്‍ സിബല്‍, വികാസ് പവ എന്നിവരാണ് തരൂരിനുവേണ്ടി ഹാജരായത്. 2019 ഏപ്രില്‍ 27ന് കേസ് പരിഗണിച്ചശേഷം കോടതി സമന്സയയ്ക്കുകയായിരുന്നു.
2018 ഒക്ടോബറിലാണ് തരൂര്‍ കേസിനാസ്പദമായ വിവാദപരാമര്‍ശം നടത്തിയത്. പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ആര്‍എസ്എസ് നേതാവ് മോദിയെ ശിവലിംഗത്തിലെ തേള് എന്ന് ഉപമിച്ചതായി തരൂര്‍ സൂചിപ്പിച്ചതാണ് വിവാദമായത്. മോദി ശിവലിംഗത്തിലെ തേള് പോലെയാണ്. ചൂല് കൊണ്ട് നീക്കാനോ ചെരുപ്പുകൊണ്ട് അടിച്ചിടാനോ കഴിയില്ല എന്ന് അയാള്‍ വിശദീകരിച്ചതായും തരൂര്‍ സൂചിപ്പിച്ചിരുന്നു. ഒരു സാഹിത്യോത്സവത്തിലായിരുന്നു തരൂരിന്റെ പരാമര്‍ശം.