Top

മമത അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളിൽ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം

അക്രമങ്ങളെ നേരിടാൻ സംസ്ഥാനം സ്വീകരിച്ച മാർഗ്ഗങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതിയിരുന്നു.

6 May 2021 12:13 AM GMT

മമത അധികാരത്തിലേറി മണിക്കൂറുകൾക്കുള്ളിൽ ശാസനയുമായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം
X

കൊൽക്കൊത്ത: തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ അക്രമസംഭവങ്ങളെ നിയന്ത്രിക്കാൻ സംസ്ഥാനം കൈക്കൊണ്ട നടപടികൾ അറിയിക്കാത്തതിൽ ശാസിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രാലയ സെക്രട്ടറി. മമത ബാനർജി നയിക്കുന്ന തൃണമൂൽ കോൺഗ്രസ്സ് കനത്ത ഭൂരിപക്ഷത്തോടെ വിജയിച്ചതിനെ തുടർന്ന് സംസ്ഥാനത്ത് അക്രമ പരമ്പരകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് അക്രമങ്ങളെ നേരിടാൻ സംസ്ഥാനം സ്വീകരിച്ച മാർഗ്ഗങ്ങൾ ആവശ്യപ്പെട്ടു കൊണ്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം കത്തെഴുതിയിരുന്നു.

എന്നാൽ സംസ്ഥാന സർക്കാർ ഇതിന് മറുപടി നൽകിയില്ലെന്നും അതിനാലാണ് രണ്ടാമത്തെ കത്തയക്കുന്നതെന്നും ആഭ്യന്തര മന്ത്രാലയ സെക്രട്ടറി അജയ് ഭല്ല കത്തിൽ പറയുന്നു. ഇതവഗണിച്ചാൽ പ്രത്യഘാതങ്ങൾ ഗൗരവമാകുമെന്നും അജയ് ഭല്ല സൂചിപ്പിക്കുന്നുണ്ട്. ആദ്യത്തെ കത്തയച്ച് രണ്ട് ദിവസങ്ങൾക്ക്‌ ശേഷമാണ് ആഭ്യന്തര മന്ത്രാലയം വീണ്ടും സംസ്ഥാനത്തിന് ഇതേ വിഷയത്തിൽ കത്തയക്കുന്നത്.

അക്രമം തടയാൻ വേണ്ടത്ര നടപടികൾ സ്വീകരിക്കാത്തതെന്ത് കൊണ്ടാണെന്ന് സംസ്ഥാന ചീഫ് സെക്രട്ടറിയോട് അന്വേഷിച്ച അജയ് ഭല്ല, അക്രമങ്ങൾ ഇനിയും അവസാനിച്ചിട്ടില്ലെന്ന് സൂചിപ്പിക്കുന്ന പുതിയ റിപ്പോർട്ടുകൾ ലഭിച്ചിട്ടുണ്ടെന്നും അറിയിച്ചു. ‘അക്രമം തടയാൻ അടിയന്തര നടപടികൾ കൈക്കൊള്ളുകയും അത് സംബന്ധിച്ച റിപ്പോർട്ട് ഉടൻ അയയ്ക്കുകയും വേണം,’ അജയ് ഭല്ല സൂചിപ്പിക്കുന്നു.

ഫലപ്രഖ്യാപനത്തിന് ശേഷമുണ്ടായ അക്രമത്തെക്കുറിച്ച് അന്വേഷണം നടത്തണമെന്ന് ദേശീയ മനുഷ്യാവകാശ കമ്മീഷനും ഡെപ്യൂട്ടി ഇൻസ്പെക്ടർ ജനറലിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംഭവസ്ഥലത്ത് തന്നെ തുടർന്ന് അന്വേഷണം നടത്തി രണ്ടാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് മനുഷ്യാവകാശ കമ്മീഷൻ ആവശ്യപ്പെട്ടിട്ടുള്ളത്.

അതേസമയം പ്രചരിപ്പിക്കപ്പെടുന്ന ചിത്രങ്ങളും വീഡിയോകളും അധികവും പഴയ സംഭവങ്ങളെ ആസ്പദമാക്കിയാണെന്നും പലതും വ്യജമാണെന്നുമാണ് തൃണമൂൽ കോൺഗ്രസും പൊലീസും പ്രതികരിച്ചത്. എന്നാൽ ഈ വിഷയത്തിൽ മാധ്യമങ്ങൾ സത്യം വെളിപ്പെടുത്തണമെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ ആവശ്യപ്പെട്ടു.

തെരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തെ തുടർന്നുണ്ടായ വിജയാഘോഷങ്ങൾക്കിടയിൽ തങ്ങളുടെ പ്രവർത്തകരെ തൃണമൂൽ കോൺഗ്രസ്സ് പ്രവർത്തകർ ആക്രമിച്ചുവെന്ന് ആരോപിച്ചു ഇടതുപക്ഷവും ബിജെപിയും രംഗത്ത് വന്നിരുന്നു. എന്നാൽ തങ്ങൾക്ക് അക്രമങ്ങളുമായി ഒരു ബന്ധവുമില്ലെന്നും, ജനങ്ങൾ കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു സുരക്ഷിതരായി വീട്ടിൽ തുടരണമെന്നും ടിഎംസി നേതാക്കൾ അറിയിച്ചു.

Next Story