Top

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരോട് ആദരവ്, എല്ലാത്തരം ചർച്ചക്കും തയ്യാർ; പ്രധാനമന്ത്രി

സർക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഗണിക്കാനും, ബോധ്യപ്പെടുത്തിയാൽ തിരുത്താനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു .

10 Feb 2021 6:54 AM GMT

പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന കർഷകരോട് ആദരവ്, എല്ലാത്തരം ചർച്ചക്കും തയ്യാർ; പ്രധാനമന്ത്രി
X

ന്യൂഡൽഹി: പ്രക്ഷോഭത്തിൽ പങ്കെടുക്കുന്ന എല്ലാ കർഷകരോടും സഭക്കും സർക്കാരിനും നിലക്കാത്ത ആദരവുണ്ടെന്ന് പ്രസതാവിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോഡി. ‘ഇക്കാരണത്താൽ സർക്കാരിന്റെ പ്രതിനിധി അവരോടു നിരന്തരമായി ആശയവിനിമയം നടത്തിക്കൊണ്ടിരിക്കുകയാണ്. കൂടാതെ ഈ വിഷയത്തിൽ എല്ലാ ചെറിയ കാര്യങ്ങൾ വരെ ചർച്ച ചെയ്യാനും സർക്കാർ തയ്യാറാണ് ‘ അദ്ദേഹം പറഞ്ഞു.

ലോക് സഭയിൽ നന്ദിപ്രമേയ ചർച്ചക്ക് മറുപടി പറയുകയായിരുന്നു പ്രധാനമന്ത്രി. കാർഷികരംഗം നാളുകളായി നേരിടുന്ന പ്രതിസന്ധികളെ മറികടക്കാനാണ് പുതിയ നിയമങ്ങളെന്നും സർക്കാരിന്റെ ഭാഗത്തുനിന്നും എന്തെങ്കിലും വീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ അത് പരിഗണിക്കാനും, ബോധ്യപ്പെടുത്തിയാൽ തിരുത്താനും സർക്കാർ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു .

‘ഈ മൂന്ന് നിയമങ്ങളും വന്നതിന് ശേഷം രാജ്യത്തെ ഒരു ചന്തകളും നിലച്ചിട്ടില്ല ,ഒരു താങ്ങുവിലയും നിർത്തലാക്കിയിട്ടുമില്ല. കർഷകരിൽ നിന്നും പുതിയ നിയമങ്ങൾ യാതൊന്നും കവർന്നെടുത്തിട്ടില്ല. എല്ലാം പഴയപോലെ തന്നെ നില നിൽക്കുന്നു. കർഷകന് താല്പര്യമുള്ളതും ലാഭകരമായതുമായ തെരഞ്ഞെടുപ്പ് നടത്താനുള്ള സൗകര്യമാണ് ഈ നിയമങ്ങൾ നൽകുന്നത്,’പ്രധാനമന്ത്രി സഭയിൽ പ്രസ്താവിച്ചു.

ഈ വിഷയത്തിൽ പ്രതിപക്ഷം നടത്തുന്ന ബഹളം മനഃപൂർവ്വം ആണെന്നും ഊഹാപോഹങ്ങൾ പരത്തി ജനങ്ങൾക്കിടയിൽ അനാവശ്യമായ ഭയം ഉണർത്തുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.

Next Story