‘ബിജെപി നല്‍കിയ മൊബൈലില്‍’ സുരേന്ദ്രനെതിരെ വീണ്ടും സുന്ദര

മഞ്ചേശ്വരത്തെ മത്സരരംഗത്ത് നിന്നുള്ള പിന്‍മാറ്റത്തില്‍, ബിജെപിയെ പ്രതിരോധത്തിലാക്കി വീണ്ടും കെ സുന്ദര. ബിജെപി സംസ്ഥാന അധ്യക്ഷനായ കെ സുരേന്ദ്രനെതിരെ വെളിപ്പെടുത്തല്‍ നടത്താന്‍ തനിക്കാരും പണം തന്നിട്ടില്ലെന്നും തന്നാലും അത് വാങ്ങില്ലെന്ന് സുന്ദര റിപ്പോര്‍ട്ടര്‍ ടിവി എഡിറ്റേഴ്‌സ് അവറില്‍ പറഞ്ഞു. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് പറയിപ്പിച്ചത് ബിജെപിക്കാരാണെന്നും കെ സുന്ദര പറഞ്ഞു.

“കെ സുരേന്ദ്രനെതിരെ പറയാന്‍ എനിക്ക് ആരും പണം തന്നിട്ടില്ല. തന്നാലും ഞാന്‍ വാങ്ങില്ല. പണം തന്നിട്ടില്ലെന്ന് അമ്മയെ കൊണ്ട് ബിജെപിക്കാര്‍ പറയിപ്പിച്ചതാണ്. അവര്‍ നാട്ടുകാര്‍ തന്നെയാണ്, എപ്പോഴും കാണുന്നവരാണ്. ഇന്ന് പൊലീസിന് നല്‍കിയ മൊഴിയിലും ബിജെപി രണ്ടര ലക്ഷം നല്‍കിയെന്ന് തന്നെയാണ് പറഞ്ഞത്. മൊഴി എവിടെയും മാറ്റില്ല. കോടതിയിലും ആവര്‍ത്തിക്കും. കേസുമായി മുന്നോട്ട് പോകുന്നതില്‍ ഭയമില്ല. പൊലീസ് സംരക്ഷണമുണ്ട്. മൂന്നു പേരാണ് സുരക്ഷയുടെ ഭാഗമായി കൂടെയുള്ളത്. പണം നല്‍കാന്‍ എത്തിയ സംഘത്തില്‍ സുനില്‍ നായിക്കും നാട്ടിലെ പ്രവര്‍ത്തകരുമുണ്ടായിരുന്നു. സുനിലിനെ നേരത്തെ അറിയില്ല. ഇവര്‍ പണം കൈമാറുമ്പോള്‍ സുരേന്ദ്രനാണ് പണം നല്‍കിയതെന്ന് പ്രത്യേകം പറയേണ്ട കാര്യമില്ലല്ലോ. സുരേന്ദ്രന്‍ വിജയിച്ചാല്‍ മംഗലാപുരത്ത് വൈന്‍ ഷോപ്പ് വേണമെന്ന് ഞാന്‍ അങ്ങോട്ടാണ് ആവശ്യപ്പെട്ടത്. കര്‍ണാടകയില്‍ ബിജെപിക്കാര്‍ ഭരിക്കുന്നത് കൊണ്ടാണിത്. കേരളത്തില്‍ ലൈസന്‍സ് കിട്ടില്ല. ബിജെപിക്കാര്‍ നല്‍കിയ സ്മാര്‍ട്ട് ഫോണ്‍ തന്നെയാണ് ഇപ്പോഴും ഉപയോഗിക്കുന്നത്” എന്ന് കെ സുന്ദര.

Latest News