Top

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ: 22 ഭാഷകളിലും കരട് വിവർത്തനം ചെയ്യുന്നതിൽ എന്താണ് ദോഷമെന്ന് ദില്ലി ഹൈക്കോടതി

ഇഐഎയുടെ കരട് 22 ഭാഷകളിലും വിവർത്തനം ചെയ്യാനുള്ള കോടതി ഉത്തരവിനെ കേന്ദ്രം എന്തുകൊണ്ട് ശക്തമായി എതിർക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു.

27 Jan 2021 3:03 AM GMT

പാരിസ്ഥിതിക ആഘാത വിലയിരുത്തൽ: 22 ഭാഷകളിലും കരട് വിവർത്തനം ചെയ്യുന്നതിൽ എന്താണ് ദോഷമെന്ന് ദില്ലി ഹൈക്കോടതി
X

ന്യൂ ഡൽഹി: പാരിസ്ഥിതിക ആഘാത വിലയിരുത്തൽ (EIA) ന്റെ കരട് എല്ലാ പ്രാദേശിക ഭാഷകളിലും തയ്യാറാക്കുന്നതിൽ കേന്ദത്തിന് ഉള്ള എതിർപ്പിനെ ചോദ്യം ചെയ്‌ത്‌ ദില്ലി ഹൈക്കോടതി. ചീഫ് ജസ്റ്റിസ് ഡി എൻ പട്ടേൽ, ജസ്റ്റിസ് പ്രതീക് ജലൻ എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് ഇഐഎയുടെ കരട് സംബന്ധിച്ച പ്രാദേശിക എതിർപ്പുകൾ സർക്കാർ മനസിലാക്കേണ്ടതുണ്ടെന്നും അതിനാൽ 22 ഭാഷകളിലും ഇത് വിവർത്തനം ചെയ്യുന്നതിൽ എന്താണ് ദോഷമെന്നും ചോദിച്ചത്.

ഭരണഘടനയുടെ എട്ടാം ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്ന 22 ഭാഷകളിലും ഇഐഎയുടെ കരട് വിവർത്തനം ചെയ്യാനുള്ള കോടതി ഉത്തരവിനെ കേന്ദ്രം എന്തുകൊണ്ട് ശക്തമായി എതിർക്കുന്നുവെന്ന് മനസ്സിലാകുന്നില്ലെന്ന് കോടതി ആശങ്ക പ്രകടിപ്പിച്ചു. എന്നാൽ ഈ വിഷയത്തിൽ നിലവിൽ 20 ലക്ഷത്തിന് മേൽ പ്രതികരണങ്ങൾ ലഭിച്ചു കഴിഞ്ഞുവെന്നും അതിനാൽ മറ്റു ഭാഷകളിലേക്ക് വിവർത്തനം ചെയ്യണ്ട ആവശ്യം ഇനിയില്ലെന്നും കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ അഡിഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ്മ കോടതിയെ അറിയിച്ചു.

കൂടാതെ 22 ഭാഷകളിലേക്കും വിവർത്തനം നടത്താൻ ഭരണ പരമായി കൂടുതൽ ബുദ്ധിമുട്ടുകൾ ഉണ്ടെന്നും അതിനുള്ള ധനാഗമന മാർഗ്ഗങ്ങൾ ഇല്ലെന്നും അദ്ദേഹം അറിയിച്ചു. മാത്രമല്ല ‘അറിയിപ്പുകൾ’ എല്ലാ ഭാഷകളിലേക്കും വിവർത്തനം നടത്തണമെന്ന് ഭരണഘടന ആവശ്യപ്പെടുന്നില്ലെന്നും അദ്ദേഹം സൂചിപ്പിച്ചു.

എന്നാൽ ഈ തടസ്സവാദങ്ങളൊന്നും തന്നെ കോടതി അംഗീകരിച്ചില്ല. ആധുനിക കാലത്ത് ഇത്തരം കാര്യങ്ങൾ നടത്താൻ യാതൊരു വിധ തടസ്സങ്ങളും ഇല്ലെന്ന് നിരീക്ഷിച്ച കോടതി, എല്ലാ ഭാഷകളിലേക്കും കരട് വിജ്ഞാപനം വിവർത്തനം ചെയ്യാൻ കേന്ദ്രം ഉന്നയിക്കുന്ന തടസ്സവാദങ്ങൾ എന്തെല്ലാമെന്ന് ഫെബ്രുവരി 25നകം അറിയിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

‘അന്തിമ’ വിജ്ഞാപനത്തിന്റെ വിവർത്തനത്തെപ്പറ്റി ഭരണഘടന പറയുന്നുണ്ടെങ്കിലും പൊതുജനാഭിപ്രായ രൂപീകരണത്തിനായി സമർപ്പിച്ചിരിക്കുന്ന വിജ്ഞാപനങ്ങളുടെ ‘കരട് ‘ വിവർത്തനം ചെയ്യരുതെന്ന് ഭരണഘടന പറയുന്നില്ലെന്നും വാദത്തിനിടെ കോടതി ചൂണ്ടിക്കാട്ടി. എല്ലാവർക്കും മനസ്സിലാക്കാനും പ്രതികരിക്കാനുമുള്ള സൗകര്യത്തിന് പ്രാദേശിക ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് സർക്കാരെന്തിനാണ് പ്രതിരോധം തീർക്കുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും കോടതി പറഞ്ഞു.

Next Story