Top

‘പ്രതിസന്ധിയുടെയും ആശങ്കയുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുന്നു’,വികാരാധീനനായി മോദി

വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്മാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

16 Jan 2021 12:55 AM GMT

‘പ്രതിസന്ധിയുടെയും ആശങ്കയുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുന്നു’,വികാരാധീനനായി മോദി
X

ന്യൂ ഡൽഹി : രാജ്യത്തെ കൊവിഡ് വാക്സിനേഷൻ വിതരണത്തിന് ഔദ്യോഗിക തുടക്കം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോഡി. വൈകാരികമായാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. വാക്സിൻ വികസിപ്പിച്ചെടുത്ത ശാസ്ത്രജ്ഞന്മാർക്കും മുൻനിര ആരോഗ്യ പ്രവർത്തകർക്കും അദ്ദേഹം നന്ദി പറഞ്ഞു.

‘പ്രതിസന്ധികളുടെയും ആശങ്കകളുടെയും കാലത്തും സ്വജീവൻ അവഗണിച്ചും ചിലർ പ്രതീക്ഷയുടെ കിരണങ്ങൾ തെളിയിക്കുകയാണ് ‘ അദ്ദേഹം പറഞ്ഞു. ലോകത്തിലെ തന്നെ ബൃഹത്തായ വാക്സിനേഷൻ വിതരണത്തിനാകും ഇന്ത്യയിൽ ഇന്ന് ആരംഭം കുറിക്കുക.

മൂന്ന് കോടിയോളം വരുന്ന മുൻ‌നിര ആരോഗ്യ പ്രവർത്തകർക്കാണ് ഇന്ത്യ ആദ്യഘട്ടത്തിൽ കുത്തിവെപ്പ് നൽകുന്നത്. രാജ്യത്തുടനീളം 3006 കേന്ദ്രങ്ങളാണ് ഇതിനായി സജ്ജീകരിച്ചിരിക്കുന്നത്. ഇവിടെ 100 വ്യക്തികൾക്ക് വീതമാകും വാക്സിൻ നൽകുക.

രാജ്യം വികസിപ്പിച്ചെടുത്ത രണ്ട് തദ്ദേശീയ വാക്സിനുകളായ കോവാക്സിൻ അല്ലെങ്കിൽ കോവിഷീൽഡാകും രജിസ്റ്റർ ചെയ്തിരിക്കുന്നവർക്ക് നൽകുക. ഒരേ വാക്സിന്റെ രണ്ട് ഡോസുകളാണ് കുത്തിവെപ്പെടുക്കുന്നവർ സ്വീകരിക്കേണ്ടത്. രണ്ടു കുത്തിവെപ്പിനുമിടയിൽ 28 ദിവസത്തെ ഇടവേള ഉണ്ടാകും.

രാജ്യത്ത് ഏതാണ്ട് ഒരുകോടിക്ക് മുകളിലാണ് മഹാമാരി ബാധിക്കപ്പെട്ടവരെങ്കിൽ, ഒരുലക്ഷത്തി അൻപത്തിരണ്ടായിരം പേരോളം രോഗം ബാധിച്ചു മരണപ്പെട്ടു. വാക്സിനേഷന്റെ വിതരണവുമായി ബന്ധപ്പെട്ട് കേന്ദ്രം 480 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുള്ളത്.

Next Story