‘പുത്തരിക്കണ്ടം മൈതാനത്തിലെ പ്രസംഗം ബജറ്റില്‍, പവിത്രത നശിപ്പിച്ചു’; വിഡി സതീശന്‍

സംസ്ഥാന സര്‍ക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തിനെതിരെ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ബജറ്റ് പ്രസംഗത്തില്‍ രാഷ്ട്രീയം കുത്തി നിറച്ചെന്നും ബജറ്റിന്റെ പവിത്രത നശിപ്പിച്ചെന്നും വിഡി സതീശന്‍ വിമര്‍ശിച്ചു. ഒപ്പം ബജറ്റിലെ സാമ്പത്തിക കാര്യങ്ങളില്‍ വ്യക്തതയില്ലെന്നും വിഡി സതീശന്‍ ആരോപിച്ചു.

‘നയപ്രഖ്യാപനം നടത്തിയപ്പോള്‍ ഞങ്ങള്‍ ഒരു അഭിപ്രായം പറഞ്ഞു. സര്‍ക്കാരിന് സ്ഥലജന വിഭ്രാന്തിയാണോയെന്ന്. ബജറ്റില്‍ പറയേണ്ടത് നയപ്രഖ്യാപനത്തിലും നയപ്രഖ്യാപനത്തില്‍ പറയേണ്ടത് ബജറ്റിലും ആയിരുന്നു പറഞ്ഞിരുന്നത്. ഇപ്പോള്‍ നയപ്രഖ്യാപനവും ബജറ്റും രാഷ്ട്രീയ പ്രസംഗവും കൂടിയാണ്. പുത്തരിക്കണ്ടം മൈതാനത്തില്‍ പ്രസംഗിക്കേണ്ടത് ബജറ്റിലൂടെ അവതരിപ്പിച്ചു. ശരിയായ രാഷ്ട്രീയ പ്രസംഗമാണ് ബജറ്റിന്റെ ആദ്യ ഭാഗം. ഭരണഘടനയനുസരിച്ച് വാര്‍ഷിക സാമ്പത്തിക പ്രഖ്യാപനമാണ് ബജറ്റ്. അതിന്റെ പവിത്രത തകര്‍ക്കുന്ന രീതിയില്‍ രാഷ്ട്രീയം കുത്തി നിറച്ചത് ശരിയായില്ല,’ വിഡി സതീശന്‍ പറഞ്ഞു.

ഒപ്പം ബജറ്റ് പ്രഖ്യാപനത്തിലെ സാമ്പത്തിക അവ്യക്തകളെയും വിഡി സതീശന്‍ ചൂണ്ടിക്കാട്ടി. ‘ബജറ്റിലെ സാമ്പത്തിക കാര്യങ്ങളിലെ അവ്യക്തത വളരെ വ്യക്തമാണ്. ഇപ്പോള്‍ പ്രഖ്യാപിക്കപ്പെട്ട ബജറ്റില്‍ അധിക ചെലവ് 1715 കോടി രൂപ എന്നാണ് പറഞ്ഞിരിക്കുന്നത്. 20000 കോടി രൂപയുടെ ഉത്തേജക പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. അത് അധിക ചെലവല്ലേ. ഇതുകൂടെ ഉണ്ടായിരുന്നെങ്കില്‍ 21715 കോടി രൂപയായേനെ. റവന്യൂ കമ്മി കാണിച്ചിരിക്കുന്നത് 16910 കോടി രൂപയാണ്. അതിനോട് 20000 കോടി രൂപ കൂട്ടിയിരുന്നെങ്കില്‍ 370000 കോടിയോളം രൂപയായി,’ വിഡി സതീശന്‍ പറഞ്ഞു.

Latest News